പഞ്ചാബ് കിംഗ്‌സിന് വമ്പന്‍ ആശ്വാസം; ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍ മടങ്ങിവരുന്നു

By Web Team  |  First Published Apr 10, 2023, 12:20 PM IST

പരിക്ക് കാരണം കഴിഞ്ഞ ഡിസംബര്‍ മുതല്‍ മത്സര ക്രിക്കറ്റ് ലിയാം ലിവിംഗ്‌സ്റ്റണിന് നഷ്‌ടമായിരുന്നു


മൊഹാലി: ഐപിഎല്‍ പതിനാറാം സീസണിനിടെ പഞ്ചാബ് കിംഗ്‌സിനും ആരാധകര്‍ക്കും പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്ത. പരിക്കിന്‍റെ പിടിയിലായിരുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ ടീമിനൊപ്പം ചേര്‍ന്നേക്കും. ഐപിഎല്ലില്‍ കളിക്കാന്‍ ലിവിംഗ്‌സ്റ്റണിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കല്‍ ക്ലിയറന്‍സ് 48 മണിക്കൂറിനുള്ളില്‍ ലഭിച്ചേക്കും എന്നാണ് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. 

പരിക്ക് കാരണം കഴിഞ്ഞ ഡിസംബര്‍ മുതല്‍ മത്സര ക്രിക്കറ്റ് ലിയാം ലിവിംഗ്‌സ്റ്റണിന് നഷ്‌ടമായിരുന്നു. പാകിസ്ഥാനിലെ ടെസ്റ്റ് അരങ്ങേറ്റത്തിനിടെ സംഭവിച്ച പരിക്കിന് ശേഷം ലിവിംഗ്സ്റ്റണിന് മത്സര ക്രിക്കറ്റ് കളിക്കാനായിട്ടില്ല. കാല്‍മുട്ടിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. നീണ്ട മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള സമയമാണിത്. ഉടന്‍ കാണാം... എന്നാണ് പഞ്ചാബ് കിംഗ്‌സിനെ ടാഗ് ചെയ്‌തുകൊണ്ട് ലിവിംഗ്‌സ്റ്റണിന്‍റെ ട്വീറ്റ്. ഇംഗ്ലീഷ് സഹതാരം ജോണി ബെയ്‌ര്‍സ്റ്റോ പരിക്കേറ്റ് കളിക്കാത്തതിനാലും സിംബാബ്‌വെന്‍ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ പരിക്കിന്‍റെ പിടിയിലാണ് എന്നതിനാലും മത്സരം ഒറ്റയ്‌ക്ക് കൊണ്ടുപോകാന്‍ കരുത്താനായ വെടിക്കെട്ട് ബാറ്ററായ ലിവിംഗ്‌സ്റ്റണിന്‍റെ മടങ്ങിവരവ് പഞ്ചാബ് കിംഗ്‌സിന് ആത്മവിശ്വാസം കൂട്ടും. 

Latest Videos

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 437 റണ്‍സ് നേടിയതിനൊപ്പം ആറ് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ഓഫ്‌സ്‌പിന്നും ലെഗ്‌സ്‌പിന്നും മാറിമാറി എറിയുന്ന ബൗളറാണ് ലിവിംഗ്സ്റ്റണ്‍. ഐപിഎല്‍ സീസണിലെ ആദ്യത്തെ തോല്‍വി വഴങ്ങി നില്‍ക്കുകയാണ് പ‍ഞ്ചാബ് കിംഗ്‌സ്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ എതിരാളികളായ സണ്‍റൈസേഴ്‌സ് എട്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. 20 ഓവറില്‍ പഞ്ചാബ് 9 വിക്കറ്റിന് നേടിയ 143 റണ്‍സ് സണ്‍റൈസേഴ്‌സ് 17.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്നു.  

It’s been a long couple months but it’s time to get back to work… see you soon 🙏❤️

— Liam Livingstone (@liaml4893)

പഞ്ചാബ് സ്‌ക്വാഡ്

ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), അഥര്‍വ തൈഡേ, ഭാനുക രജപക്സേ, ഹര്‍പ്രീത് സിംഗ്, ഷാരൂഖ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ബാല്‍തെജ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാഡ, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍, വിദ്വത് കവരെപ്പ, ലിയാം ലിവിംഗ്‌സ്റ്റണ്‍, മാത്യൂ ഷോര്‍ട്ട്, മൊഹിത് രത്തീ, രാജ് ബാവ, റിഷി ധവാന്‍, സാം കറന്‍, ശിവം സിംഗ്, സിക്കന്ദര്‍ റാസ, ജിതേഷ് ശര്‍മ്മ, പ്രഭ്‌സിമ്രാന്‍ സിംഗ്. 

Read More: ബ്രന്‍ഡന്‍ മക്കല്ലം, ആരോണ്‍ ഫിഞ്ച്, ഷാരുഖ്.. ആശംസാ പ്രവാഹത്തില്‍ ശ്വാസംമുട്ടി റിങ്കു സിംഗ്! പ്രഭ്‌സിമ്രാന്‍ സിംഗ്

click me!