നായകൻ എയ്ഡൻ മർക്രാം, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, വാഷിംഗ്ടൺ സുന്ദർ, അബ്ദുൾ സമദ് എന്നിവരും ബാറ്റിംഗിൽ കരുത്താകും. ഹെൻഡ്രിച്ച് ക്ലാസൻ ടീമിലെത്തിയാൽ ന്യുസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ് പുറത്തിരിക്കേണ്ടി വരും.
ലഖ്നൗ: ഐപിഎല്ലിൽ ആദ്യജയം ലക്ഷ്യമിട്ട് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് ലഖ്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ലഖ്നൗവിലാണ് മത്സരം. രാജസ്ഥാൻ റോയൽസിനോട് നേരിട്ട വമ്പൻ തോൽവി മറക്കാനാണ് ഹൈദരാബാദ് ഇന്ന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ അഭാവമായിരുന്നു ആദ്യമത്സരത്തില്‍ എസ്ആർഎച്ച് നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം. നായകൻ എയ്ഡൻ മർക്രാം, മാർക്കോ യാൻസൻ, ഹെൻഡ്രിച്ച് ക്ലാസൻ എന്നിവർ എത്തിയതോടെ ആരെ ഒഴിവാക്കുമെന്ന് മാത്രമാണ് ഇപ്പോൾ ടീമിന്‍റെ ആശങ്ക.
അഭിഷേക് ശർമ, മായങ്ക് അഗർവാൾ സഖ്യം തന്നെയാകും ഓപ്പണിംഗിൽ എത്തുക. നായകൻ എയ്ഡൻ മർക്രാം, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, വാഷിംഗ്ടൺ സുന്ദർ, അബ്ദുൾ സമദ് എന്നിവരും ബാറ്റിംഗിൽ കരുത്താകും. ഹെൻഡ്രിച്ച് ക്ലാസൻ ടീമിലെത്തിയാൽ ന്യുസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ് പുറത്തിരിക്കേണ്ടി വരും. മാർകോ യാൻസന് അവസരത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും. ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്, നടരാജൻ പേസ് ത്രയത്തിനൊപ്പം ആദിൽ റഷീദും വാഷിംഗ്ടൺ സുന്ദറും കൂടി ചേരുമ്പോള്‍ ബൗളിംഗിലും ആശങ്കയില്ല.
മറുവശത്ത് ലഖ്നൗവിനും ക്വിന്‍റൺ ഡി കോക്ക് തിരിച്ചെത്തുന്നത് കരുത്ത് കൂട്ടും. മികച്ച ഫോമിലുള്ള കൈൽ മയേഴ്സിനെ നിലനിർത്തിയാൽ നിക്കോളാസ് പുരാനോ മാർക്കസ് സ്റ്റോയിനിസിനോ പുറത്തിരിക്കേണ്ടി വരും. രണ്ട് കളിയിൽ എട്ട് വിക്കറ്റുമായി പർപ്പിൾ ക്യാപ് തലയിലുള്ള മാർക്ക് വുഡിലാണ് ബൗളിംഗിലെ പ്രതീക്ഷ.
രവി ബിഷ്ണോയും മികച്ച ഫോമിൽ തന്നയാണ്. ഏഴ് പേർക്കെങ്കിലും ബൗളിംഗ് ഏൽപ്പിക്കാനുള്ള വൈവിധ്യമുണ്ട് ലഖ്നൗ നിരയിൽ. ഇരുവരും കഴിഞ്ഞ സീസണിൽ നേർക്കുനേർ വന്നപ്പോൾ ലഖ്നൗവിനായിരുന്നു വിജയം. അതേസമയം, ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആര്‍സിബിക്കെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൂറ്റൻ വിജയം നേടിയിരുന്നു.