നിരാശയുടെ പടുകുഴിയിൽ മുംബൈ ആരാധകർ; സൂപ്പര്‍ താരം ബെല്‍ജിയത്തിൽ ശസ്ത്രക്രിയക്ക് വിധേയനായി, റിപ്പോർട്ട്

By Web Team  |  First Published Apr 26, 2023, 2:27 PM IST

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇത്തവണ മുംബൈ ബൗളിംഗ് ആക്രമണത്തെ ആര്‍ച്ചര്‍ നയിക്കുമെന്നാണ് ടീം കരുതിയിരുന്നത്. എന്നാല്‍, വീണ്ടും താരത്തെ പരിക്ക് വലയ്ക്കുകയാണ്.


മുംബൈ: പരിക്ക് വലയ്ക്കുന്ന ജോഫ്ര ആര്‍ച്ചർ മുംബൈ ക്യാമ്പിൽ നിന്ന് ബെല്‍ജിയത്തിലേക്ക് പോയതായി റിപ്പോര്‍ട്ട്. കൈമുട്ടിന് പരിക്കേറ്റ ജോഫ്ര ആർച്ചര്‍ ഒരു വർഷത്തിലേറെയായി കളത്തിന് പുറത്തായിരുന്നു. ഇതിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ പഴയ മൂര്‍ച്ച പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ഒരു സീസണ്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടും മെഗാ ലേലത്തില്‍ ഒരുപാട് പ്രതീക്ഷകളോടെയാണ് ആര്‍ച്ചറെ മുംബൈ ടീമില്‍ എത്തിച്ചത്.

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇത്തവണ മുംബൈ ബൗളിംഗ് ആക്രമണത്തെ ആര്‍ച്ചര്‍ നയിക്കുമെന്നാണ് ടീം കരുതിയിരുന്നത്. എന്നാല്‍, വീണ്ടും താരത്തെ പരിക്ക് വലയ്ക്കുകയാണ്. ടീം ക്യാമ്പില്‍ നിന്ന് ബെല്‍ജിയത്തിലേക്ക് പോയ ആര്‍ച്ചര്‍ തിരികെ വരും മുമ്പ് അവിടെയൊരു മെഡിക്കല്‍ പ്രോസീജ്യറിന് വിധേയനായെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളത്. ചെറിയൊരു ശസ്ത്രക്രിയക്ക് വേണ്ടിയാണ് ആര്‍ച്ചര്‍ ബെല്‍ജിയത്തിലേക്ക് പോയതെന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Videos

undefined

25 മാസത്തിനിടെ താരം അഞ്ചാമത്തെ ശസ്ത്രക്രിയക്കാണ് വിധേയനായത്. ബെല്‍ജിയത്തിലെത്തി താരം ഡോക്ടറെ കണ്ടതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍സിബിക്കെതിരെയുള്ള മത്സരത്തിന് ശേഷം തുടര്‍ച്ചയായ നാല് കളികളില്‍ ആര്‍ച്ചര്‍ മുംബൈ ടീമിലുണ്ടായിരുന്നില്ല. ശനിയാഴ്ച പഞ്ചാബിനെതിരെ താരം നാല് ഓവര്‍ എറിഞ്ഞെങ്കിലും പഴയ ശൗര്യം പുറത്തെടുക്കാനും സാധിച്ചില്ല.

ഗുജറാത്തിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ആറര്‍ച്ചറിന് ടീം വിശ്രമം നല്‍കുകയായിരുന്നു. മത്സരത്തില്‍ മുംബൈ 55 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അവസാന ഓവറുകളില്‍ ഗുജറാത്ത് ആളിക്കത്തിയതോടെ മുംബൈ ബൗളര്‍മാര്‍ക്ക് മറുപടിയില്ലാതെ പോയതാണ് തോല്‍വിയുടെ സുപ്രധാന കാരണമായത്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് ടോപ് സ്കോറർ. ടൈറ്റന്‍സിനായി നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

കട്ടക്കലിപ്പൻ! ഇത് ക്യാപ്റ്റൻ കൂള്‍ തന്നെയോ? സഹതാരത്തോട് ചൂടാകുന്ന എം എസ് ധോണി, ആരാധകരെ ഞെട്ടിച്ച് വീഡിയോ

click me!