ഗില്ലും കോലിയുമൊന്നുമല്ല, ഐപിഎല്ലിലെ ഇഷ്ടതാരത്തെ തെരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്

By Web Team  |  First Published May 29, 2023, 1:10 PM IST

രാജസ്ഥാന്‍ റോയല്‍സിനായി ഇത്തവണ റണ്‍സടിച്ചുകൂട്ടിയ യുവതാര യശസ്വി ജയ്സ്വാളിനെയാണ് ഡിവില്ലിയേഴ്സ് തന്‍റെ പ്രിയ താരമായി തെരഞ്ഞെടുത്തത്. മറ്റാരെക്കാളും എന്നെ ആകര്‍ഷിച്ചത് യശസ്വിയുടെ ബാറ്റിംഗായിരുന്നു.


അഹമ്മദാബാദ്: ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ താരങ്ങള്‍ നിരവധി പേരുണ്ട്. അതില്‍ മുമ്പില്‍ ഗുജറാത്തിന്‍റെ ഓപ്പണറായ ശുഭ്മാന്‍ ഗില്ലും കൊല്‍ക്കത്തയുടെ ഫിനിഷറായ റിങ്കു സിംഗും  ചെന്നൈയുടെ ഓപ്പണറായ റുതുരാജ് ഗെയ്ക്‌വാദും അവര്‍ക്കൊപ്പം പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് വിരാട് കോലിയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും വിസ്മയിപ്പിച്ച ഫാഫ് ഡൂപ്ലെസിയുമെല്ലാം ഉണ്ട്. എന്നാല്‍ ഇവരാരുമല്ല ഇത്തവണത്തെ ഐപിഎല്ലില്‍ തന്‍റെ പ്രിയപ്പെട്ട താരമെന്നും അത് ഇതുവരെ ഇന്ത്യന്‍ ക്യാപ് അണിയാത്ത ഒരു യുവതാരമാണെന്നും തുറന്നു പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസമായ എ ബി ഡിവില്ലിയേഴ്സ്. ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിവില്ലിയേഴ്സ് ഈ സീസണിലെ തന്‍റെ പ്രിയപ്പെട്ട താരത്തെ തെരഞ്ഞെടുത്തത്.

രാജസ്ഥാന്‍ റോയല്‍സിനായി ഇത്തവണ റണ്‍സടിച്ചുകൂട്ടിയ യുവതാര യശസ്വി ജയ്സ്വാളിനെയാണ് ഡിവില്ലിയേഴ്സ് തന്‍റെ പ്രിയ താരമായി തെരഞ്ഞെടുത്തത്. മറ്റാരെക്കാളും എന്നെ ആകര്‍ഷിച്ചത് യശസ്വിയുടെ ബാറ്റിംഗായിരുന്നു. ചെറുപ്രായമാണെങ്കിലും അവന്‍റെ കൈയിലില്ലാത്ത ഷോട്ടുകളില്ല. അതുപോലെ ഗ്രൗണ്ടിലും ക്രീസിലും ശാന്തതയോടെ നില്‍ക്കുന്ന അവന്‍റെ പ്രകടനം എനിക്കേറെ ഇഷ്ടമാണ്. ബൗളര്‍മാര്‍ക്കുമേല്‍ അവന്‍ നേടിയ ആധിപത്യവും നിയന്ത്രണവും വിസ്മയിപ്പിക്കുന്നതാണ്.

Latest Videos

undefined

യശസ്വിയുമായി താരതമ്യം ചെയ്യുമ്പോള്‍ ശുഭ്മാന്‍ ഗില്ലിന് കുറച്ചു കൂടി പ്രായമുണ്ട്. അതുകൊണ്ടുതന്നെ അവന് മുന്നേറാന്‍ ഇനിയുമേറെ ദൂരമുണ്ട്. പക്ഷെ മഹാനായ താരമാകാനുള്ള എല്ലാ കവിവുകളുമുള്ള താരമാണ് യശസ്വിയെന്നും എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു. സീസണില്‍ രാജസ്ഥാനുവേണ്ടി 14 കളികളില്ർ 625 റണ്‍സടിച്ച യശസ്വി ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും നേടിയിരുന്നു. 163.61 പ്രഹരശേഷിയില്‍ 48.08 ശരാശരിയില്‍ റണ്‍സടിച്ചുകൂട്ടിയ യശസ്വി ഐപിഎല്‍ റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തെത്തി. റുതുരാജ് ഗെയ്ക്‌‌വാദ് പിന്‍മാറിയതോടെ ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്‍റെ കരുത്തില്‍ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് ഓപ്പണറായും യശസ്വിക്ക് ഇടം ലഭിച്ചിരുന്നു.

രോഹിത് നായകന്‍, ടീമില്‍ 4 ഇന്ത്യന്‍ താരങ്ങള്‍ മാത്രം; ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ഇലവനെ തെരഞ്ഞെടുത്ത് പോണ്ടിംഗ്

ജോസ് ബട്‌ലറും ക്യാപ്റ്റന്‍ സഞ്ജു സാംസണുമെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന സീസണില്‍ രാജസ്ഥാനെ 14 പോയന്‍റുമായി അഞ്ചാം സ്ഥാനത്തെത്തിച്ചത് യശസ്വിയുടെ ബാറ്റിംഗായിരുന്നു. അനായാസം ജയിക്കാമായിരുന്ന രണ്ട് കളികളില്‍ വിജയം കൈവിട്ടതാണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാന് ഇത്തവണ പ്ലേ ഓഫ് ബെര്‍ത്ത് നഷ്ടമാക്കിയത്.

click me!