ഒച്ചിന്‍റെ വേഗമുള്ള കെ എല്‍ രാഹുല്‍ അല്ല ആര്‍സിബിക്കെതിരെ; മുന്‍ കണക്കുകള്‍ ആരാധകരെ ത്രില്ലടിപ്പിക്കും

By Web Team  |  First Published May 1, 2023, 4:27 PM IST

ആര്‍സിബിക്കെതിരെ 13 ഇന്നിംഗ്‌സുകളില്‍ 145.03 സ്‌ട്രൈക്ക് റേറ്റില്‍ കെ എല്‍ രാഹുല്‍ 628 റണ്‍സ് ഇതുവരെ അടിച്ചുകൂട്ടിയിട്ടുണ്ട്


ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ സ്‌ട്രൈക്ക് റേറ്റിന്‍റെ പേരില്‍ വ്യാപക വിമര്‍ശനം കേള്‍ക്കുന്ന ബാറ്ററാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍. രാഹുല്‍ നേരത്തെ ഔട്ടാവുന്നതാണ് നല്ലതെന്ന് അദേഹത്തിന്‍റെ ആരാധകര്‍ പോലും സാമൂഹ്യമാധ്യമങ്ങളില്‍ വാദിക്കുന്നു. കാരണം രാഹുല്‍ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുന്തോറും ടീം സ്കോര്‍ കുറയുന്നു എന്നാണ് വിമര്‍ശനം. രാഹുല്‍ വേഗം പുറത്തായ മത്സരങ്ങളില്‍ ലഖ്‌നൗ മികച്ച സ്കോര്‍ കണ്ടെത്തുന്നു എന്നതിന് ഡാറ്റയുമുണ്ട്. എങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ ഇന്നിറങ്ങുമ്പോള്‍ ആര്‍സിബിക്കെതിരായ താരത്തിന്‍റെ മുന്‍ കണക്കുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 

ആര്‍സിബിക്കെതിരെ 13 ഇന്നിംഗ്‌സുകളില്‍ 145.03 സ്‌ട്രൈക്ക് റേറ്റില്‍ കെ എല്‍ രാഹുല്‍ 628 റണ്‍സ് ഇതുവരെ അടിച്ചുകൂട്ടിയിട്ടുണ്ട്. മൂന്ന് അര്‍ധസെഞ്ചുറിയും ഒരു സെ‌ഞ്ചുറിയും ബാംഗ്ലൂരിനെതിരെയുള്ളപ്പോള്‍ 69.78 ആണ് ബാറ്റിംഗ് ശരാശരി. അതേസമയം ഈ സീസണില്‍ എട്ട് ഇന്നിംഗ്‌സുകളില്‍ 274 റണ്‍സ് നേടിയപ്പോള്‍ 114.64 സ്ട്രൈക്ക് റേറ്റ് മാത്രമേ കെ എല്‍ രാഹുലിനുള്ളൂ. ബാറ്റിംഗ് ശരാശരി 34.25. ഇന്നിംഗ്‌സിലെ ആദ്യ ഓവര്‍ പതിവായി മെയ്‌‌ഡനാക്കുന്ന രാഹുല്‍ പവര്‍പ്ലേയില്‍ പോലും ആഞ്ഞടിക്കാന്‍ ശ്രമിക്കുന്നില്ല എന്ന വിമര്‍ശനം ഇതിനാലാണ് ശക്തമാകുന്നത്. ഈ സീസണിലെ 15 റണ്‍വേട്ടക്കാരുടെ പട്ടികയിലുള്ള ബാറ്റര്‍മാര്‍ക്കാര്‍ക്കും രാഹുനേക്കാള്‍ മോശം സ്‌ട്രൈക്ക് റേറ്റിലില്ല. 

Latest Videos

undefined

വൈകിട്ട് ഏഴരയ്‌‌ക്കാണ് ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം തുടങ്ങുക. എട്ട് കളികളില്‍ 10 പോയിന്‍റുമായി നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ് എങ്കില്‍ എട്ട് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറാമതാണ്. ബെംഗളൂരുവിലെ തോൽവിക്ക് ലഖ്‌നൗവിൽ പകരംവീട്ടാനാണ് റോയൽ ചലഞ്ചേഴ്‌സ് ഒരുങ്ങുന്നത്. ചിന്നസ്വാമിയിലെ റണ്ണൊഴുകിയ കളിയിൽ ബാംഗ്ലൂരിന്‍റെ 212 റൺസ് ലഖ്‌നൗ അവസാന പന്തില്‍ മറികടക്കുകയായിരുന്നു. 

Read more: ലഖ്‌നൗവിന് മുന്നറിയിപ്പ്; ഇന്ന് ആര്‍സിബി പേസാക്രമണത്തിന് മൂര്‍ച്ചയേറും 

click me!