62 പന്തില്‍ 124! വാംഖഡെയില്‍ ജയ്‌സ്വാള്‍ തീ, രാജസ്ഥാന്‍ റോയല്‍സിന് 212 റണ്‍സ്; നിരാശനാക്കി സഞ്ജു

By Web Team  |  First Published Apr 30, 2023, 9:35 PM IST

മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സിന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇടിവെട്ട് തുടക്കമാണ് നല്‍കിയത്


മുംബൈ: എല്ലാ ക്രഡിറ്റും യശസ്വി ജയ്‌സ്വാളിന്... ഐപിഎല്‍ പതിനാറാം സീസണിലെ മെഗാ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്കോര്‍. കരിയറിലെ കന്നി സെഞ്ചുറിയുമായി വാംഖഡെ സ്റ്റേഡിയത്തില്‍ ആളിപ്പടര്‍ന്ന ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് റോയല്‍സിനെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സിലെത്തിച്ചത്. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചു. സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കിയപ്പോള്‍ രാജസ്ഥാന്‍ ഇന്നിംഗ്‌സിന്‍റെ നെടുംതൂണായി മാറുകയായിരുന്നു യുവതാരം. 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം യശസ്വി ജയ്‌സ്വാള്‍ 124 റണ്‍സ് നേടി. 

മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സിന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇടിവെട്ട് തുടക്കമാണ് നല്‍കിയത്. കാമറൂണ്‍ ഗ്രീനിന്‍റെ ആദ്യ ഓവറിലെ നാലാം പന്ത് ഗ്യാലറിയിലെത്തിച്ച് ജയ്‌സ്വാള്‍ വരാനിരിക്കുന്നതിന്‍റെ സൂചന നല്‍കി. അഞ്ചാം ഓവറില്‍ യശസ്വി ജയ്‌സ്വാള്‍-ജോസ് ബട്‌ലര്‍ സഖ്യം ടീമിനെ 50 കടത്തി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 65 റണ്‍സുണ്ടായിരുന്നു റോയല്‍സിന്. ഇതിന് ശേഷം എട്ടാം ഓവറിലെ ആദ്യ പന്തില്‍ പീയുഷ് ചൗള, ജോസ് ബട്‌ലറെ(19 പന്തില്‍ 18) രമണ്‍ദീപ് സിംഗിന്‍റെ കൈകളില്‍ എത്തിച്ചു. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തി നേരിട്ട ആദ്യ പന്തില്‍ ചൗളയെ ലോംഗ് ഓണിന് മുകളിലൂടെ സിക്‌സര്‍ പറത്തി സഞ്ജു സാംസണ്‍ മറുപടി കൊടുത്തു. 

Latest Videos

undefined

പക്ഷേ സഞ്ജുവിന് അധിക നേരം ക്രീസില്‍ തുടരാനായില്ല. 10-ാം ഓവറിലെ അഞ്ചാം പന്തില്‍ അര്‍ഷാദ് ഖാന്‍ സഞ്ജുവിനെ(10 പന്തില്‍ 14) തിലക് വര്‍മ്മയുടെ കൈകളില്‍ എത്തിച്ചു. തൊട്ടുപിന്നാലെ ജയ്‌സ്വാള്‍ ഫിഫ്റ്റി തികച്ചപ്പോള്‍ ദേവ്‌ദത്ത് പടിക്കലിനെ(4 പന്തില്‍ 2) പീയുഷ് ചൗള ബൗള്‍ഡാക്കി. 11-ാം ഓവറില്‍ 100 കടന്ന റോയല്‍സ് ജേസന്‍ ഹോള്‍ഡറെ അഞ്ചാമനായി ഇറക്കിയെങ്കിലും താരം 9 പന്തില്‍ 11 റണ്‍സുമായി മടങ്ങി. ജോഫ്ര ആര്‍ച്ചറിനായിരുന്നു വിക്കറ്റ്. 16-ാം ഓവറില്‍ റോയല്‍സ് 150 കടന്നപ്പോള്‍ വെടിക്കെട്ട് വീരന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറെ(9 പന്തില്‍ 8) അര്‍ഷാദ് ഖാന്‍, സ്കൈയുടെ കൈകളില്‍ എത്തിച്ചതോടെ മുംബൈ ഇന്ത്യന്‍സിന് പ്രതീക്ഷയായി.  

ഫിനിഷറായി പേരെടുത്തിട്ടുള്ള ധ്രുവ് ജൂരെലിനും മുംബൈ വേഗം മടക്ക ടിക്കറ്റ് കൊടുത്തു. 3 പന്തില്‍ 2 നേടിയ ജൂരെലിനെ റിലി മെരിഡിത്താണ് പറഞ്ഞയച്ചത്. എന്നാല്‍ ഇതിലൊന്നും തളരാതെ കളിച്ച ജയ്‌സ്വാള്‍ 53 പന്തില്‍ സെഞ്ചുറി തികച്ചതോടെ രാജസ്ഥാന്‍ വീണ്ടും റണ്‍സ് വഴിയിലേക്കെത്തി. അര്‍ഷാദ് ഖാന്‍റെ അവസാന ഓവറില്‍ ഫോറോടെ ജയ്‌സ്വാള്‍ ടീം സ്കോര്‍ 200 കടത്തി. നാലാം പന്തില്‍ ജയ്‌സ്വാളിനെ പുറത്താക്കാന്‍ അര്‍ഷാദ് ഖാന് കഴിഞ്ഞെങ്കിലും അതിനകം താരം 124 റണ്‍സ് സ്കോര്‍ ചെയ്‌തിരുന്നു. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ 5 ബോളില്‍ എട്ട് റണ്‍സുമായും ട്രെന്‍ഡ് ബോള്‍ട്ട് അക്കൗണ്ട് തുറക്കാതെയും പുറത്താകാതെ നിന്നു. 

Read more: 20-ാം ഓവറിലെ സിക്‌സുകള്‍; റെക്കോര്‍ഡില്‍ 'തല' ബഹുദൂരം മുന്നില്‍

click me!