മുംബൈ ഇന്ത്യന്‍സിന്‍റെ തിലകക്കുറിയായി തിലക് വര്‍മ്മ; പിന്നിലെ കരുത്ത് സച്ചിനും രോഹിത്തും

By Web Team  |  First Published Apr 19, 2023, 5:21 PM IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് തിലക് വര്‍മ്മ


ഹൈദരാബാദ്: ഐപിഎല്‍ മികവിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വാഗ്‌ദാനമായി വാഴ്‌ത്തപ്പെടുകയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ തിലക് വര്‍മ്മ. കഴിഞ്ഞ സീസണില്‍ കാഴ്‌ചവെച്ച മികച്ച പ്രകടനം ഐപിഎല്‍ 2023ലും മുംബൈ ടീമിനായി തുടരുകയാണ് താരം. ഈ സീസണില്‍ സ്ഥിരതയോടെ കളിക്കുന്ന താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ 17 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 37 റണ്‍സെടുത്തിരുന്നു. ഈ സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ 53.50 ശരാശരിയിലും 158.52 സ്ട്രൈക്ക് റേറ്റിലും 214 റണ്‍സ് ഇരുപതുകാരനായ താരം നേടിക്കഴിഞ്ഞു. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് തിലക് വര്‍മ്മ. 'മുംബൈ ഇന്ത്യന്‍സ് എപ്പോഴും എന്നെ സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഞാനൊരു യുവതാരമാണ് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഞങ്ങള്‍ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കറുണ്ട്, രോഹിത് ഭായിയുണ്ട്. എപ്പോഴും ശാന്തനായി ഇരിക്കാനും ചിരിയോടെ സാഹചര്യങ്ങളെ നേരിടാനുമാണ് അവര്‍ പറഞ്ഞിട്ടുള്ളത്. അതേറെ സഹായകമാവുകയും ചെയ്‌തു' എന്നാണ് സണ്‍റൈസേഴ്‌സിന് എതിരായ മത്സര ശേഷം തിലക് വര്‍മ്മയുടെ വാക്കുകള്‍. ഐപിഎല്ലില്‍ 2022ലെ അരങ്ങേറ്റ സീസണില്‍ 14 കളിയില്‍ 36.09 ശരാശരിയിലും 131.32 പ്രഹരശേഷിയിലും 397 റണ്‍സ് തിലക് വര്‍മ്മ സ്കോര്‍ ചെയ്‌തിരുന്നു. 

Latest Videos

undefined

ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തോടെ മുംബൈ ഇന്ത്യന്‍സ് 2023 സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദില്‍ നടന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സിനെ 14 റണ്‍സിന് തകര്‍ത്താണ് മുംബൈ സീസണിലെ മൂന്നാം ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ കാമറൂണ്‍ ഗ്രീനിന്‍റെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദ് 19.5 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. 48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ക്രീസില്‍ ഗ്രീനിനൊപ്പം തിലക് കൂടിച്ചേര്‍ന്നതോടെയാണ് മുംബൈ മികച്ച സ്കോറിലേക്ക് കുതിച്ചത്. 

Read more: തിരിച്ചുവരുന്നു പ്രസിദ്ധ് ക‍ൃഷ്‌ണ? ഒടുവിലാ സസ്‌പെന്‍സ് പൊളിച്ച് രാജസ്ഥാന്‍ റോയല്‍സ്

click me!