സഞ്ജു നിറംമങ്ങി, അർഹിച്ച ജയം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്; ഫിനിഷിംഗ് മറന്ന് പരാഗും പടിക്കലും

By Web Team  |  First Published Apr 19, 2023, 11:23 PM IST

മറുപടി ബാറ്റിംഗില്‍ അനായാസ തുടക്കമാണ് യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയത്


ജയ്‌പൂര്‍: നാല് വർഷത്തിന് ശേഷം സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലേക്കുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ തിരിച്ചുവരവ് കണ്ണീരോടെ. ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനോട് അർഹിച്ച ജയം കളഞ്ഞുകുളിക്കുകയായിരുന്നു റോയല്‍സ്. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന റോയല്‍സിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ 20 ഓവറില്‍ 6 വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 10 റണ്‍സിനാണ് കെ എല്‍ രാഹുലും സംഘവും ജയിച്ചത്. യശസ്വി ജയ്‍സ്വാളും ജോസ് ബട്‍ലറും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം നായകന്‍ സഞ്ജു സാംസണും വെടിക്കെട്ട് വീരന്‍ ഷിമ്രോന്‍ ഹെറ്റ്മെയറും ബാറ്റിംഗ് പരാജയമായപ്പോള്‍ റിയാന്‍ പരാഗിനും ദേവ്‍ദത്ത് പടിക്കലിനും മത്സരം ഫിനിഷ് ചെയ്യാനായില്ല. 

മറുപടി ബാറ്റിംഗില്‍ അനായാസ തുടക്കമാണ് യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയത്. യശസ്വി ആക്രമണം ഏറ്റെടുത്തതോടെ പതിയെയായിരുന്നു ബട്‌ലറുടെ തുടക്കം. 12-ാം ഓവറിലെ മൂന്നാം പന്ത് വരെ 87 റണ്‍സ് നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവര്‍ക്കും നിലനിര്‍ത്താനായി. 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 44 റണ്‍സ് നേടിയ ജയ്‌സ്വാളിനെ മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താക്കിയാണ് ബ്രേക്ക് ത്രൂ നേടിയത്. തൊട്ടടുത്ത ഓവറില്‍ ബട്‍ലറുമായുള്ള ആശയക്കുഴപ്പത്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ സഞ്ജു സാംസണെ നിക്കോളാസ് പുരാനും അമിത് മിശ്രയും ചേര്‍ന്ന് റണ്ണൗട്ടാക്കി. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു ഇതോടെ നാല് പന്തില്‍ 2 റണ്ണുമായി മടങ്ങി. അടുത്ത ഓവറില്‍ ജോസ് ബട്‌ലര്‍ക്കും മടക്ക ടിക്കറ്റ് കിട്ടി. 41 പന്തില്‍ 40 നേടിയ ബട്‌ലറെ മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്‌ണോയിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. 

Latest Videos

undefined

ഫിനിഷിംഗ് മറന്ന് പടിക്കലും പരാഗും

ദേവ്‌ദത്ത് പടിക്കല്‍ നാലാമനായി ക്രീസിലെത്തിയപ്പോള്‍ അഞ്ചാമനും കഴിഞ്ഞ മത്സരങ്ങളിലെ വെടിക്കെട്ട് വീരനുമായ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ക്ക് പിഴച്ചു. 5 പന്തില്‍ 2 മാത്രം നേടിയ താരത്തെ ആവേശ് ഖാനാണ് പുറത്താക്കിയത്. ഇതിന് ശേഷം പടിക്കലും ജൂരെലും തുടരെ വിക്കറ്റുകള്‍ നഷ്ടമാക്കിയതോടെ രാജസ്ഥാന്‍ 10 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. 

ദേവ്‍ദത്ത് പടിക്കലും റിയാന്‍ പരാഗും ക്രീസില്‍ നില്‍ക്കേ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സാണ് റോയല്‍സിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ പരാഗ് ഫോർ നേടിയപ്പോള്‍ രണ്ടാം ബോളില്‍ ഒരു ലെഗ്ബൈ റണ്‍ ഓടിയെടുത്തു. എന്നാല്‍ മൂന്നാം പന്തില്‍ പടിക്കല്‍(21 പന്തില്‍ 26) വിക്കറ്റിന് പിന്നില്‍ പുരാന്‍റെ കൈകളിലെത്തി. നാലാം പന്തില്‍ ദീപക് ഹൂഡയുടെ തകർപ്പന്‍ ക്യാച്ചില്‍ ധ്രുവ് ജൂരെല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. അവശേഷിച്ച രണ്ട് പന്തുകളില്‍ 2, 1 റണ്‍സുകള്‍ മാത്രമേ അശ്വിന് നേടാനായുള്ളൂ. അശ്വിന്‍ 2 പന്തില്‍ 3* ഉം പരാഗ് 12 പന്തില്‍ 15* ഉം റണ്ണുമായി പുറത്താവാതെ നിന്നു. 16-ാം ഓവറിലെ രണ്ടാം പന്ത് മുതല്‍ ക്രീസില്‍ ഒന്നിച്ച് നിന്നിട്ടും ഇഴഞ്ഞും പന്ത് ബാറ്റില്‍ കൊള്ളാതെയും രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തില്‍ തോല്‍പിക്കുകയായിരുന്നു പടിക്കലും പരാഗും. 

വരിഞ്ഞുമുറുക്കി രാജസ്ഥാന്‍, പക്ഷേ, വെറുതെയായി

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 154 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 42 പന്തില്‍ 51 റണ്‍സെടുത്ത ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. മുട്ടിക്കളി തുടര്‍ന്ന രാഹുല്‍ 32 ബോളില്‍ 39 റണ്‍സുമായി മടങ്ങി. രാജസ്ഥാനായി രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും ട്രെന്‍ഡ് ബോള്‍ട്ടും ജേസന്‍ ഹോള്‍ഡറും സന്ദീപ് സിംഗും ഓരോ വിക്കറ്റും നേടി. നാല് ഓവറില്‍ 23 റണ്‍സിനാണ് അശ്വിന്‍റെ രണ്ട് വിക്കറ്റ്. ബോള്‍ട്ട് നാലോവറില്‍ 16 റണ്‍സേ വിട്ടുകൊടുത്തുള്ളൂ. അവസാന അഞ്ച് ഓവറുകളില്‍ ക്രീസിലുണ്ടായിരുന്ന നിക്കോളാസ് പുരാന്‍ 29 ഉം മാര്‍ക്കസ് സ്റ്റോയിനിസ് 21 ഉം റണ്‍സില്‍ മടങ്ങി. ആയുഷ് ബദോനി ഒന്നിനും ദീപക് ഹൂഡ രണ്ട് റണ്ണിനും യുധ്‌വീര്‍ സിംഗ് ഒന്നിനും മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ 4* റണ്ണുമായി ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ നിന്നു.

Watch Video: ത്രോ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, ധോണിയെ വെല്ലുന്നത്! കയ്യടി വാങ്ങി സഞ്ജു- വീഡിയോ

click me!