എം എസ് ധോണിയുടെ ലെഗസിയുമായി താരതമ്യം ചെയ്യാന്‍ പോലും മറ്റാരെയുമാവില്ല എന്നാണ് ശാസ്‌ത്രിയുടെ നിരീക്ഷണം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്യാപ്റ്റനായി അഞ്ച് കിരീടങ്ങള്‍, 250 മത്സരങ്ങള്‍, അയ്യായിരത്തിലേറെ റണ്‍സ്. ഐപിഎല്ലില്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനില്ലാത്ത ഉയരത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ എം എസ് ധോണി എന്ന പടനായകന്‍. 41-ാം വയസിലും ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ മറ്റൊരു നായകന്‍ ഉണ്ടാകുമോ ഐപിഎല്ലില്‍ എന്ന് കാത്തിരുന്ന് തന്നെ അറിയണം. ഇതുതന്നെയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി പറയുന്നത്. ഐപിഎല്ലില്‍ എം എസ് ധോണിയുടെ ലെഗസിയുമായി താരതമ്യം ചെയ്യാന്‍ പോലും മറ്റാരെയുമാവില്ല എന്നാണ് ശാസ്‌ത്രിയുടെ നിരീക്ഷണം.
'ഐപിഎല്ലിലെ ധോണിയുടെ ലെഗസിക്കൊപ്പം മറ്റാര്‍ക്കും എത്താനാവില്ല. ചെന്നൈയിലും തമിഴ്‌നാടിലും 'തല' എന്നാണ് ധോണി അറിയപ്പെടുന്നത്. ഝാർഖണ്ഡില്‍ നിന്നുള്ള ഒരാള്‍ക്ക് ദക്ഷിണേന്ത്യയില്‍ സിഎസ്‌കെ ആരാധകരില്‍ നിന്ന് ലഭിക്കുന്ന സ്നേഹവും ബഹുമാനവും എം എസ് ധോണിയുടെ മഹത്വം വ്യക്തമാക്കുന്നു' എന്നും ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ രോഹിത് ശര്‍മ്മയ്‌ക്ക് ശേഷം അഞ്ച് കിരീടമുള്ള ഏക ക്യാപ്റ്റനാണ് സിഎസ്‌കെയുടെ എം എസ് ധോണി. 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളിലാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം സ്വന്തമാക്കിയത്.
undefined
ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഫൈനലില്‍ എതിരാളികളുടെ ഹോം മൈതാനത്ത് ഗുജറാത്ത് ടൈറ്റന്‍സിനെ മഴനിയമ പ്രകാരം അഞ്ച് വിക്കറ്റിന് തോല്‍പിച്ച് എം എസ് ധോണിയും സിഎസ്‌കെയും കിരീടം ഉയര്‍ത്തുകയായിരുന്നു. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തുകളില്‍ രവീന്ദ്ര ജഡേജയുടെ സിക്‌സറും ഫോറുമായി 5 വിക്കറ്റ് നഷ്‌ടത്തില്‍ ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ റെക്കോർഡിന് എം എസ് ധോണി ഒപ്പമെത്തി. ഐപിഎല്‍ കരിയറില്‍ അഞ്ച് കിരീടങ്ങള്‍ക്കൊപ്പം 250 കളികളില്‍ 38.79 ശരാശരിയിലും 135.92 സ്ട്രൈക്ക് റേറ്റിലും 24 ഫിഫ്റ്റികളോടെ 5082 റണ്‍സ് ധോണിക്കുണ്ട്.
Read more: ഐപിഎല്ലിലെ ധോണിയുടെ ഭാവി; ക്ലാസിക്ക് മറുപടിയുമായി ശിവം ദുബെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം