ഒരു വിക്കറ്റ് അവശേഷിക്കേ അവസാന പന്തില്‍ ഒരു ടീം ജയിക്കുന്നത് ഐപിഎല്ലില്‍ ഇത് രണ്ടാം തവണ മാത്രമാണ്
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നാടകീയ ജയം സ്വന്തമാക്കിയത് അവസാന പന്തിലായിരുന്നു. ഇന്നിംഗ്‌സിലെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു. ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തിലാണ് ലഖ്‌നൗ 213 റണ്‍സ് സ്വന്തമാക്കിയത്. ഇത്തരമൊരു വിജയം ഐപിഎല്‍ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്.
ഒരു വിക്കറ്റ് അവശേഷിക്കേ അവസാന പന്തില്‍ ഒരു ടീം ജയിക്കുന്നത് ഐപിഎല്ലില്‍ ഇത് രണ്ടാം തവണ മാത്രമാണ്. ഹൈദരാബാദില്‍ 2018ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സാണ് ഇത്തരത്തില്‍ മുമ്പ് ജയിച്ചിട്ടുള്ള ഏക ടീം.
undefined
213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് 23 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായിരുന്നു. ഇതിന് ശേഷം മാര്‍ക്കസ് സ്‌റ്റോയിനിസ്(30 പന്തില്‍ 65), നിക്കോളാസ് പുരാന്‍(19 പന്തില്‍ 62), ആയുഷ് ബദോനി(24 പന്തില്‍ 30) എന്നിവരുടെ ബാറ്റിംഗ് മത്സരത്തിന്‍റെ വഴി തിരിച്ചുവിട്ടു. വെടിക്കെട്ട് വീരന്‍ കെയ്‌ല്‍ മയേഴ്‌സ് പൂജ്യത്തിനും നായകന്‍ കെ എല്‍ രാഹുല്‍ 18നും ദീപക് ഹൂഡ 9നും ക്രുനാല്‍ പാണ്ഡ്യ പൂജ്യത്തിനും പുറത്തായി. 19-ാം ഓവറിലെ നാലാം പന്തില്‍ ബദോനിയും അവസാന ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്ക് വുഡും(1) അഞ്ചാം പന്തില്‍ ജയ്‌ദേവ് ഉനദ്‌കട്ടും(9) പുറത്തായിട്ടും ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന പന്തില്‍ ബൈ റണ്‍ ഓടി രവി ബിഷ്‌ണോയിയും ആവേശ് ഖാനും ടീമിനെ ജയിപ്പിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ വിരാട് കോലി(44 പന്തില്‍ 61), നായകന്‍ ഫാഫ് ഡുപ്ലെസിസ്(46 പന്തില്‍ 79*), ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(29 പന്തില്‍ 59) എന്നിവരുടെ കരുത്തിലാണ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് നേടിയത്. കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും നിക്കോളാസ് പുരാന്‍റെ വെടിക്കെട്ട് ആര്‍സിബിയുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുകയായിരുന്നു. മുഹമ്മദ് സിറാജും വെയ്‌ന്‍ പാര്‍നലും മൂന്ന് വീതവും ഹര്‍ഷല്‍ പട്ടേല്‍ രണ്ടും കരണ്‍ ശര്‍മ്മ ഒന്നും വിക്കറ്റ് നേടിയതൊന്നും ടീമിനെ തുണച്ചില്ല. കളി മാറ്റിമറിച്ച ഇന്നിംഗ്‌സുമായി പുരാനാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ചേസിംഗില്‍ സ്വന്തം നേട്ടം തകര്‍ത്ത് ലഖ്‌നൗ; രാജസ്ഥാന്‍റെ റെക്കോര്‍ഡ് വീഴ്‌ത്താനായില്ല