പൊരുതിയത് ഹാര്‍ദ്ദിക്കും സാഹയും മാത്രം; ഗുജറാത്തിനെതിരെ ലഖ്നൗവിന് 136 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Apr 22, 2023, 5:19 PM IST

എട്ടാം ഓവറിലാണ് ഗുജറാത്ത് 50 കടന്നത്. ഒമ്പതാം ഓവറില്‍ രവി ബിഷ്ണോയിയെ സിക്സിന് പറത്തി ഹാര്‍ദ്ദിക് തിരിച്ചടിയുടെ സൂചനകള്‍ നല്‍കിയെങ്കിലും സ്ലോ പിച്ചില്‍ ബാറ്റിംഗ് എളുപ്പമായിരുന്നില്ല.


ലഖ്നൗ: ഐപിഎല്ലില്‍ ഗുജറാത്ത് സൂപ്പര്‍ ജയന്‍റ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സടിച്ചു.ഹാര്‍ദ്ദിക് 50 പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ വൃദ്ധിമാന്‍ സാഹ 37 പന്തില്‍ 47 റണ്‍സടിച്ചു. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയ്നിസും രണ്ട് വിക്കറ്റ് വീതമെടുത്തു.

തകര്‍ത്തടിക്കാനാവാതെ ഗുജറാത്ത്

Latest Videos

undefined

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. ക്രുനാല്‍ പാണ്ഡ്യയാണ് ഗില്ലിനെ(0) പൂജ്യനായി മടക്കിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യായായിരുന്നു. വൃദ്ധിമാന്‍ സാഹ തകര്‍ത്തടിച്ചെങ്കിലും തുടക്കത്തില്‍ ഹാര്‍ദ്ദിക് താളം കണ്ടെത്താന് പാടുപെട്ടതോടെ പവര്‍ പ്ലേയില്‍ ഗുജറാത്തിന് 40 റണ്‍സെ നേടാനായുള്ളു. പവര്‍ പ്ലേക്ക് ശേഷം സ്പിന്നര്‍മാരെവെച്ച് ലഖ്നൗ ഗുജറാത്തിനെ വരിഞ്ഞുമുറുക്കി.

എട്ടാം ഓവറിലാണ് ഗുജറാത്ത് 50 കടന്നത്. ഒമ്പതാം ഓവറില്‍ രവി ബിഷ്ണോയിയെ സിക്സിന് പറത്തി ഹാര്‍ദ്ദിക് തിരിച്ചടിയുടെ സൂചനകള്‍ നല്‍കിയെങ്കിലും സ്ലോ പിച്ചില്‍ ബാറ്റിംഗ് എളുപ്പമായിരുന്നില്ല. പതിനൊന്നാം ഓവറില്‍ വൃദ്ധിമാന്‍ സാഹയെ(37 പന്തില്‍ 47) വീഴ്ത്തി ക്രുനാല്‍ ഗുജറാത്തിനെ വീണ്ടും ബാക്ക് ഫൂട്ടിലാക്കി. അഭിനവ് മനോഹറിനും(5 പന്തില്‍ 3), വിജയ് ശങ്കറിനും(12 പന്തില്‍ 10) ക്രീസില്‍ അധികം ആയുസുണ്ടായില്ല.

പതിന‍ഞ്ചാം ഓവറില്‍ ഇരുവരും മടങ്ങുമ്പോള്‍ ഗുജറാത്ത് 92 റണ്‍സിലെത്തിയതേ ഉണ്ടായരുന്നുള്ളു. 16ഉം 17ഉം ഓവറുകളില്‍ 10 റണ്‍സ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. എന്നാല്‍ രവി ബിഷ്ണോയി എറിഞ്ഞ പതിനെട്ടാം ഓവറില്‍  രണ്ട് സിക്സ് അടക്കം 19 റണ്‍സടിച്ച ഹാര്‍ദ്ദിക് 44 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ അഞ്ച് റണ്‍സെ ഗുജറാത്തിന് നേടാനായുള്ളു.

സ്റ്റോയ്നിസ് എറിഞ്ഞ ഇരുപതാം ഓവറില്‍ സിക്സ് അടിച്ചു തുടങ്ങിയ ഹാര്‍ദ്ദിക് അടുത്ത പന്തില്‍ പുറത്തായതോടെ ഗുജറാത്തിന്‍റെ സ്കോര്‍ 135 റണ്‍സിലൊതുങ്ങി. ഡേവിഡ് മില്ലര്‍ 11 പന്തില്‍ ആറ് റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായപ്പോള്‍ രാഹുല്‍ തെവാട്ടിയ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ലഖ്നൗവിന് വേണ്ടി സ്റ്റോയ്നിസും ക്രുനാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന അഞ്ചോവറില്‍ 43 റണ്‍സ് മാത്രമാണ് ഗുജറാത്ത് നേടിയത്.

click me!