സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുക
ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍-പഞ്ചാബ് കിംഗ്‌സ് പോരാട്ടമാണ്. മത്സരം തീപാറും എന്ന് ഉറപ്പായിരിക്കേ ഗുവാഹത്തി മഴ ആശങ്കകളിലാണ്. രാത്രിയോടെ ഗുവാഹത്തിയില്‍ മഴയ്‌ക്ക് സാധ്യത നിലനില്‍ക്കുന്നു എന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം മികച്ച സ്കോര്‍ പ്രതീക്ഷിച്ചാവും ഗുവാഹത്തിയില്‍ ഇരു ടീമുകളും ഇറങ്ങുക. പൊതുവെ ബാറ്റിംഗ് സൗഹാര്‍ദ വിക്കറ്റാണ് ഇവിടുത്തേത്. ചെറിയ ബൗണ്ടറികളും ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്. പേസര്‍മാരും സ്‌പിന്നര്‍മാരും മുന്‍തൂക്കം കണ്ടെത്താന്‍ ഒരുപോലെ പാടുപെട്ടേക്കും.
സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുക. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സഞ്ജു സാംസണും കൂട്ടരും സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അര്‍ധസെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍(54), ജോസ് ബട്‌ലര്‍(54), സഞ്ജു സാംസണ്‍(55) എന്നിവരുടെ കരുത്തില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ യുസ്‌വേന്ദ്ര ചഹല്‍ നാലും ട്രെന്‍റ് ബോള്‍ട്ട് രണ്ടും ജേസന്‍ ഹോള്‍ഡറും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റും നേടിയപ്പോള്‍ ഹൈദരാബാദിന്‍റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റിന് 131ലൊതുങ്ങി.
ഇന്നും ജയ്‌സ്വാള്‍, ബട്‌ലര്‍, സാംസണ്‍ ബാറ്റിംഗ് ത്രയമാണ് രാജസ്ഥാന്‍ റോയല്‍സില്‍ ശ്രദ്ധേയം. ഫോമിലല്ലാത്ത ദേവ്‌ദത്ത് പടിക്കലിനെ കളിപ്പിക്കുമോ എന്ന് ഉറപ്പില്ല. പടിക്കലിന് ഒരവസരം കൂടി നല്‍കാനാണിട. റിയാന്‍ പരാഗ് ഫോമിലെത്തുകയും ഹെറ്റ്‌മെയര്‍ ഫിനിഷിംഗ് പാടവം ഒന്നുകൂടി തേച്ച് മിനുക്കുകയും ചെയ്‌താല്‍ രാജസ്ഥാന്‍റെ ബാറ്റിംഗ് കരുത്ത് ഇരട്ടിയാകും. ബൗളിംഗില്‍ യുസ്‌വേന്ദ്ര ചഹല്‍, ട്രെന്‍റ് ബോള്‍ട്ട് എന്നിവരുടെ ഫോമില്‍ തര്‍ക്കമില്ല. രവിചന്ദ്രന്‍ അശ്വിനും കൂടി ഫോമിലെത്തിയാല്‍ ബൗളിംഗും സുസജ്ജം. സണ്‍റൈസേഴ്‌സിനെതിരെ ഇംപാക്‌ട് പ്ലെയറായി നവ്‌ദീപ് സെയ്‌നിയെ കളിപ്പിച്ച പാളിയ തന്ത്രം ഇന്ന് ആരാധകര്‍ സഞ്ജുവിന്‍റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നില്ല.
വീണ്ടും ശ്രദ്ധാകേന്ദ്രം സഞ്ജു സാംസണ്‍; തുടര്‍ ജയം തേടി രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കളത്തില്‍