വിരാട് കോലിയുടെ സെഞ്ചുറിക്ക് ശുഭ്മാൻ ഗില്ലിലൂടെ മറുപടി നൽകിയാണ് ടൈറ്റൻസിന്റെ ജയം
ബെംഗളൂരു: ഐപിഎൽ പതിനാറാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മോഹങ്ങൾ ഗുജറാത്ത് ടൈറ്റൻസ് തകർത്തതോടെ പ്ലേ ഓഫ് ചിത്രമായി. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനും ചെന്നൈ സൂപ്പർ കിംഗ്സിനും ലഖ്നൗ സൂപ്പർ ജയന്റ്സിനും പിന്നാലെ നാലാം ടീമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തി. ഗുജറാത്ത് ടൈറ്റൻസിനോട് അവസാന ലീഗ് മത്സരത്തിൽ ആറ് വിക്കറ്റിന്‍റെ തോൽവി വഴങ്ങിയതോടെയാണ് ആർസിബിയുടെ വഴിയടഞ്ഞത്. വിരാട് കോലിയുടെ സെഞ്ചുറിക്ക് ശുഭ്മാൻ ഗില്ലിലൂടെ മറുപടി നൽകിയാണ് ടൈറ്റൻസിന്റെ ജയം. 198 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ടൈറ്റൻസ് നേടി. ഗില്‍ 52 പന്തില്‍ 104* നേടി. സ്കോർ: ആർസിബി- 197/5 (20), ടൈറ്റൻസ്- 198-4 (19.1).
വീണ്ടും ഗില്‍
undefined
മറുപടി ബാറ്റിംഗില്‍ 14 പന്തില്‍ 12 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ മൂന്നാം ഓവറില്‍ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ വെയ്ന്‍ പാർലന്‍ ഒറ്റക്കൈയന്‍ ക്യാച്ചില്‍ മടക്കിയെങ്കിലു ശുഭ്മാന്‍ ഗില്ലും ഇംപാക്ട് പ്ലെയർ വിജയ് ശങ്കറും മികച്ച ഫോമിലായിരുന്നു. ഇരുവരും 11-ാം ഓവറില്‍ ടീമിനെ 100 കടത്തി. 28-ാം പന്തില്‍ 50 തികച്ച് ഗില്‍ സീസണിലെ അഞ്ചാം ഫിഫ്റ്റി കണ്ടെത്തി. പിന്നാലെ ശങ്കർ 34 പന്തിൽ അർധസെഞ്ചുറി കണ്ടെത്തി. ഇതിന് തൊട്ടടുത്ത പന്തിൽ ശങ്കറിനെ(35 പന്തിൽ 53) കോലി പറക്കും ക്യാച്ചിൽ പുറത്താക്കി. അവസാന അഞ്ചോവറിൽ എട്ട് വിക്കറ്റ് കയ്യിലിരിക്കേ 50 റൺസാണ് ടൈറ്റൻസിന് വേണ്ടിയിരുന്നത്. തൊട്ടടുത്ത ഓവറിൽ ദാസുൻ ശനകയെ(3 പന്തിൽ 0) ഹർഷൽ പട്ടേൽ പറഞ്ഞയച്ചു. ഇതിന് ശേഷം ഡേവിഡ് മില്ലറെ(7 പന്തില്‍ 6) സിറാജിന് പുറത്താക്കാനായെങ്കിലും 52 പന്തില്‍ തുടർച്ചയായ രണ്ടാം സെഞ്ചുറി തികച്ച ഗില്‍ സിക്സോടെ ടൈറ്റന്‍സിന് ജയമുറപ്പിച്ചു.
പാഴായി കിംഗിന്റെ ശതകം
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോലിക്കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സെടുക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിൽ വിരാട് മൂന്നക്കം കണ്ടു. ഏഴാം സെഞ്ചുറിയോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശതകങ്ങളുള്ള താരമെന്ന പദവി കോലി സ്വന്തമാക്കി. നായകന്‍ ഫാഫ് ഡുപ്ലസിസ് 19 പന്തില്‍ 28 ഉം ഗ്ലെന്‍ മാക്‌സ്‌വെല്‍ 5 പന്തില്‍ 11 ഉം മഹിപാല്‍ ലോംറര്‍ 3 പന്തില്‍ ഒന്നും മൈക്കല്‍ ബ്രേസ്‌വെല്‍ 16 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക് ഗോള്‍ഡന്‍ ഡക്കായി. 20 ഓവറും പൂര്‍ത്തിയായപ്പോള്‍ കോലിക്കൊപ്പം(61 പന്തില്‍ 101*), അനൂജ് റാവത്ത്(15 പന്തില്‍ 23*) പുറത്താവാതെ നിന്നു. ടൈറ്റന്‍സിനായി നൂര്‍ അഹമ്മദ് രണ്ടും മുഹമ്മദ് ഷമിയും യഷ് ദയാലും റാഷിദ് ഖാനും ഓരോ വിക്കറ്റും വീഴ്‌ത്തി.