മൂന്നേ മൂന്ന് സിക്‌സുകള്‍; ഐപിഎല്ലില്‍ ചരിത്രമെഴുതാന്‍ ഹിറ്റ്‌മാന്‍, എബിഡിയുടെ റെക്കോര്‍ഡിനും ഭീഷണി

By Web Team  |  First Published Apr 22, 2023, 4:38 PM IST

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക


മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും തമ്മിലേറ്റ് മുട്ടുമ്പോള്‍ ശ്രദ്ധാകേന്ദ്രം ഹിറ്റ്‌മാന്‍. ഐപിഎല്ലില്‍ മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ രോഹിത് ശര്‍മ്മ 250 സിക്‌സറുകള്‍ ലീഗില്‍ പൂര്‍ത്തിയാകും. ഐപിഎല്ലില്‍ 250 സിക്‌സുകള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തും ഇതോടെ രോഹിത്. 247 സിക‌്‌സുകളാണ് ഹിറ്റ്‌മാന് നിലവിലുള്ളത്.

സിക്‌സര്‍ വേട്ടയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് മുന്നിലുള്ള രണ്ട് താരങ്ങളും വിദേശികളാണ്. 357 സിക്‌സുകളുമായി യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. 251 സിക്‌സുകളുമായി എ ബി ഡിവില്ലിയേഴ്‌സാണ് രണ്ടാമത്. ഗെയ്‌ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആര്‍സിബി ടീമുകള്‍ക്കായി കളിച്ചപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റേയും താരമായിരുന്നു എബിഡി. പഞ്ചാബ് കിംഗ്‌സിനെതിരെ നാല് സിക്‌സ് നേടിയാല്‍ ഡിവില്ലിയേഴ്‌സിന്‍റെ 251 എന്ന റെക്കോര്‍ഡിനൊപ്പമെത്തും ഹിറ്റ്‌മാന്‍. ഐപിഎല്‍ 2023 സീസണില്‍ അഞ്ച് മത്സരങ്ങളില്‍ 135 റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം. ഏഴ് സിക്‌സാണ് ഇതുവരെ നേടിയത്.

Latest Videos

undefined

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക. തുടക്കം പിഴച്ചെങ്കിലും ഹാട്രിക് ജയത്തിന്‍റെ കരുത്തിലാണ് മുംബൈ വാംഖഡെയില്‍ പഞ്ചാബിനെ കാത്തിരിക്കുന്നത്. കരുത്തുറ്റ ബാറ്റിംഗ് ലൈനപ്പില്‍ തന്നെയാണ് മുംബൈയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ എന്നിവര്‍ക്കൊപ്പം കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ടിം ഡേവിഡും കൂടി ക്രീസിലുറച്ചാല്‍ ഏത് ലക്ഷ്യവും മുംബൈ ഇന്ത്യന്‍സിന് മറികടക്കാനാകും. ബൗളിംഗില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്നും തുടരുമെന്ന് ഉറപ്പാണ്. എന്നാല്‍ പരിശീലനം ആരംഭിച്ചെങ്കിലും ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇന്ന് മുംബൈക്കായി കളിക്കാന്‍ സാധ്യതയില്ല. 

Read more: ആര്‍ച്ചര്‍ തിരിച്ചെത്തുമോ, ആകാംക്ഷയില്‍ ആരാധകര്‍; മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍

click me!