നിലവില്‍ ടീം ഇന്ത്യയില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പമാണ് ശുഭ്‌മാന്‍ ഗില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുന്നത്
അഹമ്മദാബാദ്: സമകാലിക ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ശുഭ്‌മാന്‍ ഗില്‍. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയതിനൊപ്പം ട്വന്‍റി 20 ഫോര്‍മാറ്റിലും ടെസ്റ്റിലുമെല്ലാം 23കാരനായ താരം ഫോം കാട്ടുകയാണ്. ഇപ്പോള്‍ പുരോഗമിക്കുന്ന ഐപിഎല്‍ പതിനാറാം സീസണില്‍ മൂന്ന് മത്സരങ്ങളില്‍ 38.67 ശരാശരിയിലും 145.00 സ്‌ട്രൈക്ക് റേറ്റിലും ഗില്‍ 116 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ താരമാണ് ശുഭ്‌മാന്‍ ഗില്‍. അവസാനം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗില്‍ 31 പന്തില്‍ 39 റണ്‍സ് നേടിയിരുന്നു.
നിലവില്‍ ടീം ഇന്ത്യയില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പമാണ് ഓപ്പണ്‍ ചെയ്യുന്നത് എങ്കിലും തന്‍റെ സ്വപ്‌ന ഓപ്പണിംഗ് പങ്കാളി ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശുഭ്‌മാന്‍ ഗില്‍ ഇപ്പോള്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ആഗ്രഹം എന്നാണ് ഗില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജിയോ സിനിമയിലൂടെയാണ് ഗില്ലിന്‍റെ ഈ വാക്കുകള്‍.
ടീം ഇന്ത്യക്കായി 15 ടെസ്റ്റുകളും 24 ഏകദിനങ്ങളും ആറ് രാജ്യാന്തര ട്വന്‍റി 20കളുമാണ് ശുഭ്‌മാന്‍ ഗില്‍ കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ രണ്ട് സെഞ്ചുറികളോടെ 890 റണ്‍സും ഏകദിനത്തില്‍ നാല് സെഞ്ചുറികളോടെ 1311 റണ്‍സും ടി20യില്‍ ഒരു സെഞ്ചുറിയോടെ 202 റണ്‍സും ഗില്ലിനുണ്ട്. ഇതിന് പുറമെ ഐപിഎല്ലില്‍ 77 കളിയില്‍ 2016 റണ്‍സും താരം പേരിലാക്കി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറാവട്ടെ 200 ടെസ്റ്റില്‍ 51 സെഞ്ചുറികളോടെ 15921 റണ്‍സും 463 ഏകദിനങ്ങളില്‍ 49 ശതകങ്ങളോടെ 18426 റണ്‍സും ഒരു രാജ്യാന്തര ടി20യില്‍ 10 റണ്‍സും സ്വന്തമാക്കി. ഐപിഎല്ലില്‍ 78 കളികളില്‍ സച്ചിന് 2334 റണ്‍സുണ്ട്.
പഞ്ചാബ് കിംഗ്‌സിന് വമ്പന്‍ ആശ്വാസം; ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍ മടങ്ങിവരുന്നു