സിക്‌സടിച്ച് റെക്കോര്‍ഡിടാന്‍ സഞ്ജു, മലിംഗയെ മറികടക്കാന്‍ ചഹല്‍, ഇരട്ട നേട്ടത്തിനരികെ ബട്‌ലര്‍

By Web Team  |  First Published Apr 5, 2023, 10:11 AM IST

രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലറെ ഇരട്ട നേട്ടങ്ങളാണ് മത്സരത്തില്‍ കാത്തിരിക്കുന്നത്


ഗുവാഹത്തി: ഐപിഎൽ പതിനാറാം സീസണിലെ രാജസ്ഥാന്‍ റോയല്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം കണക്ക് ബുക്കില്‍ പുതിയ റെക്കോര്‍ഡുകളും നാഴികക്കല്ലുകളും എഴുതിച്ചേര്‍ക്കും. രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണിനെ കാത്തും ഒരു നേട്ടമുണ്ട്. ഇന്ന് ആറ് സിക്‌സുകള്‍ നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന് 250 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനാകും. കുട്ടിക്രിക്കറ്റില്‍ 244 സിക്‌സുകളാണ് സഞ്ജുവിന്‍റെ പേരിലുള്ളത്. 

രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലറെ ഇരട്ട നേട്ടങ്ങളാണ് മത്സരത്തില്‍ കാത്തിരിക്കുന്നത്. 39 റണ്‍സ് കൂടി നേടിയാല്‍ ബട്‌ലര്‍ക്ക് ടി20യില്‍ 9500 റണ്‍സുകളാകും. നിലവില്‍ 9461 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. ഐപിഎല്ലില്‍ 2885 റണ്‍സുള്ള ജോസ് ബട്‌ലര്‍ക്ക് 115 റണ്‍സ് നേടാനായാല്‍ 3000 റണ്‍സ് തികയ്‌ക്കാനാകും. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ലങ്കന്‍ ഇതിഹാസം ലസിത് മലിംഗയെ മറികടന്ന് രണ്ടാമതെത്താന്‍ യുസ്‌വേന്ദ്ര ചാഹലിന് ഒരു വിക്കറ്റ് കൂടി മതി. 183 വിക്കറ്റുകളുമായി ഡ്വെയ്‌ന്‍ ബ്രാവോ ഒന്നാമതാണെങ്കില്‍ മലിംഗയും ചാഹലും 170 വിക്കറ്റുകളുമായി തൊട്ടുപിന്നില്‍ നില്‍ക്കുകയാണ്. 

Latest Videos

പഞ്ചാബ് കിംഗ്‌സ് താരങ്ങളും ചില നേട്ടങ്ങള്‍ക്ക് അരികെയാണ്. 81 റണ്‍സ് നേടിയാല്‍ ഭാനുക രജപക്‌സെയ്‌ക്ക് 3000 റണ്‍സ് ടി20യില്‍ പൂര്‍ത്തിയാക്കാം. 2919 റണ്‍സാണ് താരത്തിന്‍റെ പേരിനൊപ്പം നിലവിലുള്ളത്. ഒരാളെ പുറത്താക്കിയാല്‍ കാഗിസോ റബാഡയ്‌ക്ക് 100 ഐപിഎല്‍ വിക്കറ്റുകള്‍ തികയ്‌ക്കാം. 63 മത്സരങ്ങളില്‍ 99 വിക്കറ്റുണ്ട് റബാഡയ്‌ക്ക്. വിദൂര സാധ്യതയെങ്കില്‍ ആറ് വിക്കറ്റ് കൊയ്‌താല്‍ രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ടിന് 100 ഐപിഎല്‍ വിക്കറ്റുകള്‍ സ്വന്തമാകും. 79 കളികളില്‍ 94 വിക്കറ്റ് ബോള്‍ട്ട് ഇതുവരെ കൈവശമാക്കി. 

ജയിച്ചാല്‍ രാജസ്ഥാന്‍ വീണ്ടും തലപ്പത്ത്; ഐപിഎല്ലിലെ പോയിന്‍റ് പട്ടിക, റണ്‍, വിക്കറ്റ് വേട്ടക്കാരെ അറിയാം

click me!