ഈ സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങളിലെ മികവ് പരിശോധിച്ചാലും രാജസ്ഥാന്‍ റോയല്‍സിനാണ് മേല്‍ക്കൈ
ഗുവാഹത്തി: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും മുഖാമുഖം വരികയാണ്. ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുക. ആവേശപ്പോരോട്ടത്തിന് മുമ്പ് ആരാധകര്‍ കണക്കുകൂട്ടല്‍ തുടങ്ങിക്കഴിഞ്ഞു. മുന്‍ പോരാട്ടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ മുന്‍തൂക്കം രാജസ്ഥാനാണ്. ഇതുവരെ 24 മത്സരങ്ങളില്‍ രാജസ്ഥാനും പഞ്ചാബും മുഖാമുഖം വന്നപ്പോള്‍ 14 തവണയും രാജസ്ഥാനായിരുന്നു വിജയം. പഞ്ചാബിന്‍റെ ജയം പത്തിലൊതുങ്ങി.
ഈ സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങളിലെ മികവ് പരിശോധിച്ചാലും രാജസ്ഥാന്‍ റോയല്‍സിനാണ് മേല്‍ക്കൈ. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് സഞ്ജു സാംസണും കൂട്ടരും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അര്‍ധസെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരുടെ കരുത്തില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ചഹല്‍ നാലും ട്രെന്‍റ് ബോള്‍ട്ട് രണ്ടും ജേസന്‍ ഹോള്‍ഡറും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റും നേടിയപ്പോള്‍ ഹൈദരാബാദിന്‍റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റിന് 131ലൊതുങ്ങി.
അതേസമയം ആദ്യ മത്സരത്തില്‍ മഴനിയമപ്രകാരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പഞ്ചാബ് കിംഗ്‌സ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഭാനുക രജപക്‌സെ(50), ശിഖര്‍ ധവാന്‍(40) എന്നിവരുടേയും അവസാന ഓവറുകളില്‍ 17 പന്തില്‍ 26 നേടിയ സാം കറന്‍റേയും കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് 16 ഓവറില്‍ ഏഴ് വിക്കറ്റിന് 146ല്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. പഞ്ചാബിനായി അര്‍ഷ്‌ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ 19 പന്തില്‍ 35 എടുത്ത ആന്ദ്രേ റസലായിരുന്നു കെകെആറിന്‍റെ ടോപ് സ്‌കോറര്‍.
സിക്‌സടിച്ച് റെക്കോര്‍ഡിടാന്‍ സഞ്ജു, മലിംഗയെ മറികടക്കാന്‍ ചഹല്‍, ഇരട്ട നേട്ടത്തിനരികെ ബട്‌ലര്‍