അവസാന അഞ്ച് ഓവറില്‍ മികച്ച സ്കോര്‍ പ്രതീക്ഷിച്ചെങ്കിലും ഭുവിയുടെ യോര്‍ക്കറില്‍ അക്‌സര്‍ പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് തിരിച്ചുവരവിന്‍റെ സൂചന കാട്ടിയെങ്കിലും മികച്ച സ്കോറിലെത്തിയില്ല. ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ക്യാപിറ്റല്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 144 റണ്‍സാണ് എടുത്തത്. തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ മനീഷ് പാണ്ഡെയും അക്‌സര്‍ പട്ടേലും മാത്രമാണ് പൊരുതി നോക്കിയത്. വാഷിംഗ്‌ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 28ന് മൂന്നും ഭുവനേശ്വര്‍ കുമാര്‍ 11 റണ്‍സിന് രണ്ടും വിക്കറ്റ് സ്വന്തമാക്കി. ടി നടരാജന്‍ ഒരാളെ മടക്കി.
ടോസ് ലഭിച്ചതിന്‍റെ യാതൊരു ആനുകൂല്യവും ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗില്‍ കാണിച്ചില്ല. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഫിലിപ് സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കായി വിക്കറ്റിന് പിന്നില്‍ ഹെന്‍റിച്ച് ക്ലാസന്‍റെ കൈകളിലെത്തി. ഇതിന് ശേഷം ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും ഇരുവരും 38 റണ്‍സ് ചേര്‍ത്ത ശേഷം പിരിഞ്ഞു. 15 പന്തില്‍ 25 എടുത്ത മാര്‍ഷിനെ ടി നടരാജന്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. വൈകാതെ വാര്‍ണറും മടങ്ങി. 20 പന്തില്‍ 21 റണ്‍സ് നേടിയ വാര്‍ണറെ വാഷിംഗ്‌ടണ്‍ സുന്ദറാണ് മടക്കിയത്. ഇലവനിലേക്ക് മടങ്ങിയെത്തിയ സര്‍ഫറാസ് ഖാനും തിളങ്ങാനായില്ല. 9 പന്തില്‍ 10 നേടിയ സര്‍ഫറാസിനെയും സുന്ദര്‍ പുറത്താക്കി. എട്ടാം ഓവറിലെ അവസാന പന്തില്‍ അമാന്‍ ഹക്കീം ഖാനും(2 പന്തില്‍ 4) ഡല്‍ഹി 62-5 എന്ന നിലയില്‍ പതറി.
undefined
മനീഷ് പാണ്ഡെയും അക്‌സര്‍ പട്ടേലും ക്രീസില്‍ നില്‍ക്കേ 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 106-5 എന്ന നിലയിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന അഞ്ച് ഓവറില്‍ മികച്ച സ്കോര്‍ പ്രതീക്ഷിച്ചെങ്കിലും ഭുവിയുടെ യോര്‍ക്കറില്‍ അക്‌സര്‍(34 പന്തില്‍ 34) പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. 19-ാം ഓവറിലെ രണ്ടാം പന്തില്‍ സുന്ദറിന്‍റെ ത്രോയില്‍ മനീഷ് പാണ്ഡെ(27 പന്തില്‍ 34) റണ്ണൗട്ടാവുകയും ചെയ്തു. അവസാന ഓവറില്‍ ഉമ്രാന്‍ മാലിക്കിന്‍റെ ത്രോയില്‍ ആന്‍റിച് നോര്‍ക്യ(2 പന്തില്‍ 2) റണ്ണൗട്ടായി. നാലാം പന്തില്‍ റിപാല്‍ പട്ടേലും(6 പന്തില്‍ 5) ഓടി വിക്കറ്റ് കളഞ്ഞു.
Read more: ഫിലിപ് സാള്‍ട്ടിനെ ഗോള്‍ഡന്‍ ഡക്കാക്കി; ഐപിഎല്‍ റെക്കോര്‍ഡിട്ട് ഭുവനേശ്വര്‍ കുമാര്‍