കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണയ്‌ക്ക് മാച്ച് ഫീയുടെ 25 ശതമാനം നഷ്‌ടമായി
മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് മുംബൈ ഇന്ത്യന്‍സിന്‍റെ സൂര്യകുമാര്‍ യാദവിന് പിഴ ശിക്ഷ. 12 ലക്ഷം രൂപയാണ് പിഴയിട്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആദ്യ ഇലവനിൽ നിന്ന് സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മ വിട്ട് നിന്നതിനാൽ സൂര്യയാണ് മുംബൈയെ നയിച്ചത്. ഈ സീസണില്‍ മുമ്പ് ഓവർ നിരക്ക് കുറവായതിന്‍റെ പേരിൽ രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിനും പിഴ ചുമത്തിയിരുന്നു.
അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണയ്‌ക്ക് മാച്ച് ഫീയുടെ 25 ശതമാനം നഷ്‌ടമായി. മുംബൈ ഇന്ത്യന്‍സ് താരം ഹൃത്വിക് ഷൊക്കീനുമായി വാക്‌പോര് നടത്തിയതിനാണ് റാണയ്‌ക്ക് ഐപിഎല്‍ പെരുമാറ്റചട്ടം പ്രകാരം പിഴ ശിക്ഷ. കൊല്‍ക്കത്തന്‍ ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറില്‍ രമന്ദീപ് സിംഗിന് ക്യാച്ച് നല്‍കി വിക്കറ്റ് നഷ്‌ടമായി മടങ്ങുമ്പോഴായിരുന്നു റാണയുടെ പോര്. റാണയെ ശാന്തനാക്കാന്‍ സൂര്യകുമാറും സീനിയര്‍ സ്‌പിന്നര്‍ പീയുഷ് ചൗളയും ഇടപെട്ടിരുന്നു. സംഭവത്തില്‍ ഹൃത്വിക് ഷൊക്കീനും പിഴയൊടുക്കണം. മാച്ച് ഫീയുടെ 10 ശതമാനമാണ് താരത്തിന് നഷ്‌ടമായത്. താരങ്ങള്‍ക്ക് പിഴ വിധിച്ച മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ് എന്ന് ഐപിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
undefined
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 185 റണ്‍സാണ് നേടിയത്. 51 പന്തില്‍ ആറ് ഫോറും 9 സിക്‌സും സഹിതം 104 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരാണ് കെകെആറിന്‍റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംപാക്‌ട് പ്ലെയറായി എത്തിയ രോഹിത് ശര്‍മ്മ 20 റണ്‍സില്‍ പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും(58) നായകന്‍ സൂര്യകുമാര്‍ യാദവും(43), തിലക് വര്‍മ്മയും(30), ടിം ഡേവിഡും(24*) മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 17.4 ഓവറില്‍ വിജയം ഒരുക്കുകയായിരുന്നു.
Read more: ഐപിഎല്‍ അരങ്ങേറ്റം; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസ കിംഗ് ഖാനിന്‍റേത്