ഏഴായിരം അഴകിലേക്ക് വിരാട് കോലി; ഇന്നിറങ്ങുന്നത് കിംഗിന്‍റെ കസേര അരക്കിട്ടുറപ്പിക്കാന്‍

By Web Team  |  First Published May 1, 2023, 5:01 PM IST

ഐപിഎല്ലില്‍ ഇതുവരെ 231 മത്സരങ്ങളില്‍ 223 ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള വിരാട് കോലി 6957 റണ്‍സാണ് അടിച്ചുകൂട്ടിയിട്ടുള്ളത്


ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി ഇന്നിറങ്ങുന്നത് ചരിത്രം കുറിക്കാന്‍. 43 റണ്‍സ് കൂടി നേടിയാല്‍ കിംഗ് കോലിക്ക് ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്താം. നിലവില്‍ 6957 റണ്‍സാണ് കോലിയുടെ പേരിനൊപ്പമുള്ളത്. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ട് കളികളില്‍ 333 റണ്‍സുമായി അഞ്ചാമതുള്ള വിരാട് കോലിക്ക് നിലവിലെ ഫോം വച്ച് ഈ റെക്കോര്‍ഡിലെത്താന്‍ വലിയ പ്രയാസമുണ്ടാവില്ല. പതിനാറാം സീസണില്‍ 142.31 സ്‌ട്രൈക്ക് റേറ്റിലും 47.57 ബാറ്റിംഗ് ശരാശരിയിലുമാണ് കോലി കുതിക്കുന്നത്. 

ഐപിഎല്ലില്‍ ഇതുവരെ 231 മത്സരങ്ങളില്‍ 223 ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള വിരാട് കോലി 6957 റണ്‍സാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ കോലിയാണ് ഏറ്റവും മുന്നില്‍. 212 കളികളിലെ 211 ഇന്നിംഗ്‌സുകളില്‍ 6506 റണ്‍സുള്ള പഞ്ചാബ് കിംഗ്‌സ് താരം ശിഖര്‍ ധവാനാണ് രണ്ടാമത്. 170 ഇന്നിംഗ്‌സുകളില്‍ 6187 റണ്‍സുമായി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ മൂന്നാമത് നില്‍ക്കുന്നു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയാണ്(6063) ആറായിരം റണ്‍സ് ക്ലബിലുള്ള മറ്റൊരു താരം. ഐപിഎല്ലില്‍ അഞ്ച് സെഞ്ചുറികളും 49 അര്‍ധസെഞ്ചുറികളും കോലിക്കുണ്ട്. 

Latest Videos

undefined

വൈകിട്ട് ഏഴരയ്‌‌ക്കാണ് ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം തുടങ്ങുക. എട്ട് കളികളില്‍ 10 പോയിന്‍റുമായി നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ് എങ്കില്‍ എട്ട് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറാമതാണ്. ബെംഗളൂരുവിലെ തോൽവിക്ക് ലഖ്‌നൗവിൽ പകരംവീട്ടാനാണ് റോയൽ ചലഞ്ചേഴ്‌സ് ഒരുങ്ങുന്നത്. ചിന്നസ്വാമിയിലെ റണ്ണൊഴുകിയ കളിയിൽ ബാംഗ്ലൂരിന്‍റെ 212 റൺസ് ലഖ്‌നൗ അവസാന പന്തില്‍ മറികടക്കുകയായിരുന്നു. ആര്‍സിബിയെ ഇന്നും വിരാട് കോലി തന്നെ നയിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ക്യാപ്റ്റന്‍റെ തൊപ്പിയണിഞ്ഞുകൊണ്ട് 7000 റണ്‍സ് ക്ലബിലെത്തി കോലി തന്‍റെ റെക്കോര്‍ഡ് ഇരട്ടി മധുരമാക്കും. 

Read more: ഒച്ചിന്‍റെ വേഗമുള്ള കെ എല്‍ രാഹുല്‍ അല്ല ആര്‍സിബിക്കെതിരെ; മുന്‍ കണക്കുകള്‍ ആരാധകരെ ത്രില്ലടിപ്പിക്കും

click me!