46 പന്തില്‍ 84! ചിന്നസ്വാമിയില്‍ പെരിയസ്വാമിയായി തിലക് വര്‍മ്മ; മുംബൈക്ക് മികച്ച സ്‌കോര്‍

By Web Team  |  First Published Apr 2, 2023, 9:31 PM IST

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 5.2 ഓവറിനിടെ 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മുംബൈക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു


ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 171 റണ്‍സെടുത്തു. തുടക്കത്തില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ മുംബൈയെ അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് രക്ഷിച്ചത്. തിലക് 46 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം 84* റണ്‍സെടുത്തു. നായകന്‍ രോഹിത് ശര്‍മ്മ വെറും ഒരു റണ്‍സില്‍ പുറത്തായി. 

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തകര്‍ച്ചയോടെയാണ് മുംബൈ ബാറ്റിംഗ് തുടങ്ങിയത്. 5.2 ഓവറിനിടെ 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മുംബൈക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ഓപ്പണര്‍ ഇഷാന്‍ കിഷനെ(13 പന്തില്‍ 10) മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേലിന്‍റെ കൈകളില്‍ എത്തിച്ചു. ഇതോടെ ആര്‍സിബി കുപ്പായത്തില്‍ സിറാജിന് 50 വിക്കറ്റുകളായി. പിന്നാലെ തൊട്ടടുത്ത ഓവറില്‍ കാമറൂണ്‍ ഗ്രീനെ(4 പന്തില്‍ 5) റീസ് ടോപ്‌ലി യോര്‍ക്കറില്‍ ബൗള്‍ഡാക്കി. വൈകാതെ രോഹിത് ശര്‍മ്മയുടെ ക്യാച്ച് സിറാജും ഡികെയും തമ്മിലുള്ള കൂട്ടയിടിയില്‍ പാഴാവുന്നത് മൈതാനത്ത് കണ്ടു. എന്നാല്‍ ഹിറ്റ്‌മാനെ(10 പന്തില്‍ 1) ആകാശ് ദീപ് വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളില്‍ ഭദ്രമാക്കി.

Latest Videos

മുംബൈ നന്ദി പറയേണ്ടത് തിലക് വര്‍മ്മയ്‌ക്ക് 

ഏറെ പ്രതീക്ഷകളുമായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 15 റണ്‍സുമായി മൈക്കല്‍ ബ്രേസ്‌വെല്ലിന് കീഴടങ്ങിയത് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായി. തിലക് വര്‍മ്മ ഒരറ്റത്ത് പിടിച്ചുനിന്നപ്പോള്‍ കരണ്‍ ശര്‍മ്മയുടെ പന്തില്‍ 101 മീറ്റര്‍ സിക്‌സര്‍ പറത്തിയ നെഹാല്‍ വധേര(13 പന്തില്‍ 21) തൊട്ടടുത്ത ബോളില്‍ കോലിയുടെ ക്യാച്ചില്‍ മടങ്ങി. കൂറ്റനടിക്കാരന്‍ ടിം ഡേവിഡിന്(4) ഏഴ് പന്തുകളുടെ ആയുസേ കരണ്‍ നല്‍കിയുള്ളൂ. എങ്കിലും പതര്‍ച്ചയില്ലാതെ കളിച്ച യുവതാരം തിലക് വര്‍മ്മ സിക്‌സോടെ 50 തികച്ചു. 31 പന്തിലായിരുന്നു തിലകിന്‍റെ ഫിഫ്റ്റി. 18-ാം ഓവറിലെ ആദ്യ പന്തില്‍ റിത്വിക് ഷൊക്കീനെ(3 പന്തില്‍ 5) ഹര്‍ഷലിന്‍റെ പന്തില്‍ ഡുപ്ലസി പറക്കും ക്യാച്ചില്‍ മടക്കി. കൂടുതല്‍ നഷ്‌ടമില്ലാതെ തിലകും(46 പന്തില്‍ 84*), അര്‍ഷാദ് ഖാനും(9 പന്തില്‍ 15*) തകര്‍പ്പനടികളോടെ മുംബൈയെ 171ല്‍ എത്തിച്ചു. 

Read more: അടിച്ചൊതുക്കിയും എറിഞ്ഞിട്ടും സഞ്ജുപ്പട; രാജസ്ഥാന് വമ്പന്‍ ജയം, ചഹലിന് നാല് വിക്കറ്റ്

click me!