എന്തുകൊണ്ട് തോറ്റു; കാരണവുമായി കെ എല്‍ രാഹുല്‍, ക്യാപ്റ്റന്‍ കൈകഴുകുന്നോ?

By Web Team  |  First Published Apr 5, 2023, 11:32 AM IST

സിഎസ്‌കെയ്‌ക്കെതിരെ എന്തുകൊണ്ട് തോറ്റു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍


ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണ്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ജയത്തോടെ തുടങ്ങിയ ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയം നേരിട്ടു. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ലഖ്‌നൗവിന്‍റെ തോല്‍വി. സിഎസ്‌കെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 217 റണ്‍സെടുത്തപ്പോള്‍ ലഖ്‌നൗവിന്‍റെ മറുപടി 20 ഓവറില്‍ 7 വിക്കറ്റിന് 205ലൊതുങ്ങി. സിഎസ്‌കെയ്‌ക്കെതിരെ എന്തുകൊണ്ട് തോറ്റു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍. 

'ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ടീം നന്നായി ബാറ്റ് ചെയ്‌തു. എന്നാല്‍ ചെറിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനായില്ല. മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ പോയി. നാലഞ്ച് താരങ്ങള്‍ ബൗണ്ടറിലൈന്‍ ക്യാച്ചുകളില്‍ മടങ്ങി. അവരെല്ലാം അടുത്ത തവണ സിക്‌സര്‍ പറത്തണം. കെയ്‌ല്‍ മയേഴ്‌സ് മികച്ച ഫോമിലാണ്. വെസ്റ്റ് ഇന്‍ഡീസിനായുള്ള ഫോം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായും തുടരുകയാണ്. അവസരങ്ങള്‍ മയേഴ്‌സ് നന്നായി ഉപയോഗിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ബിഷ്‌ണോയിക്കൊപ്പം കുറച്ച് കാലമായി കളിക്കുന്നു. അദേഹം റണ്ണൊഴുക്ക് തടയുകയും വിക്കറ്റ് നേടുകയും ചെയ്യുന്നു. വ്യത്യസ്‌ത താരങ്ങള്‍ മികവിലേക്ക് ഉയരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്' എന്നും കെ എല്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 18 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 20 റണ്‍സ് മാത്രം നേടി മടങ്ങിയ രാഹുല്‍ തന്‍റെ ബാറ്റിംഗ് പിഴവിനെ കുറിച്ച് മൗനം പാലിച്ചു. 

Latest Videos

undefined

ചെന്നൈയുടെ 217 റണ്‍സ് പിന്തുടരാനിറങ്ങിയ ലഖ്‌നൗവിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ സാവധാനമാണ് തുടങ്ങിയതെങ്കിലും കെയ്‌ല്‍ മയേഴ്‌സ് ആഞ്ഞടിച്ചതോടെ ഓപ്പണിംഗ് വിക്കറ്റില്‍ 5.3 ഓവറില്‍ 79 റണ്‍സ് പിറന്നു. കെയ്‌ല്‍ മയേഴ്‌സ് 22 പന്തില്‍ 53 ഉം കെ എല്‍ രാഹുല്‍ 18 പന്തില്‍ 20 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദീപക് ഹൂഡ(2), ക്രുനാല്‍ പാണ്ഡ്യ(9), മാര്‍ക്കസ് സ്റ്റോയിനിസ്(21), നിക്കോളസ് പുരാന്‍(32), ആയുഷ് ബദോനി(23), ക‍ൃഷ്‌ണപ്പ ഗൗതം(17*), മാര്‍ക്ക് വുഡ്(10*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. 79-1ല്‍ നിന്ന് 105-4 എന്ന അവസ്ഥയിലേക്ക് വീണതാണ് പഞ്ചാബിന് കാര്യങ്ങള്‍ കടുപ്പമാക്കിയത്. കെ എല്‍ രാഹുല്‍ ബാറ്റ് കൊണ്ട് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ മറന്നു. 

സഞ്ജുവിന് കൂളായിരിക്കാം; പഞ്ചാബിനെ പരാജയപ്പെടുത്തുക രാജസ്ഥാന് എളുപ്പമെന്ന് കണക്കുകള്‍

click me!