കോലിയെ തളയ്‌ക്കാന്‍ കെകെആര്‍ വിയര്‍ക്കും; പേസ‍ര്‍മാര്‍ അടി വാങ്ങി വലയുമെന്ന് കണക്കുകള്‍

By Web Team  |  First Published Apr 26, 2023, 3:29 PM IST

ഐപിഎല്‍ 2023ല്‍ പേസര്‍മാരുടെ 111 ബോളുകള്‍ വിരാട് കോലി നേരിട്ടപ്പോള്‍ 190 റണ്‍സാണ് അടിച്ചുകൂട്ടിയത്


ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടമാണ്. മത്സരത്തിനിറങ്ങുമ്പോള്‍ കെകെആറിനെ കാത്തിരിക്കുന്ന വെല്ലുവിളി ആര്‍സിബി ബാറ്റര്‍മാരുടെ മിന്നും ഫോമാണ്. വിരാട് കോലിയും ഫാഫ് ഡുപ്ലസിസും ഗ്ലെന്‍ മാക്‌സ്‌വെല്ലും തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശുമ്പോള്‍ കെകെആര്‍ ബൗളര്‍മാര്‍ പേടിക്കണം. പ്രത്യേകിച്ച് കൊല്‍ക്കത്തയുടെ പേസര്‍മാര്‍ കിംഗ് കോലിക്കെതിരെ സൂക്ഷിച്ചേ പന്തെറിയാന്‍ പാടുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഐപിഎല്‍ 2023ല്‍ പേസര്‍മാരുടെ 111 ബോളുകള്‍ വിരാട് കോലി നേരിട്ടപ്പോള്‍ 190 റണ്‍സാണ് അടിച്ചുകൂട്ടിയത്. പേസര്‍മാര്‍ക്കെതിരെ കിംഗിന്‍റെ സ്ട്രൈക്ക് റേറ്റ് 21 ഫോറും 8 സിക്‌സറുകളും സഹിതം 171.17. ബാറ്റിംഗ് ശരാശരി 95. അതിനാല്‍തന്നെ ഷര്‍ദ്ദുല്‍ ഠാക്കൂറും ഉമേഷ് യാദവും ആന്ദ്രേ റസലും അടങ്ങുന്ന കൊല്‍ക്കത്തന്‍ പേസ് നിര ഇന്ന് കോലിക്കെതിരെ കരുതിയാവും കളത്തിലെത്തുക. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. ഏഴ് വീതം കളികളില്‍ നാല് ജയവും എട്ട് പോയിന്‍റുമുള്ള ആര്‍സിബി അഞ്ചും രണ്ട് ജയം മാത്രം നേടാനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ടും സ്ഥാനത്ത് നില്‍ക്കുന്നു.

Latest Videos

undefined

എട്ടാം റൗണ്ട് മത്സരത്തിനിറങ്ങുമ്പോൾ ഇരു ടീമിനും ആശങ്കയാണ് കൂടുതൽ. റിങ്കു സിംഗിന്‍റെ അവിശ്വസനീയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ഗുജറാത്തിനെ തോൽപിച്ചതിന് ശേഷം ഇറങ്ങിയ നാല് കളിയിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തോറ്റിരുന്നു. അവസാന രണ്ട് കളിയും ജയിച്ചെങ്കിലും വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്സ്‍വെൽ എന്നിവരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അമിതമായി ആശ്രയിക്കുന്നത് ടീമിന് വെല്ലുവിളിയാണ്. പേസര്‍മാരായ മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും നന്നായി പന്തെറിയുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനാവുന്നില്ല.

Read more: ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂര്‍-കൊല്‍ക്കത്ത പോരാട്ടം, കോലി തന്നെ ഇന്നും ആര്‍സിബി നായകന്‍

click me!