സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും; പഞ്ചാബ് കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് മുഖാമുഖം

By Web Team  |  First Published Apr 13, 2023, 11:21 AM IST

വിജയവഴിയിൽ തിരിച്ചെത്താനാണ് ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിംഗ്‌സും മുഖാമുഖം വരുന്നത്


മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മൊഹാലിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

വിജയവഴിയിൽ തിരിച്ചെത്താനാണ് ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിംഗ്‌സും മുഖാമുഖം വരുന്നത്. 204 റൺസ് നേടിയിട്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ തോൽവിയുടെ ഞെട്ടലിലാണ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്. റിങ്കു സിംഗിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിന്‍റെ താളം തെറ്റിച്ചത്. പരിക്കിൽ നിന്ന് മോചിതനായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോൾ ജയവും തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത്. ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവരുടെ മികവിലാണ് ഗുജറാത്തിന്‍റെ പ്രതീക്ഷ. 

Latest Videos

undefined

സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് പഞ്ചാബ് ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. ക്യാപ്റ്റൻ ശിഖർ ധവാനെ അമിതമായി ആശ്രയിക്കുന്നതാണ് പ്രധാന ദൗർബല്യം. ഹൈദരാബാദിനെതിരെ 143 റൺസ് നേടിയപ്പോൾ 99ഉം ധവാന്‍റെ ബാറ്റിൽ നിന്നായിരുന്നു. ധവാനെപ്പോലെ വിശ്വസിക്കാവുന്നൊരു ബാറ്റർ പഞ്ചാബ് നിരയിലില്ല. ലിയം ലിവിംഗ്സ്റ്റൺ തിരിച്ചെത്തുന്നത് ടീമിന് കരുത്താകും. ടി20 ക്രിക്കറ്റിലെ സ്‌പിന്‍ മാന്ത്രികന്‍ റാഷിദ് ഖാനെതിരെ ലിവിംഗ്‌സ്റ്റണിന്‍റെ സ്ട്രൈക്ക് റേറ്റ് 173ആണ്. നഥാൻ എല്ലിസ്, അർഷ്‌ദീപ് സിംഗ് എന്നിവർക്കൊപ്പം സാം കറൺ, ഷാരൂഖ് ഖാൻ എന്നിവരുടെ ഓൾറൗണ്ട് മികവും പഞ്ചാബിന് നിർണായകമാകും. കാഗിസോ റബാഡയെ ഇംപാക്റ്റ് പ്ലെയറായെങ്കിലും കളത്തിലിറക്കാനും സാധ്യതയുണ്ട്. 

രാജസ്ഥാന്‍ മുന്നോട്ട്

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ചെപ്പോക്കില്‍ മൂന്ന് റൺസിന് രാജസ്ഥാൻ റോയല്‍സ് തോല്‍പിച്ചു. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 172 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഓൾറൗണ്ട് പ്രകടനം നടത്തിയ രവിചന്ദ്രൻ അശ്വിനാണ് കളിയിലെ താരം. അശ്വിന്‍ 22 പന്തില്‍ 30 റണ്‍സും നാല് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റും നേടി. 15 പന്തില്‍ 25* റണ്‍സുമായി ക്രീസില്‍ നിന്ന രവീന്ദ്ര ജഡേജയ്‌ക്കും 17 ബോളില്‍ 32* നേടിയ എം എസ് ധോണിക്കും ചെന്നൈയെ വിജയിപ്പിക്കാനായില്ല. ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്തി.

Read more: സിഎസ്‌കെയ്‌ക്ക് തോല്‍വിക്കൊപ്പം പരിക്കിന്‍റെ പരീക്ഷയും; താരത്തിന് കുറഞ്ഞത് 2 ആഴ്‌ച നഷ്‌ടമാകും

click me!