നിക്കോളാസ് പുരാനും ആയുഷ് ബദോനിയും ക്രീസില്‍ നില്‍ക്കേ 15 ഓവറില്‍ ലഖ്‌നൗ 150 തികച്ചിരുന്നു
ചെന്നൈ: ഐപിഎല്ലില്‍ ചെപ്പോക്കിലേക്കുള്ള മടങ്ങിവരവ് രാജകീയമാക്കി എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. എം എ ചിദംബരം സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 'തല' ഫാന്‍സിനെ സാക്ഷിയാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 12 റണ്‍സിന് സിഎസ്‍കെ തോല്‍പിച്ചു. 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് 20 ഓവറില്‍ 7 വിക്കറ്റിന് 205 റണ്‍സെടുക്കാനേയായുള്ളൂ. നാല് ഓവറില്‍ 26 റണ്‍സിന് 4 വിക്കറ്റുമായി സ്‍പിന്നർ മൊയീന്‍ അലിയാണ് ചെന്നൈയുടെ ജയത്തില്‍ നിർണായകമായത്. തുഷാർ ദേശ്‍പാണ്ഡെ രണ്ടും മിച്ചല്‍ സാന്‍റ്നർ ഒന്നും വിക്കറ്റ് നേടി.
അടിക്ക് തിരിച്ചടി, മയേഴ്‌സിന് ഫിഫ്റ്റി
മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അതേ നാണയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മറുപടി കൊടുക്കുന്നതാണ് കണ്ടത്. ആദ്യ ഓവറിലെ അടി തുടങ്ങിയ കെയ്‌ല്‍ മയേഴ്‌സും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 79 റണ്‍സ് ചേര്‍ത്തു. പേസര്‍മാര്‍ അടിവാങ്ങി മടുത്തതോടെ സ്‌പിന്നര്‍മാരെ ഇറക്കിയാണ് ധോണി ബ്രേക്ക് ത്രൂ കണ്ടെത്തിയത്. കൂടുതല്‍ അപകടകാരിയായ മയേഴ്‌സ് 21 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണ് മയേഴ്സിന്‍റേത്. എന്നാല്‍ മയേഴ്സ് ഇതേ ഓവറില്‍ തന്നെ മൊയീന്‍ അലിയുടെ പന്തില്‍ കോണ്‍വേയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങി. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 80-1 എന്ന ശക്തമായ സ്‌കോറുണ്ടായിരുന്നു ലഖ്‌നൗവിന്.
കളി തിരിച്ച് മൊയീന്‍ അലി
ഏഴാം ഓവറില്‍ ദീപക് ഹൂഡയെ(6 പന്തില്‍ 2) മിച്ചല്‍ സാന്‍റ്നറും എട്ടാം ഓവറില്‍ കെ എല്‍ രാഹുലിനെ(18 പന്തില്‍ 20) മൊയീന്‍ അലിയും പുറത്താക്കിയതോടെ ട്വിസ്റ്റായി. 82.3 എന്ന നിലയില്‍ ലഖ്‌നൗ പരുങ്ങി. ടീം സ്കോർ 100 കടന്നതും ക്രുനാല്‍ പാണ്ഡ്യയേയും(9 പന്തില്‍ 9) അലി പറഞ്ഞയച്ചു. എന്നാല്‍ മാർക്കസ് സ്റ്റോയിനിസ്-നിക്കോളസ് പുരാന്‍ സഖ്യം തകർത്തടിച്ചതോടെ ലഖ്‌നൗ കളിയിലേക്ക് തിരിച്ചുവന്നു. വീണ്ടും ബ്രേക്ക് ത്രൂവുമായി സ്റ്റോയിനിസിനെ(18 പന്തില്‍ 21) അലി പിഴുതെറിഞ്ഞു. ഇതോടെ ചുമതലയെല്ലാം പുരാന്‍റെയും ഇംപാക്ട് പ്ലെയർ ആയുഷ് ബദോനിയുടേയും ചുമലിലായി.
നിക്കോളാസ് പുരാനും ആയുഷ് ബദോനിയും ക്രീസില്‍ നില്‍ക്കേ 15 ഓവറില്‍ ലഖ്‌നൗ 150 തികച്ചു. തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ സിക്സിന് ശ്രമിച്ച പുരാന്‍(18 പന്തില്‍ 32) അതിർത്തിയില്‍ സ്റ്റോക്സിന്‍റെ മിന്നും ക്യാച്ചില്‍ പുറത്തായി. ഇതിന് ശേഷം ആയുഷ് ബദോനിക്കും കൃഷ്ണപ്പ ഗൗതമിനും ടീമിനെ ജയിപ്പിക്കാനായില്ല. ബദോനി(18 പന്തില്‍ 23) മൂന്ന് പന്ത് ബാക്കിനില്‍ക്കേ പുറത്തായി. കൃഷ്ണപ്പ ഗൗതം 11 പന്തില്‍ 17* ഉം മാർക്ക് വുഡ് 3 പന്തില്‍ 10* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
വീണ്ടും റുതുരാജ്, ധോണി ഫിനിഷിംഗ്
നേരത്തെ, റുതുരാജ് ഗെയ്‌ക്‌വാദും ദേവോണ്‍ കോണ്‍വേയും തുടക്കമിട്ട വെടിക്കെട്ട് അമ്പാട്ടി റായുഡു അവസാന ഓവറുകളിലേക്ക് നീട്ടിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ സിഎസ്‌കെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സ് നേടി. ചെന്നൈക്കായി റുതുരാജ് അര്‍ധസെഞ്ചുറി സ്വന്തമാക്കി. ധോണിയുടെ മൂന്ന് പന്തിലെ 12ന് പുറമെ റുതുരാജ് ഗെയ്‌ക്‌വാദ് 57 ഉം ദേവോണ്‍ കോണ്‍വേ 47 ഉം ശിവം ദുബെ 27 ഉം മൊയീന്‍ അലി 19 ഉം ബെന്‍ സ്റ്റോക്‌സ് 8 ഉം അമ്പാട്ടി റായുഡു 27* ഉം രവീന്ദ്ര ജഡേജ 3 ഉം മിച്ചല്‍ സാന്‍റ്‌നര്‍ 1 ഉം റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ റുതുവും കോണ്‍വേയും 9.1 ഓവറില്‍ 110 റണ്‍സ് ചേര്‍ത്തു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയിയും മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് വീതം നേടി. ആവേശ് ഖാന്‍ ഒരാളെ മടക്കി.
Watch Video: കാണാത്തവര്‍ക്ക് കാണാം, കണ്ടവര്‍ക്ക് വീണ്ടും കാണാം; വുഡിനെ 6, 6 പറത്തി ധോണി- വീഡിയോ