മലയാള നടന്‍ മാമുക്കോയയുടെ സംഭാഷണം റീല്‍സാക്കി സഞ്ജുവും യുസ്‌വേന്ദ്ര ചഹലും അവതരിപ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു
ഹൈദരാബാദ്: അടിമുടി സഞ്ജു സാംസണ്‍ മയമാണ് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ്. ടീമിനെ ബാറ്റ് കൊണ്ടും നേതൃപാടവം കൊണ്ടും മുന്നില്‍ നിന്ന് നയിക്കുന്ന നായകനായി സഞ്ജു മാറിക്കഴിഞ്ഞു. മലയാള നടന്‍ മാമുക്കോയയുടെ സംഭാഷണം റീല്‍സാക്കി സഞ്ജുവും യുസ്‌വേന്ദ്ര ചഹലും അവതരിപ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. സമാനമായി ഇപ്പോള്‍ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയാണ്. 'കീലേരി ചഹല്‍' ഇപ്പോള്‍ മുണ്ടുടുത്ത് ഇറങ്ങിയിരിക്കുന്നത് ആരാധക ശ്രദ്ധ നേടുന്നു.
രാജസ്ഥാന്‍ റോയല്‍സിന്‍റെ വെടിക്കെട്ട് വീരന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറും കഴിഞ്ഞ വര്‍ഷത്തെ പര്‍പ്പിള്‍ ക്യാപ് വിന്നറായ യുസ്‌വേന്ദ്ര ചഹലും മുണ്ട് ഉടുത്ത് സഞ്ജുവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുന്നത്. ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ ചഹല്‍ നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റുമായി തിളങ്ങിയിരുന്നു. മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ചഹല്‍ വീഴ്‌ത്തിയത്. ഹെറ്റ്‌മെയര്‍ 16 പന്തില്‍ ഓരോ ഫോറും സിക്‌സറും സഹിതം പുറത്താവാതെ 22 റണ്‍സും നേടി.
Sanju impact - Rajasthan players in Kerala style. pic.twitter.com/H6u9nqgDdC
— Johns. (@CricCrazyJohns)
ഐപിഎല്‍ പതിനാറാം സീസണിന് മുന്നോടിയായി കേരള സ്റ്റൈലില്‍ തഗ് വീഡിയോയുമായി സഞ്ജു സാംസണും യുസ്‌വേന്ദ്ര ചഹലും നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ രംഗത്തെത്തിയിരുന്നു. 'എന്നോട് കളിക്കാന്‍ ധൈര്യമുണ്ടേല്‍ വാടാ... എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ' എന്ന മാമുക്കോയയുടെ വിഖ്യാതമായ സിനിമാ സംഭാഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് വീഡിയോയില്‍ സഞ്ജുവും ചാഹലും പ്രത്യക്ഷപ്പെട്ടത്. 'കീലേരി ചഹല്‍ ടൗണില്‍' എന്ന തലക്കെട്ടോടെയാണ് സഞ്ജു സാംസണ്‍ റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്‌തത്. കീലേരി ചഹലിനെ ആരാധകര്‍ ഏറ്റെടുക്കുകയും വീഡിയോ വൈറലാവുകയും ചെയ്‌തിരുന്നു.
'എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ'; 'കീലേരി ചഹല്‍' വീഡിയോയുമായി സഞ്ജു, സംഭവം വൈറല്‍