പൃഥ്വി ഷാ ഇങ്ങനെ പുറത്താകുന്നത് ആദ്യമല്ല; ഗില്ലിനെ കണ്ട് പഠിക്കാന്‍ ഉപദേശിച്ച് സെവാഗ്

By Web Team  |  First Published Apr 5, 2023, 12:58 PM IST

രണ്ടാം തോല്‍വി ഡല്‍ഹി ക്യാപിറ്റല്‍സ് രുചിച്ചതും പൃഥ്വി ഷായ്‌ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്


ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ടീമാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. സ്ഥിരം നായകന്‍ റിഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റതോടെയാണ് വാര്‍ണറെ ക്യാപിറ്റല്‍സ് നായകനാക്കിയത്. ടോപ് ഓര്‍ഡറിന്‍റെ മോശം ഫോമാണ് ഡല്‍ഹിയെ വലയ്‌ക്കുന്നത് വാര്‍ണര്‍ അതിവേഗം സ്കോര്‍ ചെയ്യുന്നില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോള്‍ സഹ ഓപ്പണര്‍ പൃഥ്വി ഷായും മിച്ചല്‍ മാര്‍ഷും സര്‍ഫറാസ് ഖാനും റൈലി റൂസ്സോയും പരാജയപ്പെടുകയാണ്. 

രണ്ടാം തോല്‍വി ഡല്‍ഹി ക്യാപിറ്റല്‍സ് രുചിച്ചതും പൃഥ്വി ഷായ്‌ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. 'ഇത്തരം മോശം അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ച് ഷാ പുറത്താകുന്നത് നിരവധി തവണയായി. തെറ്റുകളില്‍ നിന്ന് അദേഹം പഠിക്കുകയല്ലേ വേണ്ടത്. ശുഭ്‌മാന്‍ ഗില്ലിനെ നോക്കൂ. ഷായ്‌ക്കൊപ്പം അണ്ടര്‍ 19 ക്രിക്കറ്റ് കളിച്ച ഗില്‍ ഇപ്പോള്‍ ടെസ്റ്റും ഏകദിനവും ട്വന്‍റി 20യും ടീം ഇന്ത്യക്കായി കളിക്കുന്നു. എന്നാല്‍ പൃഥ്വി ഷാ ഇപ്പോഴും ഐപിഎല്ലില്‍ പ്രയാസപ്പെടുകയാണ്. ഈ ഐപിഎല്‍ സീസണ്‍ നന്നായി പ്രയോജനപ്പെടുത്തി പരമാവധി റണ്‍സ് കണ്ടെത്തുകയാണ് ഷാ വേണ്ടത്. ഒരു ഐപിഎല്‍ സീസണില്‍ റുതുരാജ് ഗെയ്‌ക്‌വാദ് 600 റണ്‍സ് അടിച്ചുകൂട്ടി. ശുഭ്‌മാന്‍ ഗില്ലും ഏറെ റണ്‍സ് കണ്ടെത്തി. അതിനാല്‍ ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം ഷായുടെ ഭാഗത്ത് നിന്നുണ്ടാവണം' എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. 

Latest Videos

ഷാ ഷോയില്ല, ശോകം 

ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 12, 7 എന്നിങ്ങനെയായിരുന്നു പൃഥ്വി ഷായുടെ സ്കോര്‍. രണ്ട് മത്സരവും ക്യാപിറ്റല്‍സ് പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് 50 റണ്‍സിന് വിജയിച്ചപ്പോള്‍ ഷാ 9 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 12 റണ്‍സെടുത്ത് മടങ്ങി. രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന് വിജയിച്ചപ്പോള്‍ 5 പന്തില്‍ ഒരു ഫോറോടെ 7 റണ്‍സ് മാത്രമാണ് ഷാ നേടിയത്. ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച ശുഭ്‌മാന്‍ ഗില്‍ രണ്ട് കളിയില്‍ 77 ഉം ഓപ്പണര്‍ സ്ഥാനത്തിനായി മത്സരരംഗത്തുള്ള റുതുരാജ് ഗെയ്‌ക്‌വാദ് 149 ഉം റണ്‍സ് വീതം രണ്ട് കളികളില്‍ കണ്ടെത്തി. 

ബൗളര്‍മാര്‍ പാടുപെടും; ഗുവാഹത്തിയിലെ പിച്ച് റിപ്പോര്‍ട്ട് ബാറ്റിംഗ് വെടിക്കെട്ടിന്‍റേത്

click me!