ജമ്മു ആന്‍ഡ് കശ്‌മീരില്‍ നിന്നുള്ള മധ്യനിര ബാറ്ററും സ്‌പിന്‍ ഓള്‍റൗണ്ടറുമാണ് വിവ്രാന്ത് ശര്‍മ്മ
മുംബൈ: ഐപിഎല്‍ പതിനാറാം സീസണിന്‍റെ അവസാന ഘട്ടത്തില്‍ ആരും ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ച് കാണില്ല. സീസണില്‍ ടീമിന്‍റെ അവസാന ലീഗ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അരങ്ങേറി തകര്‍പ്പന്‍ ഫിഫ്റ്റിയും റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് വിവ്രാന്ത് ശര്‍മ്മ എന്ന ഇരുപത്തിമൂന്ന് വയസുകാരന്‍. അതോടെ വിവ്രാന്ത് ശര്‍മ്മയെ കുറിച്ചുള്ള വിവരങ്ങള്‍ തെരയുകയാണ് ഗൂഗിളില്‍ ആരാധകര്‍.
ജമ്മു ആന്‍ഡ് കശ്‌മീരില്‍ നിന്നുള്ള മധ്യനിര ബാറ്ററും സ്‌പിന്‍ ഓള്‍റൗണ്ടറുമാണ് വിവ്രാന്ത് ശര്‍മ്മ എന്നതാണ് ഏറ്റവും പ്രധാന പ്രത്യേകത. ഇത്തവണത്തെ മിനി താരലേലത്തില്‍ 2.6 കോടി രൂപ മുടക്കിയാണ് ഈ ജമ്മു ക്രിക്കറ്ററെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. 2021-22 സീസണില്‍ മുഷ്‌താഖ് അലി ട്രോഫിലൂടെ ടി20 ഫോര്‍മാറ്റില്‍ ജമ്മുവിനായി അരങ്ങേറിയ താരം ഒരു വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നെറ്റ് ബൗളറായി തുടര്‍ന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അടിസ്ഥാന വിലയുടെ 13 ഇരട്ടി തുകയ്‌ക്ക് സണ്‍റൈസേഴ്‌സ് താരത്തെ ലേലത്തില്‍ സ്വന്തമാക്കുന്നതാണ് ഏവരും കണ്ടത്. ഇത് ഐപിഎല്‍ പ്രേമികളെ അമ്പരപ്പിച്ചിരുന്നു.
undefined
2022-23 സീസണ്‍ വിജയ് ഹസാരെ ട്രോഫിയിലെ വെടിക്കെട്ട് പ്രകടനത്തോടെയാണ് വിവ്രാന്ത് ശര്‍മ്മ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഉത്തരാഖണ്ഡിനെതിരെ 124 പന്തില്‍ നേടിയ 154 റണ്‍സ് വിവ്രാന്തിനെ മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചു. ടൂര്‍ണമെന്‍റില്‍ ടീമിന്‍റെ ഉയര്‍ന്ന സ്കോറുകാരനായി മാറിയ വിവ്രാന്ത് 56.42 ശരാശരിയില്‍ 395 റണ്‍സ് അടിച്ചുകൂട്ടി. ഐപിഎല്‍ അരങ്ങേറ്റത്തിന് മുമ്പ് 9 ടി20 മത്സരങ്ങളില്‍ 191 റണ്‍സും മൂന്ന് ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റും പേരിലാക്കിയത് വിവ്രാന്തിന്‍റെ പ്രതിഭയ്‌ക്ക് തെളിവ്. 13 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. അബ്‌ദുല്‍ സമദ്, ഉമ്രാന്‍ മാലിക് എന്നിവരുടെ പാത പിന്തുടര്‍ന്നാണ് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിലൂടെ വിവ്രാന്ത് ശര്‍മ്മ വരവറിയിച്ചത്.
ജമ്മു ആന്‍ഡ് കശ്‌മീര്‍ ഇടംകയ്യന്‍ ബാറ്ററും സഹോദരനുമായ വിക്രാന്ത് ശര്‍മ്മയുടെ വഴിയേയാണ് വിവ്രാന്ത് ക്രിക്കറ്റിലേക്ക് എത്തിയത്. വിവ്രാന്ത് ശര്‍മ്മയ്‌ക്ക് 14 വയസ് മാത്രമുള്ളപ്പോള്‍ പിതാവ് സുശീല്‍ ശര്‍മ്മ കരള്‍ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. വലംകൈയന്‍ ബാറ്ററായാണ് ക്രിക്കറ്റ് കളിച്ച് തുടങ്ങിയതെങ്കിലും സഹോദരനെ മാതൃകയാക്കി പിന്നീട് ഇടംകൈയന്‍ ബാറ്ററും ലെഗ് സ്‌പിന്‍ ബൗളറുമായി മാറുകയായിരുന്നു വിവ്രാന്ത് ശര്‍മ്മ. ഐപിഎല്‍ അരങ്ങേറ്റത്തില്‍ ശക്തരായ മുംബൈ ഇന്ത്യന്‍സിനെതിരെ 47 പന്തില്‍ 9 ഫോറും 2 സിക്‌സറും സഹിതം 69 റണ്‍സെടുത്ത് വിവ്രാന്ത് ശര്‍മ്മ തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം 13.5 ഓവറില്‍ 140 റണ്‍സ് ചേര്‍ത്താണ് വിവ്രാന്ത് മടങ്ങിയത്.