ഷമിയും ഗില്ലും അല്ല; ഗുജറാത്തിന്‍റെ ട്രംപ് കാര്‍ഡിന്‍റെ പേരുമായി സെവാഗ്, ആള്‍ വിദേശി!

By Web Team  |  First Published May 23, 2023, 4:58 PM IST

സീസണില്‍ 14 ഇന്നിംഗ‌്‌സില്‍ 56.67 ശരാശരിയിലും 152.47 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് വീശുന്ന ശുഭ്‌മാന്‍ ഗില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി മികച്ച ഫോമിലാണ്


ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം ക്വാളിഫയറിന് ഇറങ്ങുമ്പോള്‍ ആരാകും നിര്‍ണായകമാവാന്‍ പോകുന്ന താരം. ആരാകും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത വിനാശം വരുത്തുക. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി ബാറ്റിംഗില്‍ കുതിക്കുന്ന ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും ന്യൂബോളില്‍ ഏതൊരു ലോകോത്തര ബാറ്റര്‍ക്കും ഭീഷണിയുയര്‍ത്തുന്ന ലൈനും ലെങ്‌തുമായി എതിരാളികളെ വിറപ്പിക്കുന്ന മുഹമ്മദ് ഷമിക്കുമാണ് കൂടുതല്‍ പേരും സാധ്യത കല്‍പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ നിരീക്ഷണത്തില്‍ ഒരു വിദേശ താരമാണ് സിഎസ്‌കെയ്‌ക്ക് എതിരെ ടൈറ്റന്‍സിന്‍റെ തുറുപ്പ് ചീട്ടാവുക. 

സീസണില്‍ 14 ഇന്നിംഗ‌്സി‌ല്‍ 56.67 ശരാശരിയിലും 152.47 സ്‌ട്രൈക്ക് റേറ്റിലും 680 റണ്‍സുമായി ബാറ്റ് വീശുന്ന ശുഭ്‌മാന്‍ ഗില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി മികച്ച ഫോമിലാണ്. ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിംഗ് നിരയിലെ ഏറ്റവും വിശ്വസ്‌തന്‍ ഗില്ലാട്ടങ്ങളുടെ ഗില്‍ തന്നെ. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുണ്ട് ശുഭ്‌മാന്‍ ഗില്‍. ബൗളിംഗിലേക്ക് വന്നാല്‍ വിക്കറ്റ് നലവില്‍ വിക്കറ്റ് വേട്ടയില്‍ 24 എണ്ണവുമായി മുന്നില്‍ നില്‍ക്കുന്ന താരമാണ് മുഹമ്മദ് ഷമി. ഗില്ലിന്‍റേയും ഷമിയുടേയും മിന്നലാട്ടത്തിനിടെ പലരും മറന്ന മറ്റൊരു സൂപ്പര്‍ താരം റാഷിദ് ഖാനാവും സിഎസ്‌കെയ്‌ക്ക് എതിരെ ടൈറ്റന്‍സിന്‍റെ തുറുപ്പ് ചീട്ടാവുക എന്നാണ് സെവാഗിന്‍റെ പക്ഷം. സീസണില്‍ ഷമിയുടെ അത്രതന്നെ വിക്കറ്റുകള്‍ സ്‌പിന്നറായ റാഷിദിനുണ്ട്. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ഉചിതനായ ബൗളര്‍ എന്ന വിശേഷണമാണ് റാഷിദ് ഖാന് സെവാഗ് നല്‍കുന്നത്. 

Latest Videos

undefined

സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന ചെപ്പോക്കിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം എന്നത് റാഷിദിനെ പിന്തുണയ്ക്കാന്‍ സെവാഗിന് കാരണമായുണ്ട്. ഇതിനൊപ്പം ബാറ്റിംഗില്‍ ലോവര്‍ ഓര്‍ഡറില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പുള്ള താരമാണ് റാഷിദ് എന്ന് ഈ സീസണില്‍ ഇതിനകം വ്യക്തമായതുമാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ 32 പന്തില്‍ അതിവേഗം 79 റണ്‍സ് താരം സ്കോര്‍ ചെയ്‌തിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു എട്ടാം നമ്പര്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ ക്വാളിഫയര്‍ തുടങ്ങുക. 

Read more: ആരാധകര്‍ക്ക് കണ്ണീര്‍ കുറിപ്പ്, നന്ദി; ആര്‍സിബിയുടെ ഹൃദയഭേദകമായ പുറത്താകലില്‍ മനസ് തുറന്ന് കോലി

click me!