20-ാം ഓവറില്‍ 4 വിക്കറ്റ്! രാഹുല്‍ പടിക്കല്‍ കലമുടച്ചു; അവിശ്വസനീയ തിരിച്ചുവരവില്‍ ഗുജറാത്തിന് ജയം

By Web Team  |  First Published Apr 22, 2023, 7:20 PM IST

അവസാന ഓവറില്‍ വേണ്ടിയിരുന്ന 12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കെ എല്‍ രാഹുലും ആയുഷ് ബദോനിയും ബാറ്റേന്തിയപ്പോള്‍ ട്വിസ്റ്റോട് ട്വിസ്റ്റ്


ലഖ്‌നൗ: ഐപിഎല്ലില്‍ അവിശ്വസനീയ തിരിച്ചുവരവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 15 ഓവറില്‍ 106-2 എന്ന ശക്തമായ നിലയിലായിരുന്നിട്ടും 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 7 വിക്കറ്റിന് 128 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നായകന്‍ കെ എല്‍ രാഹുല്‍ 61 പന്തില്‍ 68 റണ്‍സ് നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ മറന്നുപോയി. അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു രാഹുലിന്‍റെ മടക്കം. മോഹിത് ശര്‍മ്മയുടെ ഈ ഓവറില്‍ നാല് വിക്കറ്റുകള്‍ ലഖ്‌നൗവിന് നഷ്‌ടമായി. 

മറുപടി ബാറ്റിംഗില്‍ കെ എല്‍ രാഹുല്‍-കെയ്‌ല്‍ മെയേഴ്‌സ് സഖ്യം മികച്ച തുടക്കമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് നല്‍കിയത്. ഗുജറാത്ത് ടൈറ്റന്‍സ് പ്രതിരോധത്തിലായ പിച്ചില്‍ ഇരുവരും 6.3 ഓവറില്‍ 55 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്‌ടിച്ചു. 19 പന്തില്‍ 24 റണ്‍സ് നേടിയ മെയേഴ്‌സിനെ ബൗള്‍ഡാക്കി സ്‌പിന്നര്‍ റാഷിദ് ഖാന്‍ ബ്രേക്ക് ത്രൂ നല്‍കി. എങ്കിലും കെ എല്‍ രാഹുല്‍ 38 പന്തില്‍ അമ്പത് തികച്ചതോടെ ലഖ്‌നൗ അനായാസമായി വിജയിക്കും എന്ന് തോന്നിച്ചു. ഇതിന് ശേഷം ക്രുനാല്‍ പാണ്ഡ്യയെയും(23 പന്തില്‍ 23), നിക്കോളാസ് പുരാനെയും നൂര്‍ അഹമ്മദ് പുറത്താക്കിയതോടെ ഗുജറാത്ത് ടൈറ്റന്‍സ് അതിശക്തമായി മത്സരത്തിലേക്ക് മടങ്ങിവരുന്നതാണ് ഏവരും കണ്ടത്. അവസാന 30 പന്തില്‍ 30 റണ്‍സ് നേടാന്‍ ലഖ്‌നൗവിനായില്ല. ഡോട് ബോളുകളും വിക്കറ്റ് മഴയും പെയ്യുകയും ചെയ്‌തു. 

Latest Videos

undefined

കളി മാറിയ ഓവറുകള്‍

നൂര്‍ അഹമ്മദ് 15-ാം ഓവറില്‍ ഒന്നും ജയന്ത് യാദവ് 16-ാം ഓവറില്‍ മൂന്നും നൂര്‍ അഹമ്മദ് 17-ാം ഓവറില്‍ നാലും മോഹിത് ശര്‍മ്മ 18-ാം ഓവറില്‍ ആറും മുഹമ്മദ് ഷമി 19-ാം ഓവറില്‍ അഞ്ചും റണ്‍സ് മാത്രം വിട്ടുകൊടുത്തതോടെ ഗുജറാത്തിന് പ്രതീക്ഷയായി. അവസാന ഓവറില്‍ വേണ്ടിയിരുന്ന 12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കെ എല്‍ രാഹുലും ആയുഷ് ബദോനിയും ബാറ്റേന്തിയപ്പോള്‍ രണ്ടാം പന്തില്‍ രാഹുലിനെ(61 പന്തില്‍ 68) മോഹിത് ശര്‍മ്മ, ജയന്ത് യാദവിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഗോള്‍ഡന്‍ ഡക്കായി. തൊട്ടടുത്ത പന്തുകളില്‍ ആയുഷ് ബദോനിയും(6 പന്തില്‍ 8), ദീപക് ഹൂഡയും(2 പന്തില്‍ 2) റണ്ണൗട്ടായപ്പോള്‍ പ്രേരക് മങ്കാദും(0*), രവി ബിഷ്‌ണോയിയും(0*) പുറത്താവാതെ നിന്നു. 

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സാണ് നേടിയത്. 50 പന്തില്‍ 66 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യക്ക് പുറമെ 37 പന്തില്‍ 47 റണ്‍സ് സ്വന്തമാക്കിയ വൃദ്ധിമാന്‍ സാഹ മാത്രമേ ബാറ്റിംഗില്‍ തിളങ്ങിയുള്ളൂ. സാഹയുടെ സഹഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ രണ്ട് പന്തില്‍ പൂജ്യത്തിനും അഭിനവ് മനോഹര്‍ അഞ്ച് പന്തില്‍ മൂന്നിനും വിജയ് ശങ്കര്‍ 12 പന്തില്‍ പത്തിനും ഡേവിഡ് മില്ലര്‍ 12 പന്തില്‍ ആറിനും മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി രാഹുല്‍ തെവാത്തിയ പുറത്താവാതെ നിന്നു. ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതവും നവീന്‍ ഉള്‍ ഹഖും അമിത് മിശ്രയും ഓരോ വിക്കറ്റും നേടി. 
Read more: ലഖ്‌നൗവിനെതിരായ ഫിഫ്റ്റി; സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡിന് ഭീഷണിയായി ഹാര്‍ദിക് പാണ്ഡ്യ

click me!