ധോണി ഈ സീസണോടെ വിരമിക്കുമോ? കാത്തിരുന്ന മറുപടിയുമായി സ്റ്റീഫന്‍ ഫ്ലെമിംഗ്

By Web Team  |  First Published May 1, 2023, 6:10 PM IST

ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്


ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണ്‍ എം എസ് ധോണിയുടെ അവസാന എഡിഷനായിരിക്കും എന്ന അഭ്യൂഹം ഐപിഎല്‍ 2023 തുടങ്ങും മുമ്പേ സജീവമായിരുന്നു. അതിനാല്‍ തന്നെ ചെപ്പോക്കില്‍ ചെന്നൈയുടെ മത്സരം കാണാന്‍ ആരാധകര്‍ ഇരച്ചെത്തുകയാണ്. ധോണി ചെപ്പോക്കില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിച്ചാവും വിരമിക്കുക എന്ന് ആരാധകര്‍ക്ക് ഏതാണ്ടുറപ്പാണ്. അഭ്യൂഹങ്ങള്‍ പുകയുന്നതിനിടെ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്. 

വിരമിക്കലിനെ കുറിച്ച് എം എസ് ധോണിയൊന്നും സൂചിപ്പിച്ചിട്ടില്ല എന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗിന്‍റെ പ്രതികരണം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ഇതായിരിക്കും അവസാന ഐപിഎല്‍ സീസണ്‍ എന്ന സൂചന ധോണി ആരാധകര്‍ക്ക് നല്‍കിയിരുന്നു. 'തീര്‍ച്ചയായും പ്രായമായി, അത് മറച്ചുവെച്ചിട്ട് കാര്യമില്ല. തന്‍റെ കരിയറിലെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. അതിനാല്‍ കളിയിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്' എന്നുമാണ് കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയുടെ ചോദ്യത്തിന് എം എസ് ധോണി മറുപടി പറഞ്ഞാണ്. എന്നാല്‍ എംഎസ്‌ഡി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മഞ്ഞ ജേഴ്‌സിയില്‍ അടുത്ത സീസണിലും കളിക്കാനുണ്ടാകും എന്ന് വിശ്വസിക്കുന്ന ആരാധകരും ഏറെയുണ്ട്. എന്തായാലും ധോണിയുടെ മത്സരം കാണാന്‍ എവേ ഗ്രൗണ്ടുകളിലും ആരാധകര്‍ നിരവധി എത്തുന്നുണ്ട്. 

Latest Videos

undefined

ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എം എസ് ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാല് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനൊപ്പം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടേയും വിക്കറ്റ് കീപ്പര്‍മാരുടേയും പട്ടികയിലും ലീഗിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വിശേഷണവും ധോണിക്കുണ്ട്. ഐപിഎല്ലിലെ 243 മത്സരങ്ങളില്‍ ഇറങ്ങിയ 212 ഇന്നിംഗ്‌സുകളില്‍ 24 അര്‍ധ സെഞ്ചുറികളോടെ 5052 റണ്‍സാണ് 'തല'യുടെ സമ്പാദ്യം. 135.92 പ്രഹരശേഷിയും 39.47 സ്ട്രൈക്ക് റേറ്റും ധോണിക്കുണ്ട്. രാജ്യാന്തര ക്രിക്കറ്റിലും മികച്ച നായകനും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന ഖ്യാതിയും ധോണിക്ക് സ്വന്തം. ടീം ഇന്ത്യയെ 2007 ട്വന്‍റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളിലേക്ക് ധോണി നയിച്ചിരുന്നു.

Read more: എം എസ് ധോണിയോ രോഹിത് ശര്‍മ്മയോ അല്ല; പ്രിയ ഐപിഎല്‍ താരത്തിന്‍റെ പേരുമായി രശ്‌മിക മന്ദാന 

click me!