വിരാട് കോലിയുടെ പിന്‍ഗാമി അയാള്‍ തന്നെ, രോഹിത്തിനോടും സാമ്യം; യുവ താരത്തെ വാഴ്‌ത്തി റമീസ് രാജ

By Web Team  |  First Published Apr 15, 2023, 6:56 AM IST

ഐപിഎല്‍ 2023 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി തിളങ്ങുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ പേരാണ് റമീസ് രാജ പറയുന്നത്


മുംബൈ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് ഇന്ത്യയുടെ വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും പുലര്‍ത്തുന്ന സ്ഥിരത തന്നെ ഇതിന് കാരണം. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വിരാട് കോലി ആരായിരിക്കും. പാകിസ്ഥാന്‍ മുന്‍ നായകനും പിസിബി തലവനുമായിരുന്ന റമീസ് രാജയ്‌ക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ട്. 

ഐപിഎല്‍ 2023 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി തിളങ്ങുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ പേരാണ് റമീസ് രാജ പറയുന്നത്. ഇരുപത്തിമൂന്നുകാരനായ താരം ഇതിനകം നാല് മത്സരങ്ങളില്‍ 183 റണ്‍സ് നേടിക്കഴിഞ്ഞു. പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്തിന്‍റെ അവസാന ജയത്തില്‍ നിര്‍ണായകമായത് ഗില്ലിന്‍റെ അര്‍ധ സെഞ്ചുറിയായിരുന്നു. 49 പന്തില്‍ 67 റണ്‍സാണ് പഞ്ചാബിനെതിരെ താരം നേടിയത്. ഇതോടെയാണ് ഗില്ലിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി റമീസ് രാജ വാഴ്‌ത്തുന്നത്. മാത്രമല്ല, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നീ സൂപ്പര്‍ താരങ്ങളുമായി ഗില്ലിനെ താരതമ്യം ചെയ്യുകയും ചെയ്യുന്നു അദേഹം. 

Latest Videos

undefined

'ശുഭ്‌മാന്‍ ഗില്‍ പ്രതിഭയാണ്. അദേഹത്തിന് മുന്നില്‍ ഏറെ കരിയറുണ്ട്. സ്വാഭാവികമായി കളിക്കുന്ന താരം എന്നാണ് ബാറ്റിംഗ് കാണുമ്പോള്‍ മനസിലാവുന്നത്. ഡ്രൈവ് ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഷോട്ടില്‍ കര്‍വ് കാണാം. ഓഫ്‌സൈഡിലാണോ ഓണ്‍ സൈഡിലാണോ ഹുക്കിലൂടെയാണോ പുള്ളിലൂടെയാണോ റണ്‍സ് കണ്ടെത്തുന്നത് എന്നത് കാര്യമല്ല. മനോഹരവും ക്ലീനായുമായാണ് അദേഹം പന്ത് ഹിറ്റ് ചെയ്യുന്നത്. വിരാട് കോലിക്ക് ശേഷമുള്ള മികച്ച ബാറ്ററായി ഏറെപ്പേര്‍ ഗില്ലിനെ കാണുന്നു. ഗില്ലിന് നല്ല ടച്ചും ക്ലാസും എലഗന്‍സുമുണ്ട് രോഹിത് ശര്‍മ്മയെ പോലെ. സ്ഥി‍രതയോടെ ഗില്‍ കളിക്കുന്നു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി 20യിലും ഗില്‍ ബൗളര്‍മാര്‍ക്ക് മേല്‍ മേധാവിത്വം ഉറപ്പിക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ അയാള്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. ആകാശമാണ് ഗില്ലിന്‍റെ പരിധി' എന്നും റമീസ് രാജ തന്‍റെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു. 

Read more: ഇങ്ങനെ ജയിച്ചിട്ട് കാര്യമില്ല, ബാറ്റര്‍മാരെ പഴിച്ച് ഹാര്‍ദിക് പാണ്ഡ്യ; സ്വയം കൈകഴുകലോ?

click me!