തലയും ചേട്ടനും മുഖാമുഖം വന്നു; ഐപിഎല്‍ കാഴ്‌ച്ചക്കാരില്‍ പുതിയ റെക്കോര്‍ഡ്

By Web Team  |  First Published Apr 13, 2023, 9:32 AM IST

എം എസ് ധോണിയും രവീന്ദ്ര ജഡേജയും അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യവേ 2.2 കോടി ആളുകളാണ് ജിയോ സിനിമയിലൂടെ മത്സരം തല്‍സമയം കണ്ടത്


ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം അവസാന പന്ത് വരെ ആവേശമായിരുന്നു. ചെപ്പോക്കിലെ ആവേശപ്പോരില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ മൂന്ന് റണ്‍സിന്‍റെ വിജയം നേടിയപ്പോള്‍ പുതിയ റെക്കോര്‍ഡ് കാഴ്‌ചക്കാരുടെ എണ്ണത്തില്‍ പിറന്നു എന്നതാണ് ശ്രദ്ധേയം. 

സിഎസ്‌കെയുടെ റണ്‍ ചേസില്‍ എം എസ് ധോണിയും രവീന്ദ്ര ജഡേജയും അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യവേ 2.2 കോടി ആളുകളാണ് ജിയോ സിനിമയിലൂടെ മത്സരം തല്‍സമയം കണ്ടത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മിലുള്ള മത്സരത്തിന് 1.8 കോടി കാഴ്‌ചക്കാര്‍ ജിയോ സിനിമയില്‍ ഒരേസമയം എത്തിയതിന്‍റെ റെക്കോര്‍ഡാണ് സിഎസ്‌കെ-റോയല്‍സ് മത്സരം തകര്‍ത്തത്. ആര്‍സിബിയുടെ അവസാന ഓവറുകളിലെ ഗ്ലെന്‍ മാക്‌സ്‌വെല്‍-ഫാഫ് ഡുപ്ലസിസ് സഖ്യത്തിന്‍റെ വെടിക്കെട്ട് കാണാന്‍ 1.8 കോടി ആരാധകര്‍ ഐപിഎല്‍ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലെത്തിയിരുന്നു. ധോണിയുടെ പേര് ഇക്കുറി കാഴ്‌ചക്കാരുടെ റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ സിഎസ്‌കെ നായകന്‍ മൂന്ന് പന്തുകള്‍ മാത്രം നേരിട്ടപ്പോള്‍ 1.7 കോടി കാഴ്‌ചക്കാര്‍ ജിയോ സിനിമയില്‍ എത്തിയിരുന്നു. 

Latest Videos

undefined

ചെപ്പോക്കിലെ പോരാട്ടം അവസാന ഓവറിലേക്ക് നീണ്ടപ്പോള്‍ ലൈവ് സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലേക്ക് ആരാധകരുടെ ഒഴുക്കുതന്നെയുണ്ടായി. 176 റണ്‍സ് വിജയലക്ഷ്യം സിഎസ്‌കെ പിന്തുടരവേ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ എം എസ് ധോണിയും രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍. സന്ദീപ് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളും വൈഡ് ആയപ്പോള്‍ വീണ്ടുമെറിഞ്ഞ ആദ്യ പന്തില്‍ ധോണിക്ക് റണ്‍സ് നേടാനായില്ല. എന്നാല്‍ രണ്ടാം പന്തും മൂന്നാം പന്തും ഗാലറിയിലെത്തിച്ച് ധോണി ആവേശം കൂട്ടി. തൊട്ടടുത്ത രണ്ട് പന്തുകളില്‍ സിംഗിളുകള്‍ മാത്രം സിഎസ്‌കെയ്‌ക്ക് നേടാന്‍ കഴിഞ്ഞപ്പോള്‍ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നായി. എന്നാല്‍ ധോണിക്ക് പതിവ് ശൈലിയില്‍ സിക്‌സോടെ മത്സരം ഫിനിഷ് ചെയ്യാനാകാതെ വന്നപ്പോള്‍ 20 ഓവറില്‍ 172-6 എന്ന നിലയില്‍ ചെന്നൈയുടെ പോരാട്ടം അവസാനിച്ചു. സിഎസ്‌കെ മൂന്ന് റണ്‍സിന്‍റെ തോല്‍വിയാണ് സ്വന്തം തട്ടകത്തില്‍ നേരിട്ടത്. 

Read more: വിസ്‌മയ ജയത്തിന്‍റെ സന്തോഷം പെട്ടെന്ന് അവസാനിച്ചു; സഞ്ജു സാംസണിന് കനത്ത തിരിച്ചടി

click me!