'ആർആർആർ' വെടിക്കെട്ടിന് പിന്നാലെ തീയേറ്; ആർസിബിയെ വീഴ്ത്തി കെകെആർ

By Web Team  |  First Published Apr 26, 2023, 11:13 PM IST

മറുപടി ബാറ്റിംഗില്‍ പവർപ്ലേയ്ക്കിടെ മൂന്ന് വിക്കറ്റ് വീണത് ആർസിബിക്ക് തിരിച്ചടിയായി


ബെംഗളൂരു: ഐപിഎല്ലില്‍ സ്വന്തം മണ്ണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 21 റണ്‍സിന്‍റെ തോല്‍വി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവെച്ച 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആർസിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിരാട് കോലി ഫിഫ്റ്റി നേടിയെങ്കിലും ഗുണമുണ്ടായില്ല. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവർത്തി മൂന്നും ആന്ദ്രേ റസലും സുയാഷ് ശർമ്മയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി. സ്കോർ: കൊല്‍ക്കത്ത-200/5 (20), ബാംഗ്ലൂർ-179/8 (20). 

കോലിക്ക് ഫിഫ്റ്റി, ഫാഫിന് നിരാശ

Latest Videos

undefined

മറുപടി ബാറ്റിംഗില്‍ പവർപ്ലേയ്ക്കിടെ മൂന്ന് വിക്കറ്റ് വീണത് ആർസിബിക്ക് തിരിച്ചടിയായി. ഇംപാക്ട് പ്ലെയർ ഫാഫ് ഡുപ്ലസിസും(7 പന്തില്‍ 17), ഷഹ്ബാസ് അഹമ്മദും(5 പന്തില്‍ 2), ഗ്ലെന്‍ മാക്സ്‍വെല്ലും(4 പന്തില്‍ 5) 5.5 ഓവറിനിടെ മടങ്ങിയെങ്കിലും ടീം സ്കോർ 58 ഉണ്ടായിരുന്നു. പിന്നീട് വിരാട് കോലിയിലായി കണ്ണുകളെല്ലാം. തകർച്ചടിച്ച് വിരാട് കോലിയും മഹിപാല്‍ ലോംററും 11-ാം ഓവറില്‍ ടീമിനെ 100 കടത്തിയപ്പോള്‍ 33 പന്തില്‍ കിംഗ് ഫിഫ്റ്റി തികച്ചു. 34 പന്തില്‍ ഇരുവരും 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. തൊട്ടടുത്ത ബോളില്‍ വരുണ്‍ ചക്രവർത്തി മഹിപാലിനെ(18 പന്തില്‍ 34) റസലിന്‍റെ കൈകളില്‍ എത്തിച്ചു. ഇത് മത്സരത്തില്‍ വഴിത്തിരിവായി. 

ആന്ദ്രേ റസലിനെ 13-ാം ഓവറിലെ ആദ്യ പന്തില്‍ സിക്സ് പറത്താനുള്ള ശ്രമത്തിനിടെ കോലി(37 പന്തില്‍ 54) പുറത്തായതോടെ ആർസിബി 115-5 എന്ന നിലയില്‍ വീണ്ടും പരുങ്ങി. ദിനേശ് കാർത്തിക്കുമായുള്ള ഓട്ടത്തിനിടെ സുയാഷ് പ്രഭുദേശായി(9 പന്തില്‍ 10) 15-ാം ഓവറില്‍ റണ്ണൗട്ടായി. ഒരോവറിന്‍റെ ഇടവേളയില്‍ വനിന്ദു ഹസരങ്കയെ റസല്‍ പറഞ്ഞയച്ചു. അവസാന മൂന്ന് ഓവറിലെ 48 റണ്‍സ് വിജയലക്ഷ്യം നേരിടവേ വരുണ്‍ ചക്രവർത്തി 18-ാം ഓവറില്‍ ഡികെയെ(18 പന്തില്‍ 22) മടക്കി. ഡേവിഡ് വില്ലിക്കും, വിജയകുമാർ വൈശാഖിനും നേടാനാകുന്നതായിരുന്നില്ല പിന്നീടുള്ള ലക്ഷ്യം. 

ആർആർആർ വെടിക്കെട്ട്; റോയി, റാണ, റിങ്കു

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആര്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സെടുക്കുകയായിരുന്നു. ജേസന്‍ റോയിക്ക് പിന്നാലെ നായകന്‍ നിതീഷ് റാണയും അവസാന ഓവറുകളില്‍ റിങ്കു സിംഗും ഡേവിഡ് വീസും നടത്തിയ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്‌ക്ക് കരുത്തേകിയത്.

ആര്‍സിബിയുടെ പ്രധാന പേസര്‍ മുഹമ്മദ് സിറാജിന്‍റെ ആദ്യ ഓവറില്‍ എട്ട് റണ്‍സുമായാണ് ജേസന്‍ റോയിയും എന്‍ ജഗദീശനും ഇന്നിംഗ‌്‌സ് തുടങ്ങിയത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഓള്‍റൗണ്ടര്‍ ഷഹ്‌ബാദ് അഹമ്മദിനെ നാല് സിക്‌സിന് പറത്തി ടീമിനെ 66ല്‍ ഇരുവരും എത്തിച്ചു. ഇതില്‍ 48 റണ്‍സും റോയിയുടെ ബാറ്റില്‍ നിന്നായിരുന്നു. പിന്നാലെ 22 പന്തില്‍ റോയി തന്‍റെ ഫിഫ്റ്റി തികച്ചു. ഇരുവരുടേയും കൂട്ടുകെട്ട് 10-ാം ഓവറില്‍ മാത്രമാണ് ആര്‍സിബിക്ക് പൊളിക്കാനായത്. 29 പന്തില്‍ 27 നേടിയ എന്‍ ജഗദീശനെ വിജയകുമാര്‍ വൈശാഖ് മടക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജേസന്‍ റോയിയും(29 പന്തില്‍ 56) വൈശാഖിന്‍റെ ബൗളിംഗില്‍ കുറ്റി തെറിച്ച് മടങ്ങി.

ഇതിന് ശേഷം നിതീഷ് റാണയുടെ ക്യാച്ച് മുഹമ്മദ് സിറാജ് പാഴാക്കി. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വെങ്കടേഷ് അയ്യര്‍ക്കൊപ്പം ക്യാപ്റ്റന്‍ നിതീഷ് റാണ ക്രീസില്‍ നില്‍ക്കേ 131-2 എന്ന സ്കോറിലായിരുന്നു കെകെആര്‍. ഇതിന് ശേഷം ഇരുവരും തകര്‍ത്തടിച്ചെങ്കിലും ഹസരങ്കയുടെ 18-ാം ഓവറിലെ രണ്ടാം പന്തില്‍ നിതീഷ് റാണയും(21 പന്തില്‍ 48), നാലാം പന്തില്‍ വെങ്കടേഷ് അയ്യരും(26 പന്തില്‍ 31) മടങ്ങി. മുഹമ്മദ് സിറാജിന്‍റെ 19-ാം ഓവറില്‍ റിങ്കു സിംഗ് 15 റണ്ണടിച്ചെങ്കിലും അവസാന ബോളില്‍ ആന്ദ്രേ റസല്‍(2 പന്തില്‍ 1) യോര്‍ക്കറില്‍ വീണു. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ഓവറില്‍ ഡേവിഡ് വീസും റിങ്കു സിംഗും ചേര്‍ന്ന് 15 റണ്‍സ് നേടി. റിങ്കു 10 പന്തില്‍ 18* ഉം, വീസ് 3 പന്തില്‍ 12* ഉം റണ്ണുമായി പുറത്താവാതെ നിന്നു.  

Read more: അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ വിമര്‍ശിക്കുന്നവര്‍ കീബോര്‍ഡ് പോരാളികള്‍, ജീവിതത്തില്‍ പന്തെറിയാത്തവര്‍: ബ്രെറ്റ് ലീ

click me!