ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് കെയ്‌ല്‍ മയേഴ്‌സ് കൂറ്റനടികളുമായി തകര്‍പ്പന്‍ തുടക്കം നല്‍കിയപ്പോള്‍ അദേഹത്തെ പുറത്താക്കി ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത് മൊയീന്‍ അലിയായിരുന്നു
ചെന്നൈ: ഐപിഎല്ലില്‍ ചെപ്പോക്കിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 12 റണ്‍സിന് വിജയിച്ചപ്പോള്‍ കളിയിലെ താരം ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയായിരുന്നു. ബാറ്റിംഗില്‍ 13 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 19 റണ്‍സെടുത്ത് പുറത്തായ അലി ബൗളിംഗില്‍ 4 ഓവറില്‍ 26 റണ്‍സിന് നാല് പേരെ പുറത്താക്കി തിളങ്ങുകയായിരുന്നു. ഇതോടെ സീസണില്‍ സിഎസ്‌കെയുടെ ഏറ്റവും മൂല്യമുള്ള താരമായി അലി മാറുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് വിന്‍ഡീസ് താരം കെയ്‌ല്‍ മയേഴ്‌സ് കൂറ്റനടികളുമായി തകര്‍പ്പന്‍ തുടക്കം നല്‍കിയപ്പോള്‍ അദേഹത്തെ പുറത്താക്കി ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത് മൊയീന്‍ അലിയായിരുന്നു. ഇതിന് ശേഷം കെ എല്‍ രാഹുല്‍, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരേയും പുറത്താക്കി നിര്‍ണായക സമയങ്ങളില്‍ ധോണിക്ക് ആശ്വാസം നല്‍കാന്‍ മൊയീന്‍ അലിക്കായി. ഈ സീസണില്‍ ചെന്നൈ പ്രതീക്ഷയോടെ എത്തിച്ച പ്ലെയര്‍ ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍ ബെന്‍ സ്റ്റോക്‌സായിരുന്നു എങ്കിലും മത്സരം മാറ്റിമറിക്കുന്നത് അലിയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റ് കൊണ്ട് ചലനം സൃഷ്‌ടിക്കാന്‍ സ്റ്റോക്‌സിനായില്ല.
ചുരുങ്ങിയ പന്തുകളില്‍ അതിവേഗം സ്കോര്‍ ചെയ്യുന്ന ബാറ്ററാണ് മൊയീന്‍ അലി. പവര്‍പ്ലേയ്‌ക്കിടെ വിക്കറ്റ് നഷ്‌ടമായാല്‍ സിഎസ്‌കെയ്‌ക്ക് ഏറ്റവും വിശ്വസിച്ച് ഇറക്കാന്‍ കഴിയുന്നത് അലിയെയാണ്. സ്‌പിന്നര്‍മാരെ ഹിറ്റ് ചെയ്യാന്‍ അനായാസം താരത്തിന് കഴിയും. ഇതിനൊപ്പം നാല് ഓവര്‍ പന്തെറിയാനും കഴിയുന്നതോടെ ടീമിന്‍റെ ബാലന്‍സ് നിലനിര്‍ത്തുന്ന താരമാകുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യ മത്സരത്തില്‍ പന്തെറിഞ്ഞില്ലെങ്കിലും ചെപ്പോക്കിലെ സാഹചര്യത്തില്‍ ലഖ്‌നൗവിനെതിരെ അലിയെ വിശ്വസിച്ച് പന്തേല്‍പിക്കുകയായിരുന്നു നായകന്‍ എംഎസ്‌ഡി. രവീന്ദ്ര ജഡേജയെ പോലൊരു മാച്ച് വിന്നറാണ് എന്നതിനാല്‍ എല്ലാ മത്സരത്തിലും അലിയെ പ്ലേയിംഗ് ഇലവനില്‍ ഇറക്കാനും സിഎസ്‌കെയ്‌ക്ക് കഴിയും.
കെകെആറിന് എതിരായ മത്സരത്തിന് മുമ്പ് ആര്‍സിബിക്ക് അടുത്ത തിരിച്ചടി; പേസറും കളിക്കില്ല