കുഞ്ഞ് യശസ്വി വലിയ റെക്കോര്‍ഡിനരികെ; നാഴികക്കല്ല് നോട്ടമിട്ട് ചാഹലും ഷമിയും

By Web Team  |  First Published May 5, 2023, 5:08 PM IST

ഐപിഎല്‍ 2023ല്‍ തകര്‍പ്പന്‍ ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍


ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുമ്പോള്‍ ഒരുപിടി താരങ്ങള്‍ റെക്കോര്‍ഡ‍ുകള്‍ക്ക് അരികെയാണ്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും നാഴികക്കല്ലുകള്‍ കാത്തിരിക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമിയും ഒരു നേട്ടത്തിന് അരികെയാണ്. 

ജയ്‌സ്വാള്‍ 25 റണ്‍സ് കൂടി നേടിയാല്‍...

Latest Videos

undefined

ഐപിഎല്‍ 2023ല്‍ തകര്‍പ്പന്‍ ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 124 റണ്‍സ് നേടിയ താരം ഐപിഎല്ലില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികച്ച താരങ്ങളില്‍ മൂന്നാമനാവാന്‍ തയ്യാറെടുക്കുകയാണ്. ഐപിഎല്ലില്‍ ഇതുവരെ 32 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജയ്‌സ്വാള്‍ 144.66 സ്ട്രൈക്ക് റേറ്റില്‍ 975 റണ്‍സ് നേടിയിട്ടുണ്ട്. ആയിരം റണ്‍സ് ക്ലബിലെത്താന്‍ താരത്തിന് 25 റണ്‍സ് കൂടി മതി. ഈ സീസണില്‍ 9 ഇന്നിംഗ്‌സുകളില്‍ റോയല്‍സിനായി 428 റണ്‍സാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. 

ഷമി ഷോ വന്നാല്‍...

സീസണില്‍ ഇതുവരെ 9 കളികളില്‍ 17 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞ പേസറാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മുഹമ്മദ് ഷമി. ഐപിഎല്‍ ചരിത്രത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയും ഷമിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. 13 ഇന്നിംഗ്‌സുകളില്‍ 18 വിക്കറ്റുകള്‍ നേടി. രാജസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് കരസ്ഥമാക്കിയ പേസര്‍മാരില്‍ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലിനൊപ്പം നിലവില്‍ റെക്കോര്‍ഡ് പങ്കിടുകയാണ് ഷമി. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഹര്‍ഷലിനെ ഷമിക്ക് മറികടക്കാം. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റ് നേടി ഫോമിലുള്ള ഷമിക്ക് ഈ റെക്കോര്‍ഡ് സ്വന്തമാക്കുക അത്ര പ്രയാസമാവില്ല. 

ഒരു വിക്കറ്റ് കാത്ത് ചാഹല്‍...

സീസണില്‍ മികച്ച തുടക്കം നേടിയെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ വിക്കറ്റ് നേടാന്‍ പാടുപെട്ട താരമാണ് റോയല്‍സ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ഐപിഎല്ലില്‍ ടൈറ്റന്‍സിനെതിരെ വീണ്ടും മുഖാമുഖം വരുമ്പോള്‍ മുമ്പ് ഹാര്‍ദിക് പാണ്ഡ്യയെ മൂന്ന് തവണ പുറത്താക്കിയിട്ടുണ്ട് ചാഹല്‍. ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോഴും പാണ്ഡ്യയുടെ വിക്കറ്റ് ചാഹലിനായിരുന്നു. ഒരിക്കല്‍ക്കൂടി പാണ്ഡ്യയെ മടക്കിയാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പാണ്ഡ്യയെ പുറത്താക്കിയ താരമെന്ന റെക്കോര്‍ഡ് ചാഹലിന്‍റെ പേരിലാകും. മൂന്ന് തവണ വീതം പുറത്താക്കിയ മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് നിലവില്‍ ചാഹല്‍. 

Read more: വീണ്ടും റാഷിദ് ഖാനെ ഹാട്രിക് സിക്‌സിന് പറത്തുമോ സഞ്ജു; ഈ മൂന്ന് താരപ്പോരുകള്‍ നോക്കിവച്ചോ

click me!