കരിയറില്‍ വലിയ റോള്‍ വഹിച്ച രണ്ടാളുടെ പേരുമായി യശസ്വി ജയ്‌സ്വാള്‍; സഞ്ജു സാംസണ്‍ അല്ല

By Web Team  |  First Published May 4, 2023, 3:40 PM IST

ഐപിഎല്‍ 2023 സീസണില്‍ 9 മത്സരങ്ങളില്‍ 428 റണ്‍സ് നേടിയിട്ടുള്ള ജയ്‌സ്വാള്‍ റോയല്‍സ് ബാറ്റിംഗ് നിരയുടെ നെടുംതൂണ്‍ ആയി മാറിക്കഴിഞ്ഞു


മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഇതുവരെ പിറന്ന ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ പേരിലാണ്. ഇരുപത്തിയൊന്ന് വയസുകാരനായ യശസ്വി ജയ്‌സ്വാള്‍ ഈ സീസണില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ബാറ്റര്‍മാരില്‍ ഒരാളാണ്. ഒന്‍പത് മത്സരങ്ങളില്‍ 428 റണ്‍സ് നേടിയിട്ടുള്ള ജയ്‌സ്വാള്‍ റോയല്‍സ് ബാറ്റിംഗ് നിരയുടെ നെടുംതൂണ്‍ ആയി മാറിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 53 പന്തില്‍ സെഞ്ചുറി തികച്ച ജയ്‌സ്വാള്‍ 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം 124 റണ്‍സ് നേടിയിരുന്നു. ഇതിന് പിന്നാലെ തന്‍റെ കരിയറില്‍ വളരെയധികം സ്വാധീനം ചൊലുത്തിയ രണ്ട് പേരുടെ പേര് പറയുകയാണ് യശസ്വി ജയ്‌സ്വാള്‍. 

'വിരാട് ഭയ്യയും(വിരാട് കോലി), ധോണി സറും(എം എസ് ധോണി) എന്‍റെ കരിയറില്‍ വലിയ റോളുകള്‍ വഹിച്ചിട്ടുണ്ട്. ഇരുവരില്‍ നിന്നും ഉപദേശങ്ങള്‍ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. ഏറെക്കാര്യങ്ങള്‍ അവര്‍ നിന്ന് പഠിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മയുമായി വളരെ നല്ല ബന്ധമാണുള്ളത്. ഞാനും അദേഹവും മുംബൈയില്‍ നിന്നുള്ളവരാണ്. രോഹിത്തിന് കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നെ നന്നായി അറിയാം. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സര ശേഷം എന്നെ ആലിംഗനം ചെയ്യുകയും പ്രശംസിക്കുകയും ചെയ്‌തു. രോഹിത് ശര്‍മ്മയുമായി സംസാരിക്കുന്നത് ഇഷ്‌ടപ്പെടുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ ഇന്നിംഗ്‌സ് കരിയറിലെ വളരെ സ്‌പെഷ്യലായ പ്രകടനമായി തുടരും' എന്നും യശസ്വി ജയ്‌സ്വാള്‍ വ്യക്തമാക്കി. 

Latest Videos

undefined

വാംഖഡെ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സെടുക്കുകയായിരുന്നു. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചപ്പോള്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ ഫിനിഷിംഗില്‍ ആറ് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം മൂന്ന് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കി. മുംബൈക്കായി കാമറൂണ്‍ ഗ്രീനും(44), സൂര്യകുമാര്‍ യാദവും(55), തിലക് വര്‍മ്മയും(21 പന്തില്‍ 29*), ടിം ഡേവിഡും(14 പന്തില്‍ 45*) തിളങ്ങി. 

Read more: '1000' അഴകില്‍ മുംബൈ, ടിം ഡേവിഡ് ഫിനിഷിംഗില്‍ രോഹിത് ശര്‍മ്മയ്‌ക്ക് വിജയ പിറന്നാള്‍ മധുരം

click me!