ഗുവാഹത്തി രാജസ്ഥാൻ റോയൽസിന്‍റെ രണ്ടാം ഹോം ഗ്രൗണ്ട്, സഞ്ജു സാംസണും കൂട്ടര്‍ക്കും വലിയ ആരാധക പിന്തുണ കിട്ടും, കാരണമുണ്ട്
ഗുവാഹത്തി: ഐപിഎല്ലിൽ ഇന്നത്തെ മത്സരം അസമിലെ ഗുവാഹത്തിയിലാണ് നടക്കുന്നത്. ആദ്യമായാണ് ഐപിഎൽ മത്സരം വടക്കുകിഴക്കൻ മേഖലയിൽ നടക്കുന്നത്. രാജസ്ഥാൻ റോയൽസിന്‍റെ രണ്ട് മത്സരങ്ങളാണ് ഗുവാഹത്തിയിൽ നിശ്ചയിച്ചിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിക്കറ്റിന് വേരോട്ടം നൽകുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാൻ റോയൽസ് ഗുവാഹത്തി രണ്ടാം ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. രാജസ്ഥാൻ താരം റിയാൻ പരാഗ് അസം താരമാണ്. അതിനാല്‍ തന്നെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ ഹോം പിന്തുണ ലഭിക്കാനിടയുണ്ട്.
പതിനാറാം സീസണില്‍ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സഞ്ജു സാംസണിന്‍റെ നായകത്വത്തില്‍ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. പഞ്ചാബ് കിംഗ്‌സുമായുള്ള പോരാട്ടം ഗുവാഹത്തിയിൽ വൈകിട്ട് ഏഴരയ്ക്ക് ആരംഭിക്കും. സീസണില്‍ ആദ്യ മത്സം ജയിച്ച് തുടങ്ങിയ ടീമുകളാണ് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്‌സും. സന്തുലിതവും ശക്തമായ സ്‌ക്വാഡുമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും സഞ്ജു സാംസണും കഴിഞ്ഞ കളിയിലെ അർധസെഞ്ചുറിയോടെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ട്രെന്‍റ് ബോൾട്ടിന്‍റെ വേഗവും യുസ്‍വേന്ദ്ര ചഹലിന്‍റെ സ്‌പിൻ മികവും രാജസ്ഥാനെ അപകടകാരികളാക്കും. ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, ആർ അശ്വിൻ എന്നിവർ കൂടി ഫോമിലേക്കെത്തിയാൽ രാജസ്ഥാന് ഇരട്ടി കരുത്താകും
അതേസമയം കൊൽക്കത്തയെ മഴനിയമത്തിന്‍റെ ആനുകൂല്യത്തിൽ മറികടന്നാണ് ശിഖർ ധവാന് നയിക്കുന്ന പഞ്ചാബ് കിംഗ്‌സ് വരുന്നത്. ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍ ലിയം ലിവിംഗ്സ്റ്റൺ ഇന്നുമിറങ്ങില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയുടെ സാന്നിധ്യം പഞ്ചാബിന് കരുത്താവും. പ്രഭ്സിമ്രാൻ സിംഗ്, ശിഖര്‍ ധവാൻ, ഭാനുക രജുപക്സെ, ജിതേഷ് ശർമ്മ എന്നിവരുടെ ബാറ്റുകളിലേക്കാണ് പഞ്ചാബ് റൺസിനായി ഉറ്റുനോക്കുന്നത്. സാം കറൺ, ഷാറൂഖ് ഖാൻ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകമാവും. ബൗളർമാർക്ക് കാര്യമായ പിന്തുണ കിട്ടാത്ത വിക്കറ്റാണ് ഗുവാഹത്തിയിലേത് എന്നാണ് ചരിത്രം.
Read more: വീണ്ടും ശ്രദ്ധാകേന്ദ്രം സഞ്ജു സാംസണ്‍; തുടര്‍ ജയം തേടി രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കളത്തില്‍