ഐപിഎല്‍ 2023 സീസണ്‍ മുന്നോട്ട് പോകുമ്പോള്‍ 29കാരനായ പഞ്ചാബ് കിംഗ്സിന്‍റെ ജിതേഷ് ശര്‍മ്മയും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന പൊസിഷനിലേക്ക് അവകാശവാദം ഉന്നയിക്കുകയാണ്
മുംബൈ: റിഷഭ് പന്തിന് പിന്നാലെ ഐപിഎല്ലിനിടെ കെ എല്‍ രാഹുലിനും പരിക്കേറ്റത് ഇന്ത്യക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. റിഷഭ് പന്ത് ഇനി കളിക്കളത്തിലേക്ക് എന്ന് തിരിച്ചെത്തുമെന്ന് വ്യക്തമല്ലാത്തതിനാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളാണ് കെ എല്‍ രാഹുലും ഇഷാൻ കിഷനും സഞ്ജു സാംസണും. ഇപ്പോള്‍ കെ എല്‍ രാഹുലും പരിക്കേറ്റതോടെ ഇഷാൻ കിഷനും സഞ്ജു സാംസണുമാണ് പട്ടികയിലെ ആദ്യ പേരുകാര്‍.
എന്നാല്‍, ഐപിഎല്‍ 2023 സീസണ്‍ മുന്നോട്ട് പോകുമ്പോള്‍ 29കാരനായ പഞ്ചാബ് കിംഗ്സിന്‍റെ ജിതേഷ് ശര്‍മ്മയും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന പൊസിഷനിലേക്ക് അവകാശവാദം ഉന്നയിക്കുകയാണ്. ശ്രീലങ്കയ്ക്ക് എതിരെ ഈ വര്‍ഷം ആദ്യം നടന്ന ട്വന്‍റി 20 പരമ്പരക്കിടെ സഞ്ജു സാംസണ് പരിക്കേറ്റപ്പോള്‍ ഇന്ത്യൻ ടീമിലെത്തിയ താരമാണ് ജിതേഷ്. എന്നാല്‍, താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളിലൂടെ സെലക്ടര്‍മാരുടെ കണ്ണിലുടക്കാനാണ് പരിശ്രമങ്ങള്‍ താരം തുടരുകയാണ്.
undefined
ഐപിഎല്ലില്‍ 2017ല്‍ മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ് അംഗമായിരുന്നു ജിതേഷ്. ഇതിന് ശേഷം പഞ്ചാബ് കിംഗ്‌സില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെയായിരുന്നു പഞ്ചാബ് കുപ്പായത്തില്‍ താരത്തിന്‍റെ അരങ്ങേറ്റം. അന്ന് 17 പന്തില്‍ 26 റണ്‍സ് കുറിച്ചു. ഇതുവരെ പഞ്ചാബ് കിംഗ്‌സിനായി 22 മത്സരങ്ങള്‍ കളിച്ച താരം 473 റണ്‍സ് നേടി. ഈ സീസണില്‍ മുംബൈക്കെതിരെ 27 പന്തില്‍ പുറത്താവാതെ 49 റണ്‍സ് നേടിയതാണ് ഏറ്റവും മികച്ച പ്രകടനം.
ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയ്ക്കായി കളിക്കുന്ന താരം സ്ഥിരതയുള്ള ബാറ്ററാണ്. 2012-13 സീസണില്‍ കുച്ച് ബിഹാര്‍ ട്രോഫിയില്‍ 12 ഇന്നിംഗ്‌സുകളില്‍ 537 റണ്‍സ് നേടിയാണ് താരം വിദര്‍ഭ സീനിയര്‍ ടീമില്‍ ഇടംപിടിച്ചത്. 2014ല്‍ ആഭ്യന്തര ടി20യിലും വിജയ് ഹസാരെയിലും അരങ്ങേറി. 2015-16 സീസണില്‍ മുഷ്‌താഖ് അലി ട്രോഫിയിലെ ഉയര്‍ന്ന മൂന്നാമത്തെ റണ്‍വേട്ടക്കാരനായിരുന്നു. 140 സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും സഹിതം 343 റണ്‍സാണ് അന്ന് ജിതേഷ് നേടിയത്.
ഇതോടെയാണ് 2016ലെ താരലേലത്തില്‍ ജിതേഷിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. പിന്നീട് പഞ്ചാബ് കിംഗ്‌സിലെത്തുകയായിരുന്നു. ഈ സീസണില്‍ പഞ്ചാബിന്‍റെ ഫിനിഷര്‍ എന്ന ഉത്തരവാദിത്തം കൂടെ ജിതേഷിനുണ്ട്. മുംബൈക്കെതികെ 27 പന്തില്‍ 41, ചെന്നൈക്കെതിരെ 10 പന്തില്‍ 21, സൂപ്പര്‍ ജയന്‍റ്സിനെതിരെ 10 പന്തില്‍ 24 എന്നിങ്ങനെ ഫിനിഷര്‍ എന്ന നിലയില്‍ മിന്നിത്തിളങ്ങാനും താരത്തിന് സാധിക്കുന്നുണ്ട്.