സന്തോഷ സഞ്ജു; കൂറ്റന്‍ ജയത്തിന് ശേഷം മനസുതുറന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍

By Web Team  |  First Published Apr 2, 2023, 9:42 PM IST

ബാറ്റിംഗിലും പിന്നാലെ ബൗളിംഗിലും സമ്പൂര്‍ണ മേധാവിത്വം രാജസ്ഥാന്‍ റോയല്‍സിനുണ്ടായിരുന്നു


ഹൈദരാബാദ്: ഐപിഎല്ലില്‍ എവേ ഗ്രൗണ്ടില്‍ ഗംഭീര ജയത്തോടെയാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് 16-ാം സീസണ്‍ തുടങ്ങിയിരിക്കുന്നത്. ഓള്‍റൗണ്ട് മികവുമായി 72 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സ് നേടിയപ്പോള്‍ സണ്‍റൈസേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 131ലൊതുങ്ങി. 

ബാറ്റിംഗിലും പിന്നാലെ ബൗളിംഗിലും സമ്പൂര്‍ണ മേധാവിത്വം രാജസ്ഥാന്‍ റോയല്‍സിനുണ്ടായിരുന്നു. യശസ്വി ജയ്‌സ്വാളും(37 പന്തില്‍ 54), ജോസ് ബട്‌ലറും(22 പന്തില്‍ 54), സഞ്ജു സാംസണും(32 പന്തില്‍ 55), ഷിമ്രോന്‍ ഹെറ്റ്‌മെയറും(16 പന്തില്‍ 22) തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ യുസ്‌വേന്ദ്ര ചഹല്‍ നാലും ട്രന്‍റ് ബോള്‍ട്ട് രണ്ടും ജേസന്‍ ഹോള്‍ഡറും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുകളും നേടി. ഓപ്പണിംഗ് വിക്കറ്റില്‍ ബട്‌ലര്‍-യശസ്വി സഖ്യം 5.5 ഓവറില്‍ 85 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ തന്നെ സണ്‍റൈസേഴ്‌സിന്‍റെ രണ്ട് വിക്കറ്റ് ബോള്‍ട്ട് പിഴുതു. ഗംഭീര ജയത്തോടെ സീസണ്‍ തുടങ്ങിയതിന്‍റെ സന്തോഷം നായകന്‍ സഞ്ജു സാംസണ്‍ മറച്ചുവെച്ചില്ല. 

Latest Videos

സഞ്ജുവിന്‍റെ വാക്കുകള്‍

'എങ്ങനെയാണ് സീസണ്‍ തുടങ്ങിയത് എന്നത് അമ്പരപ്പിക്കുന്നു. വളരെയധികം സന്തോഷമുണ്ട്. ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനേയും പോലുള്ള ബാറ്റര്‍മാര്‍ ടീമിലുള്ളത്, അവര്‍ പവര്‍പ്ലേയില്‍ കളിച്ച രീതിയെല്ലാം ആഗ്രഹിച്ചതാണ്. മികച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഈ ഫോര്‍മാറ്റിന്‍റെ പ്രത്യേകത അറിയാമല്ലോ, അതിനാല്‍ ഈ വിജയം തുടരേണ്ടതുണ്ട്. ഇന്ന് മികച്ച പ്രകടനമാണ് ടീം കാഴ്‌ചവെച്ചതെങ്കിലും കൂടുതല്‍ നന്നായി ഫിനിഷ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണം. ക്രീസില്‍ നിന്ന് ഫിനിഷ് ചെയ്യാനാണ് ഞാനാഗ്രഹിച്ചത്. എന്തെങ്കിലും പോരായ്‌മകളുണ്ടോ എന്ന് ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിന് അനുസരിച്ച് വിലയിരുത്തും' എന്നും സഞ്ജു സാംസണ്‍ മത്സര ശേഷം പറഞ്ഞു. 

ബട്‌ലറും ഹാപ്പി

അതേസമയം കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ബട്‌ലറുടെ വാക്കുകള്‍ ഇങ്ങനെ... 'ഗംഭീര തുടക്കമാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണ്‍ മികച്ചതായിരുന്നെങ്കിലും ഇതൊരു പുത്തന്‍ തുടക്കമാണ്. സാഹചര്യം വിലയിരുത്തി ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. കൃത്യമായ പദ്ധതിയോടെയാണ് കളിക്കുന്നത്. നിലവിലെ ശൈലി ആസ്വദിക്കുന്നു'.

ചഹലിന്‍റെ കാര്യം പിന്നെ പറയണോ...
 
മത്സരത്തില്‍ നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റ് നേടിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലും സന്തോഷം മറച്ചുവെച്ചില്ല. 'ടീം ആഗ്രഹിച്ച രീതിയിലുള്ള തുടക്കമാണ് നേടിയത്. ജോസും ജയ്‌സ്വാളും ബാറ്റ് ചെയ്‌ത രീതി നമ്മള്‍ കണ്ടു, വലിയ സ്കോര്‍ കണ്ടെത്തുക എപ്പോഴും പ്രയാസമാണ് എന്ന് നമുക്കറിയാം. സ്റ്റംപ് ടു സ്റ്റംപ് പന്തെറിയുകയായിരുന്നു പദ്ധതി. ആര്‍ക്കെതിരെയാണ് പന്തെറിയുന്നത് എന്നതിനെ കുറിച്ച് ഞാനധികം ചിന്തിക്കാറില്ല. ഒരു അഞ്ച് വിക്കറ്റ് നേട്ടം ഐപിഎല്ലില്‍ നേടുമ്പോള്‍ ഇതിലും വലിയ ആഘോഷം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം' എന്നും ചഹല്‍ ചിരിച്ചുകൊണ്ട് പറഞ്ഞുനിര്‍ത്തി. 

Read more: 'സഞ്ജുവിന്‍റെ എഫർട്‌ലസ് സ്‌ട്രോക് പ്ലെ ഒരിക്കൽകൂടെ ആനന്ദിപ്പിക്കുന്ന കാഴ്‌ച'

click me!