റണ്ണൗട്ടില്‍ സഞ്ജുവിനെ പഴിച്ചിട്ട് കാര്യമില്ല, കാരണവുമായി ഓസീസ് മുന്‍ താരം

By Web Team  |  First Published Apr 20, 2023, 3:49 PM IST

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഏറ്റവും നിര്‍ണായകമായ വിക്കറ്റുകളിലൊന്ന് ഫോമിലുള്ള റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടായതായിരുന്നു 


ജയ്‌പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ അനായാസമായി ജയിക്കേണ്ട മത്സരമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടത്. 155 റണ്‍സ് മാത്രം വിജയലക്ഷ്യം മുന്നിലുണ്ടായിട്ടും ബാറ്റിംഗ് ഓര്‍ഡറിലെ പിഴവുകളും അനാവശ്യ വിക്കറ്റ് വലിച്ചെറിയലുകളും മുട്ടിക്കളിയും രാജസ്ഥാന് സ്വന്തം മൈതാനത്ത് തോല്‍വി സമ്മാനിക്കുകയായിരുന്നു. ഇതില്‍ ഏറ്റവും നിര്‍ണായകമായ വിക്കറ്റുകളിലൊന്ന് ഫോമിലുള്ള റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടായതായിരുന്നു.

എന്നാല്‍ ജോസ് ബട്‌ലറുമായുള്ള ആശയക്കുഴപ്പത്തില്‍ ഇല്ലാത്ത റണ്ണിനായി ഓടി റണ്ണൗട്ടായ സഞ്ജു സാംസണെ പലരും പഴിക്കുമ്പോഴും ഓസ്‌‌ട്രേലിയന്‍ മുന്‍ താരം ടോം മൂഡി പറയുന്നത് ഇത് സാഹചര്യത്തിന്‍റെ സമ്മര്‍ദം കൊണ്ടുമാത്രം സംഭവിച്ച പാളിച്ചയാണ് എന്നാണ്. 'റണ്ണൗട്ട് സാഹചര്യത്തിന്‍റെ സമ്മര്‍ദം കൊണ്ട് മാത്രം സംഭവിച്ചതാണ്. അത്ര അനുകൂലമല്ലാത്ത ബാറ്റിംഗ് ട്രാക്കുകളില്‍ ഇങ്ങനെ സംഭവിക്കും. കാരണം, അതിവേഗ സിംഗിളുകള്‍ എടുക്കാന്‍ ശ്രമിക്കുന്നതാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ പോലുള്ള സാഹചര്യമല്ല സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലേത്' എന്നും ടോം മൂഡി കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗ മുന്നോട്ടുവെച്ച 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സിലെ 13-ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു റണ്ണൗട്ടായത്. നാല് പന്തില്‍ രണ്ട് റണ്‍സേ ക്യാപ്റ്റന് നേടാനായുള്ളൂ. 

Latest Videos

undefined

155 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന റോയല്‍സിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ 20 ഓവറില്‍ 6 വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 10 റണ്‍സിനാണ് കെ എല്‍ രാഹുലും സംഘവും ജയിച്ചത്. യശസ്വി ജയ്‍സ്വാളും(35 പന്തില്‍ 44), ജോസ് ബട്‍ലറും(41 പന്തില്‍ 40) നല്‍കിയ മികച്ച തുടക്കത്തിന് ശേഷം നായകന്‍ സഞ്ജു സാംസണും(4 പന്തില്‍ 2) വെടിക്കെട്ട് വീരന്‍ ഷിമ്രോന്‍ ഹെറ്റ്മെയറും(5 പന്തില്‍ 2) ബാറ്റിംഗ് പരാജയമായപ്പോള്‍ റിയാന്‍ പരാഗിനും(12 പന്തില്‍ 15*) ദേവ്‍ദത്ത് പടിക്കലിനും(21 പന്തില്‍ 26) മത്സരം ഫിനിഷ് ചെയ്യാനായില്ല. ധ്രുവ് ജൂരെലിനും(1 പന്തില്‍ 0), രവിചന്ദ്രന്‍ അശ്വിനും(2 പന്തില്‍ 3*) അവസാന ഓവറില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പടിക്കലിന്‍റെയും പരാഗിന്‍റേയും മെല്ലെപ്പോക്കാണ് രാജസ്ഥാന്‍റെ തോല്‍വിക്ക് പ്രധാന കാരണം. 

Read more: സഞ്ജു നിറംമങ്ങി, അർഹിച്ച ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്; ഫിനിഷിംഗ് മറന്ന് പരാഗും പടിക്കലും

click me!