ജോസേട്ടാ, ഇത്ര ദുരന്തം പ്രതീക്ഷിച്ചില്ല; ബട്‌ലര്‍ക്ക് ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം റെക്കോര്‍ഡ്

By Web Team  |  First Published May 14, 2023, 6:14 PM IST

നാല് ഡക്കിന് ഇടയിലും ഈ സീസണിലെ 13 മത്സരങ്ങളില്‍ 30.15 ശരാശരിയിലും 141.01 സ്ട്രൈക്ക് റേറ്റിലും 392 റണ്‍സ് ജോസ് ബട്‌ലര്‍ക്കുണ്ട്


ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പൂജ്യത്തില്‍ മടങ്ങിയതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡ‍ിലേക്ക് വഴുതിവീണ് രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍. ഈ സീസണില്‍ ഇത് നാലാം തവണയാണ് ബട്‌ലര്‍ പൂജ്യത്തില്‍ പുറത്താവുന്നത്. ഐപിഎല്ലിന്‍റെ ഏതെങ്കിലുമൊരു സീസണില്‍ നാല് തവണ പൂജ്യത്തില്‍ പുറത്തായ താരങ്ങളുടെ മോശം പട്ടികയില്‍ ബട്‌ലര്‍ ഇടംപിടിച്ചു. ഹെര്‍ഷലെ ഗിബ്‌സ്(2009), മിഥുന്‍ മന്‍ഹാസ്(2011), മനീഷ് പാണ്ഡെ(2012), ശിഖര്‍ ധവാന്‍(2020), ഓയിന്‍ മോര്‍ഗന്‍(2021), നിക്കോളാസ് പുരാന്‍(2021) എന്നിവരാണ് മുമ്പ് ഒരു സീസണില്‍ നാല് വട്ടം ഡക്കായി പുറത്തായ താരങ്ങള്‍. ഈ സീസണില്‍ ആര്‍സിബിക്കെതിരെ ഇരു മത്സരങ്ങളിലും ബട്‌ലര്‍ പൂജ്യത്തിലാണ് പുറത്തായത്. 

നാല് ഡക്കിന് ഇടയിലും ഈ സീസണിലെ 13 മത്സരങ്ങളില്‍ 30.15 ശരാശരിയിലും 141.01 സ്ട്രൈക്ക് റേറ്റിലും 392 റണ്‍സ് ജോസ് ബട്‌ലര്‍ക്കുണ്ട്. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാമനാണ് ജോസ് ബട്‌ലര്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണായകമായ ബട്‌ലര്‍ 17 ഇന്നിംഗ്‌സുകളില്‍ 57.53 ശരാശരിയിലും 149.05 സ്ട്രൈക്ക് റേറ്റിലും 863 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 116 ആയിരുന്നു ഉയര്‍ന്ന സ്കോര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത ടോട്ടലാണിത്. 

Latest Videos

undefined

ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 5 വിക്കറ്റിന് 171 റണ്‍സ് നേടിയിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ ഫാഫ് ഡുപ്ലസിസ്(44 പന്തില്‍ 55), ഗ്ലെന്‍ മാക്‌സ്‌വെല്‍(33 പന്തില്‍ 54) എന്നിവര്‍ക്കൊപ്പം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അനൂജ് റാവത്താണ്(11 പന്തില്‍ 29*) ആര്‍സിബിക്ക് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. വിരാട് കോലി 19 പന്തില്‍ 18 എടുത്ത് മടങ്ങി. രാജസ്ഥാന്‍ റോയല്‍സിനായി ആദം സാംപയും കെ എം ആസിഫും രണ്ട് വീതവും സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും നേടി. ഐപിഎല്‍ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാന്‍ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. 

Read more: ക്യാപ്റ്റന്‍ സഞ്ജു പൊളി, സാംപയെ ഇറക്കിയത് ധോണിയെ വെല്ലുന്ന തന്ത്രം!

click me!