കളി പഠിച്ച കളരിയില്‍ ഹാര്‍ദിക് പാണ്ഡ്യ; ഇന്ന് വാംഖഡെ നിന്ന് കത്തും, മുംബൈക്ക് ജീവന്‍മരണ പോരാട്ടം

By Web Team  |  First Published May 12, 2023, 9:16 AM IST

മുംബൈയുടെ കളരിയിൽ അടിയുംതടയും പഠിച്ച ഹാർദിക് പാണ്ഡ്യക്ക് കീഴിൽ ഗുജറാത്ത് ഏറ്റവും സ്ഥിരതയുള്ള ടീമായിക്കഴിഞ്ഞു


മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ച ഗുജറാത്തും പ്ലേ ഓഫിനായി പൊരുതുന്ന മുംബൈയും നേർക്കുനേർ വരുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. 

മുംബൈയുടെ കളരിയിൽ അടിയുംതടയും പഠിച്ച ഹാർദിക് പാണ്ഡ്യക്ക് കീഴിൽ ഗുജറാത്ത് ഏറ്റവും സ്ഥിരതയുള്ള ടീമായിക്കഴിഞ്ഞു. ഓപ്പണര്‍ ശുഭ്‌മാൻ ഗില്ലും വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലറും നയിക്കുന്ന ബാറ്റിംഗ് നിരയ്ക്കും പേസര്‍ മുഹമ്മദ് ഷമിയും വിസ്‌മയ സ്‌പിന്നര്‍ റാഷിദ് ഖാനും നയിക്കുന്ന ബൗളിംഗ് നിരയ്ക്കുമൊപ്പം ഹാർദിക്കിന്‍റെ ഓൾറൗണ്ട് മികവ് കൂടിയാവുമ്പോൾ ഗുജറാത്തിന് ആശങ്കയൊന്നുമില്ല. സീസണിലെ 11 കളിയില്‍ ഗില്‍ 469 റണ്‍സ് നേടിക്കഴിഞ്ഞു. ഇത്രതന്നെ മത്സരങ്ങളില്‍ 19 വീതം വിക്കറ്റുമായി ഷമിയും റാഷിദും മിന്നും ഫോമിലാണ്. ഇത്തവണ 10 കളിയില്‍ 277 റണ്‍സും മൂന്ന് വിക്കറ്റും ഹാര്‍ദിക്കിനുണ്ട്. 

Latest Videos

undefined

അഹമ്മദാബാദിലേറ്റ 55 റൺസ് തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. ഗുജറാത്തിന്‍റെ 207 റൺസ് പിന്തുടർന്ന മുംബൈയുടെ പോരാട്ടം 152ൽ അവസാനിക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റൺവരൾച്ച ആശങ്കയായി തുടരുന്നു. സൂര്യകുമാർ യാദവ് യഥാർഥ മികവിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. തിലക് വർമ്മ പരിക്ക് മാറിയെത്തിയാൽ ബാറ്റിംഗ് നിരയ്ക്ക് കരുത്താവും. ബൗളിംഗ് നിരയുടെ സ്ഥിരതയില്ലായ്‌മ മുംബൈയെ വലയ്ക്കുന്നുണ്ട്. ജസ്‌പ്രീത് ബുമ്രക്ക് പിന്നാലെ ജോഫ്ര ആർച്ചർ കൂടി മടങ്ങിയതോടെ പേസ് നിരയുടെ മുനയൊടിഞ്ഞു. ബാക്കിയുള്ള മൂന്ന് കളിയും ജയിച്ച് പ്ലേ ഓഫിലെ സ്ഥാനം ആധികാരികമാക്കുകയാണ് മുംബൈയുടെ ലക്ഷ്യം. 

Read more: ജയ്‌സ്വാളിനായി വിക്കറ്റ് കളഞ്ഞ ബട്‌ലറിലുണ്ട് രാജസ്ഥാന്‍റെ ഐക്യം, ചാഹല്‍ ഇതിഹാസം; വാക്കുകള്‍ സഞ്ജുവിന്‍റേത്

click me!