വിമര്‍ശനങ്ങളോട് കടക്ക് പുറത്ത്; പരാഗിനെ വീണ്ടും ഇലവനിലുള്‍പ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്

By Web Team  |  First Published Apr 19, 2023, 7:16 PM IST

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ പ്ലേയിംഗ് ഇലവന്‍ വന്നപ്പോള്‍ റിയാന്‍ പരാഗ് ടീമില്‍ തുടരുന്നതാണ് ആരാധകര്‍ കാണുന്നതാണ്


ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണില്‍ ഇതുവരെ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങാനാവാതെ പോയ മധ്യനിര ബാറ്ററാണ് റിയാന്‍ പരാഗ്. എന്നിട്ടും പരാഗില്‍ ടീം മാനേജ്‌മെന്‍റ് വിശ്വാസം തുടരുന്നതിനെതിരെ ശക്തമായ വിമര്‍ശനം കഴിഞ്ഞ കളികളില്‍ ഉയര്‍ന്നിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ റോയല്‍സ് ഇറങ്ങുമ്പോള്‍ പരാഗിനെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് നിലവധി ആരാധകര്‍ ആവശ്യപ്പെട്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്‍റ് ഈ വാദം മുഖവിലയ്‌ക്കെടുത്തില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ പ്ലേയിംഗ് ഇലവന്‍ വന്നപ്പോള്‍ റിയാന്‍ പരാഗ് ടീമില്‍ തുടരുന്നതാണ് ആരാധകര്‍ കാണുന്നതാണ്.

ടോസ് വേളയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരു മാറ്റം മാത്രമേ പ്ലേയിംഗ് ഇലവനില്‍ പറഞ്ഞുള്ളൂ. ഓസീസ് സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരം വിന്‍ഡീസ് പേസര്‍ ജേസന്‍ ഹോള്‍ഡര്‍ മടങ്ങിയെത്തുന്നു എന്നതായിരുന്നു ഇത്. ഈ സീസണിലെ നാല് കളികളില്‍ 39 റണ്‍സ് മാത്രമാണ് റിയാന്‍ പരാഗിന് നേടാനായത്. 9.75 ബാറ്റിംഗ് ശരാശരിയും 108.33 സ്ട്രൈക്ക് റേറ്റും മാത്രമുള്ളപ്പോള്‍ 20 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഫോമില്ലായ്‌മയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന മറ്റൊരു ബാറ്ററായ ദേവ്‌ദത്ത് പടിക്കലിനെ സബ്‌സ്റ്റിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയിലാണ് റോയല്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പടിക്കലിന് ഈ സീസണില്‍ 38 ആണ് ഉയര്‍ന്ന സ്കോര്‍ എങ്കില്‍ ആകെ നേടാനായത് നാല് മത്സരങ്ങളില്‍ നിന്ന് 87 റണ്‍സ് മാത്രമാണ്. 

Latest Videos

undefined

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ‌്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജേസന്‍ ഹോള്‍ഡര്‍, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍.  

ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍-ലഖ്‌നൗ മത്സരം. പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ വിജയവഴിയിൽ തിരിച്ചെത്താനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇറങ്ങുന്നതെങ്കില്‍ വിജയം തുടരാനാണ് രാജസ്ഥാന്‍ റോയല്‍സ് കൊതിക്കുന്നത്. ജയത്തോടെ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കുകയാണ് രാജസ്ഥാന്‍റെ ലക്ഷ്യം. കൊവിഡിന്‍റെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് റോയല്‍സ് ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. 

Read more: തിരിച്ചുവരുന്നു പ്രസിദ്ധ് ക‍ൃഷ്‌ണ? ഒടുവിലാ സസ്‌പെന്‍സ് പൊളിച്ച് രാജസ്ഥാന്‍ റോയല്‍സ്

click me!