ഇനി കോലി ഐപിഎല്ലിലെ സെഞ്ചുറി രാജയും; ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു, മറ്റനേകം നേട്ടങ്ങളും സ്വന്തം

By Web Team  |  First Published May 21, 2023, 10:37 PM IST

ഐപിഎല്‍ കരിയറിലെ ഏഴാം സെ‌‌‌ഞ്ചുറിയാണ് കോലി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയത്


ബെംഗളൂരു: ഇനിയാര്‍ക്കും സംശയം വേണ്ടാ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗോട്ട് താന്‍ തന്നെ എന്ന് അരക്കിട്ടുറപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോലി. പതിനാറാം സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയ കോലി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ശതകങ്ങള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്തി. ഐപിഎല്‍ കരിയറിലെ ഏഴാം സെ‌‌‌ഞ്ചുറിയാണ് കോലി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയത്. ആറ് ഐപിഎല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത കോലി തന്‍റെ സമ്പാദ്യം ഏഴിലെത്തിച്ചു. അഞ്ച് സെഞ്ചുറികളുമായി രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറാണ് പട്ടികയില്‍ മൂന്നാമത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കോലിയുടെ പേരിലാണ്. 

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബാംഗ്ലൂരിന്‍റെ ഹോം ഗ്രൗണ്ടില്‍ 60 പന്തില്‍ മൂന്നക്കം തികയ്‌ക്കുകയായിരുന്നു വിരാട് കോലി. ഇതിനൊപ്പം മറ്റ് ചില നേട്ടങ്ങളും ചിന്നസ്വാമിയിലെ സെഞ്ചുറിയോടെ കോലി തന്‍റെ പേരിലെഴുതി. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ ശിഖര്‍ ധവാന്‍റെയും ജോസ് ബട്‌ലറുടേയും റെക്കോര്‍ഡിന് ഒപ്പമെത്തി. ധവാന്‍ 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും ബട്‌ലര്‍ 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനായുമാണ് തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ചുറികള്‍ തികച്ചത്. പുരുഷ ടി20 ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ വീതമുള്ള മൈക്കല്‍ ക്ലിങര്‍, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, എന്നിവര്‍ക്കൊപ്പം ഇടംപിടിക്കുകയും ചെയ്‌തു കോലി. 9 ശതകങ്ങളുമായി ബാബര്‍ അസമും 22 എണ്ണമുള്ള ക്രിസ് ഗെയ്‌ലും മാത്രമാണ് കിംഗിന് മുന്നിലുള്ളത്. 

Latest Videos

undefined

മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കോലിക്കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുത്തു. നായകന്‍ ഫാഫ് ഡുപ്ലസിസ് 19 പന്തില്‍ 28 ഉം ഗ്ലെന്‍ മാക്‌സ്‌വെല്‍ 5 പന്തില്‍ 11 ഉം മഹിപാല്‍ ലോംറര്‍ 3 പന്തില്‍ ഒന്നും മൈക്കല്‍ ബ്രേസ്‌വെല്‍ 16 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക് ഗോള്‍ഡന്‍ ഡക്കായി. 20 ഓവറും പൂര്‍ത്തിയായപ്പോള്‍ കോലിക്കൊപ്പം അനൂജ് റാവത്ത്(15 പന്തില്‍ 23*) പുറത്താവാതെ നിന്നു. ടൈറ്റന്‍സിനായി നൂര്‍ അഹമ്മദ് രണ്ടും മുഹമ്മദ് ഷമിയും യഷ് ദയാലും റാഷിദ് ഖാനും ഓരോ വിക്കറ്റും വീഴ്‌ത്തി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വിജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സിനെ പിന്നിലാക്കി ആര്‍സിബി പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാകും. 

Read more: ചിന്നസ്വാമിയില്‍ പെരിയ കിംഗായി കോലി, തുടര്‍ച്ചയായ സെഞ്ചുറി; ആര്‍സിബിക്ക് കൂറ്റന്‍ സ്കോര്‍

click me!