ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീം ഇപ്പോള്‍ പ്ലേ ഓഫ് കാണുമോയെന്ന സംശയത്തിലാണ്. അതേസമയം, അടിവാരം ടീമുകളുടെ പോരുകള്‍ എന്നൊക്കെ കളിയാക്കല്‍ നേരിട്ട ചിലര്‍ പ്ലേ ഓഫ് എന്ന വലിയ സ്വപ്നം കണ്ട് തുടങ്ങുകയും ചെയ്തു
ജയ്പുര്‍: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണിലൂടെയാണ് ക്രിക്കറ്റ് ആരാധകര്‍ കടന്ന് പോകുന്നത്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീം ഇപ്പോള്‍ പ്ലേ ഓഫ് കാണുമോയെന്ന സംശയത്തിലാണ്. അതേസമയം, അടിവാരം ടീമുകളുടെ പോരുകള്‍ എന്നൊക്കെ കളിയാക്കല്‍ നേരിട്ട ചിലര്‍ പ്ലേ ഓഫ് എന്ന വലിയ സ്വപ്നം കണ്ട് തുടങ്ങുകയും ചെയ്തു. ഏറെക്കുറെ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേ ഓഫ് കടമ്പ കടക്കുമെന്ന് ഉറപ്പ് വന്നിട്ടുള്ള ടീം.
അവസാന സ്ഥാനങ്ങളിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും പോലും എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ പ്ലേ ഓഫ് കടക്കാനുള്ള അവസരം തെളിയും. ചെന്നൈ സൂപ്പര്‍ കിംഗ്സിനും വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ അവസാന നാലില്‍ എത്താം. രാജസ്ഥാന്‍റെ അവസ്ഥയാണ് ഏറെ ദയനീയം. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാലേ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. 11ന് കൊല്‍ക്കത്തക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലും 14ന് ബാംഗ്ലൂരിനെതിരെ ജയ്പൂരിലും 19ന് പഞ്ചാബ് കിംഗ്സിനെതിരെ ധരംശാലയിലുമാണ് രാജസ്ഥാന്‍റെ ഇനിയുള്ള മത്സരങ്ങള്‍.
undefined
നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും അഞ്ചാമതും ആറാമതും ഏഴാമതുമുള്ള ബാഗ്ലൂര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ക്കും രാജസ്ഥാനൊപ്പം 10 പോയന്‍റുണ്ട്. ഇവരെല്ലാം ഒരു മത്സരം കുറച്ചെ കളിച്ചിട്ടുള്ളു എന്ന ആനുകൂല്യവുമുണ്ട്. മാത്രമല്ല, നാലു കളികള്‍ ബാക്കിയുള്ള കൊല്‍ക്കത്തക്കും ഹൈദരാബാദിനും ഡല്‍ഹിക്കും എട്ടു പോയന്‍റ് വീതമുള്ളതിനാല്‍ ഇനിയുള്ള എല്ലാ കളികളും ജയിച്ചാല്‍ ഇവര്‍ക്കും 16 പോയന്‍റ് സ്വന്തമാക്കി പ്ലേ ഓഫിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കാം.
അവസാന മത്സരത്തില്‍ തോറ്റെങ്കിലും മുംബൈക്കും ഇനിയുള്ള മത്സരങ്ങളിലെ മികച്ച പ്രകടനം കൊണ്ട് പ്ലേ ഓഫ് കടമ്പ കടക്കാവുന്നതാണ്. മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമായി നില്‍ക്കുന്നുണ്ടെങ്കിലും എല്‍എസ്ജിക്കും രാജസ്ഥാൻ റോയല്‍സിനും എപ്പോള്‍ വേണെങ്കിലും സ്ഥാനം നഷ്ടമാകുമെന്ന അവസ്ഥയാണ്. ഇരു ടീമുകളും 11 മത്സരങ്ങള്‍ വീതം കളിച്ചു കഴിഞ്ഞു. അതേ പോയിന്‍റുകളുള്ള ആര്‍സിബി, മുംബൈ, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്ക് അടുത്ത മത്സരങ്ങള്‍ ഇതോടെ നിര്‍ണായകാണ്. ഇന്ന് കൊല്‍ക്കത്തയെ തോല്‍പ്പിച്ചാല്‍ പഞ്ചാബിന് ആദ്യ നാലിലേക്ക് കടക്കാം. മുംബൈയും ബാംഗ്ലൂരും തമ്മിലുള്ള വമ്പൻ പോര് ഇരു ടീമുകളുടെയും മുന്നോട്ടുള്ള യാത്രയ്ക്ക് വളരെ നിര്‍ണായകമാണ്.