10 പന്തില്‍ ഒരു റണ്ണുമായി ദയനീയ ദുരന്തമായപ്പോഴും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ഒരു നാഴികക്കല്ല് സ്വന്തമാക്കി
ഹൈദരാബാദ്: തോറ്റ് തുടങ്ങിയാണ് ശീലം, പിന്നാലെ കപ്പടിച്ചും. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് അവരുടെ ആരാധകര്‍ പറയുന്നത് ഇങ്ങനെയാണ്. എന്തായാലും ഈ ശീലത്തിന് പതിനാറാം സീസണിന്‍റെ തുടക്കത്തില്‍ മാറ്റമുണ്ടായിട്ടില്ല. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിന്‍റെ തോല്‍വി മുംബൈ ഇന്ത്യന്‍സ് വഴങ്ങി. ടീം തോറ്റപ്പോഴും ബാറ്റിംഗില്‍ 10 പന്തില്‍ ഒരു റണ്ണുമായി ദയനീയ ദുരന്തമായപ്പോഴും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ഒരു നാഴികക്കല്ല് സ്വന്തമാക്കി എന്നതാണ് കൗതുകകരം.
മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മ 2000 റണ്‍സ് പൂര്‍ത്തിയാക്കി. ആര്‍സിബിക്കെതിരെ നിറംമങ്ങിയപ്പോഴും മുംബൈ ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് താനെന്ന് ഊട്ടിയുറപ്പിക്കുകയാണ് രോഹിത് ശര്‍മ്മ ഇതിലൂടെ.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരുവേള 20 റണ്‍സിന് മൂന്നും 48ന് നാലും വിക്കറ്റ് നഷ്‌ടമായ മുംബൈ ഇന്ത്യന്‍സ് അഞ്ചാമനും യുവതാരവുമായ തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സെടുത്തു. തന്‍റെ 31-ാം പന്തില്‍ ഫിഫ്റ്റി തികച്ച തിലക് 46 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം 84* റണ്‍സുമായി പുറത്താവാതെ നിന്നു. നായകന്‍ രോഹിത് ശര്‍മ്മ ഒന്നില്‍ വീണപ്പോള്‍ ഇഷാന്‍ കിഷന്‍(10), കാമറൂണ്‍ ഗ്രീന്‍(5), സൂര്യകുമാര്‍ യാദവ്(15), നെഹാല്‍ വധേര(21), ടിം ഡേവിഡ്(4), റിത്വിക് ഷൊക്കീന്‍(5) എന്നിവരാരും തിളങ്ങിയില്ല.
മറുപടി ബാറ്റിംഗില്‍ വിരാട് കോലി, ഫാഫ് ഡുപ്ലസിസ് ഓപ്പണിംഗ് സഖ്യം 141 റണ്‍സ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തപ്പോഴേ ആര്‍സിബി ജയം ഉറപ്പിച്ചിരുന്നു. 43 പന്തില്‍ 73 റണ്‍സെടുത്ത ഫാഫിനെയും അക്കൗണ്ട് തുറക്കാതെ ഡികെയേയും പുറത്താക്കാനായി എന്നത് മാത്രമാണ് മുംബൈ ബൗളര്‍മാരുടെ നേട്ടം. വിരാട് കോലിയും(49 പന്തില്‍ 82*), ഗ്ലെന്‍ മാക്‌സ്‌വെല്ലും(3 പന്തില്‍ 12*) തകര്‍ത്തടിച്ചതോടെ ആര്‍സിബി 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം സ്വന്തമാക്കുകയായിരുന്നു.
കോലി-ഫാഫ് ഷോ, പതിവുപോലെ മുംബൈ തോറ്റ് തുടങ്ങി; 8 വിക്കറ്റിന് മലര്‍ത്തിയടിച്ച് ആര്‍സിബി