അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ‍് വാര്‍ണര്‍ക്ക് (65) മാത്രമാണ് ക്യാപിറ്റല്‍സ് നിരയില്‍ മികവ് പുറത്തെടുക്കാനായുള്ളൂ. 38 റണ്‍സെടുത്ത ലളിത് യാദവും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാന് വേണ്ടി ട്രെൻഡ് ബോള്‍ട്ട് 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി.
ഗുവാഹത്തി: തുടര്‍ പരാജയങ്ങളുടെ ആഴത്തിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ തള്ളിയിട്ട് ഐപിഎല്‍ 2023 സീസണില്‍ രണ്ടാം വിജയം കുറിച്ച് രാജസ്ഥാൻ റോയല്‍സ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്തി 57 റണ്‍സിന്‍റെ വിജയമാണ് രാജസ്ഥാൻ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് എടുത്തത്. റോയല്‍സിന് വേണ്ടി ജോസ് ബട്‍ലറും (79) യശ്വസി ജയ്സ്‍വാളും (60) അര്‍ധ സെഞ്ചുറി നേടി.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷിമ്രോണ്‍ ഹെറ്റ്‍മെയറിന്‍റെ (39*) പ്രകടനവും നിര്‍ണായകമായി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ‍് വാര്‍ണര്‍ക്ക് (65) മാത്രമാണ് ക്യാപിറ്റല്‍സ് നിരയില്‍ മികവ് പുറത്തെടുക്കാനായുള്ളൂ. 38 റണ്‍സെടുത്ത ലളിത് യാദവും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാന് വേണ്ടി ട്രെൻഡ് ബോള്‍ട്ടും ചഹലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സൂപ്പര്‍ ഹീറോ ബട്‍ലര്‍, ഹീറോ ജയ്സ്‍വാള്‍
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയല്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മിന്നുന്ന തുടക്കമാണ് ലഭിച്ചത്. റോയല്‍സ് പവര്‍പ്ലേയില്‍ തകര്‍പ്പൻ അടിയുമായി കുതിച്ചു. പവര്‍ പ്ലേയിലെ ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 68 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. പരിക്ക് മൂലം കളിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്ന ബട്‍ലര്‍ ടീമിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ രാജസ്ഥാൻ ആരാധകര്‍ ആവേശത്തിലായിരുന്നു. അതിന് ചേര്‍ന്ന തുടക്കമാണ് ടീമിന് ലഭിച്ചതും. ഖലീല്‍ അഹമ്മദ്, ആന്‍റിച്ച് നോര്‍ജെ എന്നിവരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ടായിരുന്നു രാജസ്ഥാന്‍റെ തുടക്കം.
ജയ്സ്‍വാളായിരുന്നു കൂടുതല്‍ അപകടകാരി. നാലാമത്തെ ഓവറില്‍ തന്നെ ടീം സ്കോര്‍ 50ല്‍ എത്തി. എന്നാല്‍, എട്ടാം ഓവറില്‍ ജയ്സ്‍വാളിനെ മുകേഷ് കുമാര്‍ പുറത്താക്കി. 31 പന്തില്‍ 60 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പിന്നാലെ എത്തിയ സഞ്ജവിനും (0) റിയാൻ പരാഗിനും (7) കാര്യമായി ഒന്നും ചെയ്യാനായില്ല. കുല്‍ദീപ് യാദവിനെ സിക്സ് അടിക്കാനുള്ള സഞ്ജുവിന്‍റെ ശ്രമമാണ് പുറത്താകലില്‍ കലാശിച്ചത്. ആന്‍റിച്ച് നോര്‍ജെയാണ് ലോംഗ് ഓണില്‍ ക്യാച്ച് എടുത്തത്.
റോവ്‍മാൻ പവല്‍ പരാഗിന്‍റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. എന്നാല്‍, ഒരറ്റത്ത് പിടിച്ച നിന്ന് ജോസ് ബട്‍ലറിലായിരുന്നു രാജസ്ഥാന്‍റെ പ്രതീക്ഷകള്‍. തുടരെ മൂന്ന് വിക്കറ്റുകള്‍ പോയതോടെ ഡല്‍ഹി അധികം റണ്‍സ് വിട്ടുകൊടുക്കാതെ മത്സരത്തിലേക്ക് തിരികെ വന്നു. അവസാന ഓവറുകളായതോടെ ബട്‍ലറും ഷിമ്രോണ്‍ ഹെറ്റ്‍മെയറും തകര്‍ത്തടിച്ചതോടെയാണ് രാജസ്ഥാൻ വീണ്ടും ട്രാക്കിലായത്. 18-ാം ഓവറില്‍ മുകേഷ് കുമാറിന്‍റെ കിടലിൻ ത്രോയില്‍ അപ്രതീക്ഷിതമായി ബട്‍ലര്‍ റണ്‍ ഔട്ടാവുകയായിരുന്നു. പിന്നാലെയെത്തിയ ധ്രുവ് ജുറല്‍ ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ചാണ് തുടങ്ങിയത്. അവസാന ഓവറില്‍ ഹെറ്റ്‍മെയറിന്‍റെ സിക്സുകളും വന്നതോടെ രാജസ്ഥാൻ അനായാസം 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും നോര്‍ജെ 199ല്‍ പിടിച്ച് നിര്‍ത്തി.
ഡല്‍ഹിയുടെ ബോള്‍ട്ടിളകി
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒട്ടും ആഗ്രഹിക്കാത്ത തുടക്കമാണ് ലഭിച്ചത്. ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷാ രാജസ്ഥാൻ നായകൻ സഞ്ജുവിന്‍റെ കിടിലൻ ക്യാച്ചില്‍ പുറത്തായി. ട്രെൻഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സഞ്ജുവിന് ക്യാച്ച് നല്‍കി പൃഥ്വി ഷാ മടങ്ങുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ മനീഷ് പാണ്ഡെയെയും പുറത്താക്കി ബോള്‍ട്ട് ആഞ്ഞടിച്ചതോടെ ഡല്‍ഹി പരുങ്ങി. 12 പന്തില്‍ 14 റണ്‍സെടുത്ത റിലി റൂസൗവിനെ അശ്വിനും മടക്കിയതോടെ രാജസ്ഥാൻ ആവേശത്തിലായി.
ഒരറ്റത്ത് വിക്കറ്റ് കാത്തുസൂക്ഷിച്ച നായകൻ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ലളിത് യാദവ് ചേര്‍ന്നതോടെയാണ് ഡല്‍ഹി താളം കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റിയതോടെ സഞ്ജു തന്‍റെ തുറുപ്പ് ചീട്ടിനെ വീണ്ടും കളത്തിലിറക്കി. തന്‍റെ അവസാന ഓവറിലെ അവസാന പന്തില്‍ ലളിത് യാദവിന്‍റെ സ്റ്റംമ്പുകള്‍ തെറിപ്പിച്ചാണ് ബോള്‍ട്ട് ക്യാപ്റ്റന്‍റെ വിശ്വാസം കാത്തത്. 24 പന്തില്‍ 38 റണ്‍സാണ് ലളിത് യാദവ് നേടിയത്.
തുടര്‍ന്ന് വന്ന അക്സര്‍ പട്ടേലിനും റോവ്‍മാൻ പവലിനും അധികം നേരം ക്രീസില്‍ ചെലവഴിക്കാനുള്ള അവസരം റോയല്‍സ് നല്‍കിയില്ല. ഇതിനിടെ വാര്‍ണറെ മുരുകൻ അശ്വിൻ കുടുക്കിയെങ്കിലും സര്‍ക്കിളിലെ ഫീല്‍ഡര്‍മാരുടെ എണ്ണത്തിലെ പ്രശ്നം കാരണം അമ്പയര്‍ നോ ബോള്‍ വിളിച്ചു. എന്നാല്‍, വാര്‍ണര്‍ക്കും രക്ഷിക്കാനാവാത്ത വിധം ഡല്‍ഹിയില്‍ നിന്ന് മത്സരം കൈവിട്ട് പോയിരുന്നു. ഒടുവില്‍ ചഹല്‍ വാര്‍ണറെയും പുറത്താക്കിയതോടെ മിന്നുന്ന വിജയം തന്നെ രാജസ്ഥാൻ പേരിലെഴുതി.