അവസാനിപ്പിച്ചത് 15 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്; അപൂര്‍വ നേട്ടത്തിനുടമയായി വെങ്കടേഷ് അയ്യര്‍

By Web Team  |  First Published Apr 17, 2023, 6:43 PM IST

മുംബൈ ഇന്ത്യൻസിനെതിരെ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു വെങ്കടേഷ് അയ്യര്‍


മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഞായറാഴ്‌ചത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ജയിച്ചെങ്കിലും കളിയിലെ താരമായത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വെങ്കടേഷ് അയ്യരായിരുന്നു. കൊൽക്കത്തൻ ഇന്നിംഗ്‌സിന്‍റെ നട്ടെല്ലായ വെങ്കടേഷ് അയ്യരുടെ സെഞ്ചുറി ഒരപൂര്‍വ്വ നേട്ടം സ്വന്തമാക്കി.

മുംബൈ ഇന്ത്യൻസിനെതിരെ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു വെങ്കടേഷ് അയ്യര്‍. വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ബൗളര്‍മാരെയെല്ലാം തല്ലിപ്പരത്തിയ അയ്യര്‍ അമ്പത്തിയൊന്ന് പന്തിൽ 9 സിക്‌സും ആറ് ഫോറും സഹിതം 104 റണ്‍സ് കുറിച്ചു. ഇതോടെ ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌‌സ് താരമായി മാറി വെങ്കിടേഷ് അയ്യര്‍. 2008ൽ പ്രഥമ ഐപിഎൽ മത്സരത്തിൽ ബ്രണ്ടൻ മക്കല്ലം സെഞ്ചുറി നേടിയ ശേഷം മറ്റൊരു കൊൽക്കത്തൻ താരത്തിനും ഇതുവരെ മൂന്നക്കം കടക്കാനായിരുന്നില്ല. മക്കല്ലത്തിന്‍റെ 15 കൊല്ലം നീണ്ട ഏകാന്തതയാണ് വെങ്കടേഷ് അയ്യര്‍ വാംഖഡെയിലെ ഇന്നിംഗ്‌സിലൂടെ മാറ്റിയെടുത്തത്. 2008ലെ കന്നി ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 73 പന്തില്‍ 10 ഫോറും 13 സിക്‌സും സഹിതം പുറത്താവാതെ 158* റണ്‍സുമായി അമ്പരപ്പിക്കുകയായിരുന്നു മക്കല്ലം. 

Latest Videos

undefined

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 185 റണ്‍സാണ് നേടിയത്. 51 പന്തില്‍ ആറ് ഫോറും 9 സിക്‌സും സഹിതം 104 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരാണ് കെകെആറിന്‍റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംപാക്‌ട് പ്ലെയറായി എത്തിയ രോഹിത് ശര്‍മ്മ 20 റണ്‍സില്‍ പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും(58) നായകന്‍ സൂര്യകുമാര്‍ യാദവും(43), തിലക് വര്‍മ്മയും(30), ടിം ഡേവിഡും(24*) മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 17.4 ഓവറില്‍ വിജയം സമ്മാനിക്കുകയായിരുന്നു. 

Read more: ജയത്തിന് പിന്നാലെ സൂര്യകുമാര്‍ യാദവിന് കനത്ത പിഴ; ഉരസിയ താരങ്ങള്‍ക്കും മുട്ടന്‍ പണി

click me!