താക്കൂറിനെ സിക്സറിന് പറത്താനുള്ള ക്ലാസന്‍റെ ശ്രമം അതിർത്തിയില്‍ റസലിന്‍റെ ക്യാച്ചില്‍ അവസാനിച്ചു
ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ദുർബലർ തമ്മിലുള്ള പോരാട്ടം 5 റണ്‍സിന് വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഒരവസരത്തില്‍ ജയമുറപ്പിച്ചതാണെങ്കിലും 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 166 റണ്‍സെടുക്കാനേയായുള്ളൂ. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന ആറ് റണ്‍സ് നേടാന്‍ ഭുവിക്കായില്ല. അലക്ഷ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ തുലച്ചതാണ് ഹൈദരാബാദിന് തിരിച്ചടിയായത്.
മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്സിന്‍റെ തുടക്കവും മോശമായിരുന്നു. 54 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായി. 11 പന്തില്‍ 18 റണ്‍സെടുത്ത മായങ്ക് അഗർവാളിനെ ഹർഷിത് റാണയും 10 പന്തില്‍ 9 നേടിയ അഭിഷേക് ശർമ്മയെ ഷർദ്ദുല്‍ താക്കൂറും പുറത്താക്കി. മികച്ച തുടക്കം കിട്ടിയെങ്കിലും 9 പന്തില്‍ 20 എടുത്ത് നില്‍ക്കേ രാഹുല്‍ ത്രിപാഠി ആന്ദ്രേ റസലിന്‍റെ പന്തില്‍ പുറത്തായി. ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍ ഹാരി ബ്രൂക്ക്(4 പന്തില്‍ 0) ഒരിക്കല്‍ കൂടി വേഗം പുറത്തായി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാർക്രമും ഹെന്‍റിച്ച് ക്ലാസനും ക്രീസില്‍ നില്‍ക്കേ 10 ഓവറില്‍ 75-4 എന്ന സ്കോറിലായിരുന്നു സണ്‍റൈസേഴ്സ്.
undefined
അനുകുല്‍ റോയിയെ സിക്സുകള്‍ക്ക് പറത്തി ക്ലാസന്‍ സൂചന നല്‍കി. പിന്നാലെ മാർക്രം-ക്ലാസന്‍ സഖ്യം 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ താക്കൂറിനെ സിക്സറിന് പറത്താനുള്ള ക്ലാസന്‍റെ(20 പന്തില്‍ 36) ശ്രമം അതിർത്തിയില്‍ റസലിന്‍റെ സുരക്ഷിത ക്യാച്ചില്‍ അവസാനിച്ചു. അവസാന അഞ്ച് ഓവറില്‍ 5 വിക്കറ്റ് കയ്യിലിരിക്കേ 37 റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. അനാസമായി മത്സരം ജയിക്കേണ്ട ഘട്ടത്തില്‍ അലക്ഷ്യ ഷോട്ട് കളിച്ച് മാർക്രം(40 പന്തില്‍ 41) വൈഭവ് അറോറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. അബ്ദുള്‍ സമദും മാർക്കോ യാന്‍സനും ക്രീസില്‍ നില്‍ക്കേ അവസാന രണ്ടോവറില്‍ 21 റണ്‍സ് ലക്ഷ്യം പിന്തുടരവെ അറോറ, യാന്‍സനെ(4 പന്തില്‍ 1) ഗുർബാസിന്‍റെ ഗംഭീര ക്യാച്ചില്‍ മടക്കി.
ജയിക്കാന്‍ 7 റണ്‍സ് വേണ്ടിയിരിക്കേ സമദ്(18 പന്തില്‍ 21) അതിർത്തിയില്‍ അനുകുലിന്‍റെ ക്യാച്ചില്‍ വീണത് വഴിത്തിരിവായി. 20 ഓവറും പൂർത്തിയാകുമ്പോള്‍ ഭുവി 5* ഉം മായങ്ക് മർക്കാണ്ഡെ 1* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ നിതീഷ് റാണ(31 പന്തില്‍ 42), റിങ്കു സിംഗ്(35 പന്തില്‍ 46) എന്നിവരുടെ ബാറ്റിംഗിലും ഇംപാക്‌ട് പ്ലെയര്‍ അനുകുല്‍ റോയിയുടെ ഫിനിഷിംഗിലും 20 ഓവറില്‍ 9 വിക്കറ്റിന് 171 റണ്‍സെടുത്തു. 35 റണ്‍സിന് മൂന്ന് വിക്കറ്റ് വീണ ശേഷമായിരുന്നു കെകെആറിന്‍റെ തിരിച്ചുവരവ്. റിങ്കു സിംഗാണ് ടോപ് സ്കോറര്‍. ഇംപാക്‌ട് പ്ലെയറായി എത്തിയ അനുകുല്‍ റോയി 7 പന്തില്‍ 13* ഉം, വൈഭവ് അറോറ 1 പന്തില്‍ 2* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ജേസന്‍ റോയി(20), റഹ്മാനുള്ള ഗുർബാസ്(0), വെങ്കടേഷ് അയ്യർ(7), ആന്ദ്രേ റസല്‍(24), സുനില്‍ നരെയ്ന്‍(1), ഷർദ്ദുല്‍ താക്കൂർ(8), ഹർഷിദ് റാണ(0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോർ.
ബൗളിംഗില്‍ സണ്‍റൈസേഴ്സിനായി നാല് ഓവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റുമായി ടി നടരാജനും മൂന്ന് ഓവറില്‍ 24 രണ്ട് പേരെ പുറത്താക്കി മാർക്കോ യാന്‍സനും ഓരോ വിക്കറ്റുമായി ഭുവനേശ്വർ കുമാറും കാർത്തിക് ത്യാഗിയും ഏയ്ഡന്‍ മാർക്രമും തിളങ്ങി.